
ഷാര്‍ജ: ഷാര്‍ജയില്‍ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു. പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി ഹക്കീമാണ് മരിച്ചത്. സംഭവത്തില്‍ പാകിസ്ഥാന്‍ സ്വദേശി അറസ്റ്റിലായി. ഇന്നലെ രാത്രി പന്ത്രണ്ടരയോടെയാണ് ദാരുണ സംഭവം നടന്നത്. ഷാര്‍ജയിലെ പ്രമുഖ ഹൈപ്പര്‍ മാര്‍ക്കറ്റിലെ മാനേജറായിരുന്നു ഹക്കീം. സ്ഥാപനത്തിന് സമീപത്തെ കഫറ്റീരിയില്‍ ഹക്കീമിന്‍റെ സുഹൃത്തുക്കളും പാകിസ്ഥാന്‍ സ്വദേശിയും തമ്മില്‍ തര്‍ക്കമുണ്ടായി.
ഇത് പരിഹരിക്കാനായി ഹക്കീം ഇവിടെ എത്തുകയായിരുന്നു. തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തില്‍ പ്രകോപിതനായ പാകിസ്ഥാന്‍ സ്വദേശി ഹക്കീമിനെ മൂന്നുതവണ കുത്തി. ഉടന്‍ തന്നെ ഹക്കീമിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പാകിസ്ഥാന്‍ സ്വദേശിയുടെ ആക്രമണത്തില്‍ മറ്റ് മൂന്ന് പേര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
എട്ടു വർഷം മുമ്പാണ് ഹക്കീം പ്രവാസ ജീവിതം തുടങ്ങിയത്. മൂന്നുമാസം മുമ്പായിരുന്നു
അവസാനമായി നാട്ടിൽ വന്ന് മടങ്ങിയത്. ഉമ്മ മരിച്ചതിന്‍റെ ആണ്ടുചടങ്ങിനായി നാട്ടിൽ എത്തിയതായിരുന്നു. അപ്രതീക്ഷിതമായി മരണവാർത്ത എത്തിയതിന്‍റെ ഞെട്ടലിലാണ് വീട്ടുകാരും നാട്ടുകാരും. ഷഹാനയാണ് ഭാര്യ. രണ്ടു പെൺകുട്ടികൾ ഉണ്ട്.