മകളുടെ ഘാതകരുടെ ശിക്ഷാ വിധിയറിഞ്ഞ് മടക്കം; മലയാളി മാധ്യമ പ്രവര്‍ത്തക സൗമ്യ വിശ്വനാഥന്‍റെ അച്ഛന്‍ അന്തരിച്ചു

Published : Dec 09, 2023, 05:04 PM IST
മകളുടെ ഘാതകരുടെ ശിക്ഷാ വിധിയറിഞ്ഞ് മടക്കം; മലയാളി മാധ്യമ പ്രവര്‍ത്തക സൗമ്യ വിശ്വനാഥന്‍റെ അച്ഛന്‍ അന്തരിച്ചു

Synopsis

സൗമ്യ വിശ്വനാഥന്‍റെ കൊലപാതക കേസില്‍ ഇക്കഴിഞ്ഞ നവംബര്‍ 25നാണ് നാലു പ്രതികളെ ജീവപര്യന്തം തടവിന് ശിക്ഷിച്ചുകൊണ്ട് കോടതി വിധി വന്നത്

ദില്ലി:മലയാളി മാധ്യമ പ്രവർത്തക സൗമ്യ വിശ്വനാഥന്‍റെ  അച്ഛൻ വിശ്വനാഥൻ(91) അന്തരിച്ചു. സൗമ്യ കൊല്ലപ്പെട്ട കേസിൽ നീണ്ട കാലത്തെ നിയമ പോരാട്ടത്തിലൂടെയാണ് വിശ്വനാഥൻ ശ്രദ്ധ നേടിയത് ഹൃദ്രോഗത്തെ തുടർന്നു ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. സംസ്‍കാര ചടങ്ങുകൾ ദില്ലിയിൽ നടന്നു. സൗമ്യ വിശ്വനാഥന്‍റെ കൊലപാതക കേസില്‍ ഇക്കഴിഞ്ഞ നവംബര്‍ 25നാണ് നാലു പ്രതികളെ ജീവപര്യന്തം തടവിന് ശിക്ഷിച്ചുകൊണ്ട് കോടതി വിധി വന്നത്. അഞ്ചാം പ്രതിക്ക് മൂന്നു വര്‍ഷം തടവും ഏഴു ലക്ഷം പിഴയും ദില്ലിയിലെ സാകേത് അഡീഷനല്‍ കോടതി വിധിച്ചിരുന്നു.

ബൈപ്പാസ് ശസ്ത്രക്രിയ നടത്തിയതിനാല്‍ വിധി വന്നദിവസം വിശ്വനാഥന് കോടതിയിലെത്താനായിരുന്നില്ല. സൗമ്യ കൊല്ലപ്പെട്ട് 15 വർഷങ്ങൾക്കുശേഷം നീണ്ട നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് ശിക്ഷാ വിധി പ്രഖ്യാപിച്ചത്. മകളുടെ കൊലപാതകത്തില്‍ നീതിക്കായി വര്‍ഷങ്ങളായി പോരാട്ട പാതയിലായിരുന്നു വിശ്വനാഥന്‍. ഇക്കഴിഞ്ഞ ഒക്ടോബർ പതിനെട്ടിനാണ് കേസിലെ അഞ്ച് പ്രതികളും കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത്.

പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി വിധി കേള്‍ക്കാന്‍ അന്ന് വിശ്വനാഥന്‍ എത്തിയിരുന്നു. 15 വർഷം ഒരു ചെറിയ സമയമല്ലെന്നും ജീവപര്യന്തം ശിക്ഷ ലഭിക്കണമെന്നാണ് ആഗ്രഹമെന്നുമായിരുന്നു വിശ്വനാഥന്‍ അന്ന് പ്രതികരിച്ചത്. വധശിക്ഷ നല്‍കിയാല്‍ ശിക്ഷ കുറഞ്ഞുപോകുമെന്നും തടവുശിക്ഷ തന്നെയാണ് ലഭിക്കേണ്ടതെന്നുമുള്ള നിലപാടായിരുന്നു അദ്ദേഹം സ്വീകരിച്ചിരുന്നത്. വിശ്വനാഥന്‍റെ നിശ്ചയദാര്‍ഢ്യവും നീണ്ട പോരാട്ടവും സൗമ്യ വധക്കേസില്‍ നിര്‍ണായകമായി മാറിയിരുന്നു.

മാധ്യമപ്രവർത്തക സൗമ്യ വിശ്വനാഥൻ കൊലക്കേസ്; 4പ്രതികൾക്ക് ജീവപര്യന്തം, 15വ‌ർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ വിധി

 

PREV
click me!

Recommended Stories

വിമാന സര്‍വീസുകളുടെ കൂട്ട റദ്ദാക്കലിലേക്ക് നയിച്ച അഞ്ച് കാരണങ്ങള്‍ വ്യക്തമാക്കി ഇൻഡിഗോ; പ്രതിസന്ധി അയയുന്നു
കേരളത്തിലെ തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണം; ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും, ലോക്സഭയിൽ ഇന്ന് ചര്‍ച്ച