സിങ്കൂരിലേറ്റ തിരിച്ചടി തൃണമൂലിന് നാണക്കേട്; മമത ബാനര്‍ജി

By Web TeamFirst Published Jun 8, 2019, 12:28 PM IST
Highlights

സിങ്കൂരില്‍ നാനോ കാര്‍ ഫാക്ടറി നിര്‍മ്മിക്കുന്നതിനായി കര്‍ഷകരുടെ പക്കല്‍ നിന്നും ഭൂമി ഏറ്റെടുത്തതിനെതിരെ മമത  രൂക്ഷമായി പ്രതിഷേധിച്ചിരുന്നു.

കൊല്‍ക്കത്ത: ലോക്സഭാ തെരഞ്ഞെടുപ്പില്‍ സിങ്കൂര്‍ മണ്ഡലം കൈവിട്ടത് പാര്‍ട്ടിക്ക് സംഭവിച്ച പിഴവ് കൊണ്ടാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി. കൊല്‍ക്കത്തയില്‍ പാര്‍ട്ടി വിളിച്ചുചേര്‍ത്ത അവലോകന യോഗത്തിലായിരുന്നു മമത പാര്‍ട്ടിയുടെ പിഴവിനെക്കുറിച്ച് പരാമര്‍ശിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

തൃണമൂല്‍ കോണ്‍ഗ്രസിന് തിരിച്ചടി നേരിട്ട മണ്ഡലങ്ങളും യോഗത്തില്‍ മമത കൃത്യമായി വിലയിരുത്തി. അറംബാഗിലും ശ്രീറാംപൂറിലും നേരിയ ഭൂരിപക്ഷത്തില്‍ വിജയിച്ചെങ്കിലും മൂന്ന് പാര്‍ലമെന്‍ററി സീറ്റുകള്‍ ഉള്‍പ്പെട്ട ജില്ലയായ ഹൂഗ്ലി നഷ്ടമായത് വലിയ നാണക്കേടാണ് പാര്‍ട്ടിക്ക് ഉണ്ടാക്കിയത്. 

വോട്ടിങ് മെഷീനില്‍ തിരിമറി നടത്തിയാണ് ബിജെപി ജയിച്ചതെന്ന് ആരോപിക്കുമ്പോഴും തൃണമൂല്‍ പ്രവര്‍ത്തകര്‍ ജനങ്ങള്‍ക്ക് നല്‍കിയ സഹായങ്ങള്‍ക്ക് ബദലായി പണം വാങ്ങാറുണ്ടെന്ന് പലരും തനിക്ക് പരാതി നല്‍കിയതായും മമത പറ‍ഞ്ഞു. 

പശ്ചിമ ബംഗാളില്‍ മമതയെ മുഖ്യമന്ത്രി പദത്തിലേക്ക് എത്തിച്ചതില്‍ നിര്‍ണായക പങ്കുവഹിച്ച ജില്ലയാണ് ഹൂഗ്ലി. സിങ്കൂരില്‍ നാനോ കാര്‍ ഫാക്ടറി നിര്‍മ്മിക്കുന്നതിനായി കര്‍ഷകരുടെ പക്കല്‍ നിന്നും ഭൂമി ഏറ്റെടുത്തതിനെതിരെ മമത  രൂക്ഷമായി പ്രതിഷേധിച്ചിരുന്നു. പിന്നീട് കര്‍ഷകര്‍ക്ക് ഭൂമി തിരികെ നല്‍കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. ബംഗാളില്‍ ഇടത് സര്‍ക്കാരിന് കാലിടറിയതിന് പ്രധാന കാരണവും സിങ്കൂര്‍ ആയിരുന്നു. തൃണമൂലിനെ പ്രതിസന്ധി ഘട്ടങ്ങളില്‍ തുണച്ചിട്ടുള്ള സിങ്കൂര്‍  കൈവിട്ടത് പാര്‍ട്ടിക്കേറ്റ ഏറ്റവും വലിയ തിരിച്ചടിയാണെന്നാണ്  വിലയിരുത്തല്‍ 

click me!