
ദില്ലി: നിരവധി മലയാളി വിദ്യാർത്ഥികൾ ഇപ്പോഴും ജലന്തറിൽ കുടുങ്ങിക്കിടപ്പുണ്ടെന്ന് ദില്ലിയിലെത്തിയ മലയാളി വിദ്യാർത്ഥികൾ. ദില്ലിയിൽ നിന്നും നാട്ടിലെത്താൻ വിദ്യാർത്ഥികൾക്ക് പ്രതിസന്ധിയുണ്ടെന്നും ജലന്തറിൽ വിദേശ വിദ്യാർത്ഥികളുൾപ്പെടെ കുടുങ്ങി കിടക്കുകയാണെന്നും വിദ്യാർത്ഥികൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വിദേശത്തുനിന്നുള്ള വിദ്യാർത്ഥികളുടെ കാര്യത്തിൽ ഇതുവരെ തീരുമാനം ആയിട്ടില്ല.
പ്രതിസന്ധി സമയത്ത് വിമാന ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടിയിട്ടുണ്ടെന്നും ട്രെയിനുകളിൽ ടിക്കറ്റ് ലഭിക്കാനില്ലെന്നും വിദ്യാർത്ഥികൾ പറഞ്ഞു. ദില്ലിയെലെത്തിയ മലയാളി വിദ്യാർത്ഥികളുൾപ്പെടെ നാട്ടിലേക്കുള്ള യാത്രാ ടിക്കറ്റുകൾ സ്വന്തമായാണ് എടുത്തത്.
സംഘർഷ ബാധിതമായ അതിർത്തി സംസ്ഥാനങ്ങളിലെ യൂണിവേഴ്സിറ്റികളിൽ നിന്നും കേരളത്തിലേക്ക് മടങ്ങുന്ന മിക്ക വിദ്യാർത്ഥികൾ ഡൽഹി കേരള ഹൗസിലെത്തിയിട്ടുണ്ട്.
ജമ്മു, രാജസ്ഥാൻ, പഞ്ചാബ് എന്നിവിടങ്ങളിലെ വിവിധ കേന്ദ്ര - സംസ്ഥാന യൂണിവേഴ്സിറ്റികളിൽ നിന്നായി ഇന്നലെ രാത്രിയോടെയും ഇന്ന് പുലർച്ചെയുമായി എഴുപത്തഞ്ചോളം വിദ്യാർത്ഥികളാണ് കേരള ഹൗസിലെത്തിയത്.
സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ വിവിധ വിമാനങ്ങളിലും ട്രെയിനികളിലുമായി നാട്ടിലേക്ക് തിരിക്കും. സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ അതിർത്തി സംസ്ഥാനങ്ങളിലെ കേരളീയർക്കും മലയാളി വിദ്യാർഥികൾക്കും സഹായവും വിവരങ്ങളും ലഭ്യമാക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയൻ്റെ നിർദേശ പ്രകാരമാണ് ന്യൂഡൽഹി കേരള ഹൗസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നത്.
അഡീഷണൽ റെസിഡൻ്റ് കമ്മീഷണർ ചേതൻ കുമാർ മീണയുടെ നേതൃത്വത്തിൽ കൺട്രോളർ എ.എസ് ഹരികുമാർ, ലെയ്സൺ ഓഫീസർ രാഹുൽ കെ. ജെയ്സ്വാർ, നോർക്ക ഡെവല്പ്പമെൻ്റ് ഓഫീസർ ജെ. ഷാജിമോൻ, പി. ഡബ്ല്യു. ഡി അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ബി. ബൈജു അസിസ്റ്റൻ്റ് എഞ്ചിനീയർമാരായ എൻ. ശ്രീഗേഷ്, സി. മുനവർ ജുമാൻ, ടൂറിസം ഇൻഫർമേഷൻ ഓഫീസർ കെ. സുനിൽകുമാർ കെ.എസ് ഇ.ബി റെസിഡൻ്റ് എഞ്ചിനീയർ ഡെന്നീസ് രാജൻ
ഐ.& പി.ആർ ഡി അസിസ്റ്റൻ്റ് എഡിറ്റർ രതീഷ് ജോൺ, അസിസ്റ്റൻ്റ് ലെയ്സൺ ഓഫീസർമാരായ, റ്റി.ഒ. ജിതിൻ രാജ്, പി.ആർ വിഷ്ണുരാജ്, എസ്. സച്ചിൻ, ജയരാജ് നായർ, ആർ. അതുൽ കൃഷ്ണൻ, എന്നിവരെ കൺട്രോൾ റൂം പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി നിയോഗിച്ചു. കൺട്രോൾ റൂം ഹെൽപ്പ് ലൈൻ നമ്പർ. 01123747079.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam