Latest Videos

രണ്ട് ക്ഷേത്രങ്ങളുടെ നടയില്‍ മാംസം വലിച്ചെറിഞ്ഞു; എഞ്ചിനീയറിങ് ബിരുദധാരി അറസ്റ്റില്‍

By Web TeamFirst Published May 30, 2020, 5:21 PM IST
Highlights

സിവിൽ എഞ്ചിനീയറിങ് ബിരുദധാരിയായ ഇയാള്‍ തൊഴിൽരഹിതനായിരുന്നു. ഇയാള്‍ക്ക് മാനസിക അസ്വസ്ഥ്യമുണ്ടെന്നാണ് കരുതുന്നതെന്ന് അധികൃതർ പറഞ്ഞു.


കോയമ്പത്തൂര്‍: തമിഴ്‌നാട്ടിലെ കോയമ്പത്തൂരില്‍ രണ്ട് ക്ഷേത്രങ്ങളുടെ മുന്നില്‍ മാംസം വലിച്ചെറിഞ്ഞയാളെ കൊയമ്പത്തൂര്‍ സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു. വേണുഗോപാല കൃഷ്ണസ്വാമി ക്ഷേത്രത്തിനും ശ്രീ രാഗവേന്ദ്ര ക്ഷേത്രത്തിനും മുന്നിൽ മാംസം വലിച്ചെറിഞ്ഞ 48 കാരനെയാണ്  പൊലീസ് അറസ്റ്റ് ചെയ്തത്.

കോയമ്പത്തൂരിലെ കാവുണ്ടമ്പാലയം സ്വദേശി എസ് ഹരി രാംപ്രകാശ് ആണ് പിടിയിലായതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. സിവിൽ എഞ്ചിനീയറിങ് ബിരുദധാരിയായ ഇയാള്‍ തൊഴിൽരഹിതനായിരുന്നു. ഇയാള്‍ക്ക് മാനസിക അസ്വസ്ഥ്യമുണ്ടെന്നാണ് കരുതുന്നതെന്ന് അധികൃതർ പറഞ്ഞു. ഇതേസമയം, ഇയാള്‍ക്ക് മാനസിക അസ്വസ്ഥ്യമുണ്ടെന്ന് വ്യക്തമാക്കുന്ന മെഡിക്കൽ രേഖകളൊന്നുമില്ലെന്നാണ് പൊലീസ് പറയുന്നത്.

ഹരി രാം പ്രകാശിനെതിരെ രണ്ട് പ്രത്യേക കേസുകൾ പൊലീസ് രജിസ്റ്റർ ചെയ്തു. 153 എ (രണ്ടു വിഭാഗങ്ങള്‍ തമ്മിലുള്ള ശത്രുത വളർത്തുന്നത്) 295 എ (ഏതെങ്കിലും മതത്തെയോ മതവിശ്വാസത്തെയോ അവഹേളിക്കുന്നതിലൂടെ മതവികാരങ്ങളെ പ്രകോപിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതും ക്ഷുദ്രകരവുമായ പ്രവൃത്തികൾ), 298 തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തതെന്ന് സിറ്റി പൊലീസ് കമ്മീഷണർ സുമിത് ശരൺ പറഞ്ഞു.

സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതില്‍ നിന്നാണ് പൊലീസിന് പ്രതിയെക്കുറിച്ച് വിവരം ലഭിച്ചത്. ക്ഷേത്രങ്ങള്‍ക്ക് സമീപം ബൈക്കിലെത്തിയ ഇയാളെ വാഹന രജിസ്ട്രേഷൻ നമ്പറിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് കണ്ടെത്തിയതെന്ന്  കമ്മീഷണര്‍ വ്യക്തമാക്കി. വെള്ളിയാഴ്ച കവുന്തപാളയത്ത് നിന്നും ഇയാള്‍ ഒരുകിലോ പന്നിയുടെ മാംസം വാങ്ങിയതായി കണ്ടെത്തിയിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

click me!