ഓക്സിജന്‍, മരുന്നുകള്‍ ഇവയുടെ എല്ലാ നികുതികളും ഒഴിവാക്കണം; പ്രധാനമന്ത്രിയോട് മമത

By Web TeamFirst Published May 9, 2021, 3:43 PM IST
Highlights

പല ഏജന്‍സികള്‍, വ്യക്തികള്‍, സംഘടനകള്‍ ഇവയെല്ലാം ഒക്സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍, സിലണ്ടറുകള്‍, ക്രയോജനിക്ക് സ്റ്റോറേജ് ടാങ്കറുകള്‍, ടാങ്കറുകള്‍, കൊവിഡ് ചികില്‍സയ്ക്ക് ആവശ്യമായ മരുന്നുകള്‍ എല്ലാം സംഭാവന ചെയ്യാന്‍ മുന്നോട്ടുവരുന്നുണ്ട്

കൊല്‍ക്കത്ത: കൊവിഡ് ചികില്‍സയ്ക്കായി ഉപയോഗിക്കുന്ന മരുന്നുകള്‍, ഒക്സിജന്‍ എന്നിവയ്ക്ക് ചുമത്തുന്ന എല്ലാവിധ നികുതികളും പിന്‍വലിക്കണമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എഴുതിയ കത്തിലാണ് മമതയുടെ ആവശ്യം. കൊവിഡ് ബാധിച്ചവര്‍ക്കായുള്ള ചികില്‍സയ്ക്ക് ആവശ്യമായ ഓക്സിജന്‍ കൃത്യമായി എത്തിക്കാനുള്ള നടപടികള്‍ വേണമെന്നും മമത ആവശ്യപ്പെടുന്നു.

പല ഏജന്‍സികള്‍, വ്യക്തികള്‍, സംഘടനകള്‍ ഇവയെല്ലാം ഒക്സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍, സിലണ്ടറുകള്‍, ക്രയോജനിക്ക് സ്റ്റോറേജ് ടാങ്കറുകള്‍, ടാങ്കറുകള്‍, കൊവിഡ് ചികില്‍സയ്ക്ക് ആവശ്യമായ മരുന്നുകള്‍ എല്ലാം സംഭാവന ചെയ്യാന്‍ മുന്നോട്ടുവരുന്നുണ്ട്. കൊവിഡ് നേരിടാനുള്ള സൌകര്യങ്ങള്‍ ഒരുക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ ശ്രമങ്ങളിലെ വിടവുകള്‍ പരിഹരിക്കാന്‍ ഇത്തരം നീക്കങ്ങള്‍ സഹായകരമാണ് - കത്തില്‍ മമത പറയുന്നു.

അതിനാല്‍ തന്നെ ഇത്തരം സംഭവന ചെയ്യുന്ന പലരും സംസ്ഥാന സര്‍ക്കാറിനോട് കേന്ദ്രത്തിന്‍റെ പരിധിയില്‍ വരുന്ന കസ്റ്റംസ് ഡ്യൂട്ടി, എസ്ജിഎസ്ടി, ഐജിഎസ്ടി, സിജിഎസ്ടി എന്നിവയില്‍ ഇളവ് ലഭിക്കുമോ എന്ന് ചോദിക്കുന്നു. ഇത്തരം ഒരു അവസ്ഥയിലാണ് കേന്ദ്രത്തിന് മുന്നില്‍ ഈ ആവശ്യം മുന്നോട്ട് വയ്ക്കുന്നത്. ഒക്സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍, സിലണ്ടറുകള്‍, ക്രയോജനിക്ക് സ്റ്റോറേജ് ടാങ്കറുകള്‍, ടാങ്കറുകള്‍, കൊവിഡ് ചികില്‍സയ്ക്ക് ആവശ്യമായ മരുന്നുകള്‍ എന്നിവയുടെ കസ്റ്റംസ് ഡ്യൂട്ടി,ജിഎസ്ടികള്‍ എന്നിവ പിന്‍വലിക്കണം. ഇത് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന് അത്യവശ്യമാണ് - മമത പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ പറയുന്നു.ഇതിന് മുന്‍പും കൊവിഡ് വാക്സിനേഷന്‍ സൌജന്യമാക്കാണം എന്ന് ആവശ്യപ്പെട്ട് മമത പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!