
ദില്ലി: ദില്ലി വിമാനത്താവളത്തിൽ മൂന്നാമത്തെ ടെർമിനലിന് മുന്നിൽ പരസ്യമായി മൂത്രമൊഴിച്ച 39കാരനെ അറസ്റ്റ് ചെയ്തു. ടെർമിനൽ മൂന്നിലെ ഡിപ്പാർച്ചർ ഏരിയയിലെ ഗേറ്റിലാണ് മദ്യപിച്ചെത്തിയ ബിഹാർ സ്വദേശി ജൗഹർ അലി ഖാൻ മൂത്രമൊഴിച്ചത്. ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. ഇയാളെ ജാമ്യത്തിൽ വിട്ടയച്ചു. ഞായറാഴ്ച വൈകീട്ട് 5.30ഓടെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ മൂന്നിലെ ഡിപ്പാർച്ചർ ഏരിയയിലെ ആറാം നമ്പർ ഗേറ്റിൽ ഒരാൾ പരസ്യമായി മൂത്രമൊഴിച്ചതായി വിവരം ലഭിച്ചെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
മദ്യലഹരിയിലായ ഇയാൾ പൊതു സ്ഥലത്ത് അലറിവിളിച്ചും മറ്റുള്ളവരെ അധിക്ഷേപിച്ചും ശല്യമുണ്ടാക്കിയെന്നും പൊലീസ് പറഞ്ഞു. സൗദി അറേബ്യയിലെ ദമാമിലേക്ക് പോകാനിരിക്കുകയായിരുന്നു ഇയാൾ. സഫ്ദർജംഗ് ആശുപത്രിയിൽ എത്തിച്ച് ഇയാളെ പരിശോധിച്ചപ്പോൾ മദ്യപിച്ചതായി കണ്ടെത്തിയെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ (എയർപോർട്ട്) രവികുമാർ സിംഗ് വ്യക്തമാക്കി. ഐപിസി 294, 510 വകുപ്പുകൾ പ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചതായി ഡിസിപി അറിയിച്ചു.
കഴിഞ്ഞ നവംബർ 26 ന് ന്യൂയോർക്കിൽ നിന്ന് ദില്ലിയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിന്റെ ബിസിനസ് ക്ലാസിൽ മദ്യപിച്ച ശങ്കർ മിശ്ര എന്ന വ്യവസായി സഹയാത്രികയായ സ്ത്രീയുടെ മേൽ മൂത്രമൊഴിച്ചത് വൻവിവാദമായിരുന്നു. ഇയാളെ ബെംഗളൂരുവിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. ഇയാല്‍ക്ക് കോടതി ജാമ്യം കോടതി നിഷേധിച്ചു. ഒളിവിലായ ശങ്കർ മിശ്രക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ബെംഗളൂരുവിലെ സഞ്ജയ് നഗറില്‍നിന്നാണ് അറസ്റ്റിലായത്. ഇയാളുടെ സഹോദരിയുടെ വീട് വൈറ്റ് ഫീൽഡിലാണ്. ഇവിടം കേന്ദ്രീകരിച്ച് ബംഗളുരു പൊലീസും ദില്ലി പൊലീസും സംയുക്തമായി തെരച്ചിൽ നടത്തിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam