
കൊൽക്കത്ത: നരേന്ദ്രമോദി സർക്കാരിനെതിരെ വിമർശനവുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനര്‍ജി. ദില്ലി കലാപത്തിൽ നിന്ന് ശ്രദ്ധ തിരിക്കാൻ കേന്ദ്രസര്‍ക്കാര്‍ രാജ്യത്ത് കൊറോണ പരിഭ്രാന്തി പടര്‍ത്തുകയാണെന്ന് മമത പറഞ്ഞു. ബുനൈദ്പൂരിലെ ഒരു പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു മമത.
"ഇന്ന് കുറച്ച് ആളുകളെല്ലാം കൊറോണ, കൊറോണയെന്ന് ആക്രോശിക്കുകയാണ്. അത് ഭയപ്പെടുത്തുന്ന രോഗമാണ്. പക്ഷേ പരിഭ്രാന്തി സൃഷ്ടിക്കരുത്. ദില്ലി കലാപത്തിൽ നിന്ന് ശ്രദ്ധ തിരിക്കാൻ ചില ചാനലുകള്‍ കൊറോണയെന്ന് പറഞ്ഞുകൊണ്ടേയിരിക്കുകയാണ്. ദില്ലിയിൽ ഒരാള്‍ പോലും കൊറോണ ബാധിച്ച് മരിച്ചിട്ടില്ലെന്ന് ഓര്‍ക്കണം,"മമത ബാനര്‍ജി പറഞ്ഞു.
ആളുകള്‍ മരിച്ചത് ഭയങ്കരമായ വൈറസ് ബാധയെ തുടര്‍ന്നാണെങ്കില്‍ നമുക്ക് അങ്ങനെ കരുതാമായിരുന്നു. എന്നാല്‍ ആരോഗ്യമുള്ള ആളുകളാണ് നിഷ്‌കരുണം കൊല്ലപ്പെട്ടത്. കലാപവുമായി ബന്ധപ്പെട്ട് മാപ്പുപറയാന്‍ പോലും ബിജെപി തയ്യാറായിട്ടില്ല. അവര്‍ ഇപ്പോഴും ഗോലി മാരോ എന്ന് പറഞ്ഞുകൊണ്ടിരിക്കുകയാണെന്നും യുപിക്ക് സമാനമല്ല ബംഗാളെന്നാണ് അവരോട് തനിക്ക് പറയാനുള്ളതെന്നും മമത പറഞ്ഞു.