
മണാലി: മണാലിയിലെ ഹോട്ടൽ മുറിയിൽ വെച്ച് യുവതിയെ കൊന്ന് മൃതദേഹം ബാഗിൽ ഒളിപ്പിച്ച് രക്ഷപ്പെടാൻ ശ്രമിച്ച യുവാവ് അറസ്റ്റിലായി. കുടുങ്ങുമെന്ന സംശയത്തിൽ ബാഗ് ഒരു ടാക്സി കാറിനുള്ളിൽ വെച്ച് രക്ഷപ്പെട്ടെങ്കിലും മണിക്കൂറുകൾക്ക് ശേഷം മണാലി പൊലീസ് ഇയാളെ കണ്ടെത്തി അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് പിന്നിലുള്ള കാരണങ്ങൾ ഉൾപ്പെടെ കണ്ടെത്താൻ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
ഹരിയാന സ്വദേശിയായ വിനോട് എന്ന യുവാവ് ശീതൽ എന്ന യുവതിക്ക് ഒപ്പമാണ് മണാലി ഗോമ്പ റോഡിലെ ഹോട്ടലിൽ മുറിയെടുത്തത്. രണ്ട് ദിവസത്തേക്കെന്ന് പറഞ്ഞായിരുന്നു ഹോട്ടലിലെ ചെക്ക് ഇൻ. രണ്ട് ദിവസം കഴിഞ്ഞ് മുറി ഒഴിയാൻ നേരം വിനോദ് മാത്രമാണ് ഹോട്ടൽ റിസപ്ഷനിലെത്തിയത്. പോകാനായി ഇയാൾ ടാക്സി ബുക്ക് ചെയ്യുകയും ചെയ്തു. എന്നാൽ യുവതി ഒപ്പമില്ലാത്തതും കൈയിലുണ്ടായിരുന്ന വലിയ ബാഗും ഹോട്ടൽ ജീവനക്കാർ ശ്രദ്ധിച്ചു.
സംശയം തോന്നിയ ഹോട്ടൽ ജീവനക്കാർ വിവരം പൊലീസിൽ അറിയിച്ചെങ്കിലും ജീവനക്കാരുടെ സംസാരം കേട്ട ഇയാൾ ബാഗ് ടാക്സിയിൽ ഉപേക്ഷിച്ച് രക്ഷപ്പെട്ടു. പൊലീസ് സ്ഥലത്തെത്തി ബാഗ് തുറന്ന് പരിശോധിച്ചപ്പോഴാണ് ശീതളിന്റെ മൃതദേഹം കണ്ടെത്തിയത്. ഇതോടെ വിനോദിനെ കണ്ടെത്താൻ തെരച്ചിൽ തുടങ്ങി. ഹോട്ടൽ ബുക്കിങ് ഉൾപ്പെടെ എല്ലാം ശീതളിന്റെ പേരിലായിരുന്നതിനാൽ ഇയാളുടെ തിരിച്ചറിയൽ രേഖകളോ ഫോട്ടോയോ ഒന്നും പൊലീസിന് ആദ്യം ലഭിച്ചില്ല. എന്നാൽ മണിക്കൂറുകൾക്കകം തന്നെ ആളെ കണ്ടെത്തി പൊലീസ് അറസ്റ്റ് ചെയ്തു.
കൊലപാതകത്തിലേക്ക് നയിച്ച കാരണങ്ങൾ കണ്ടെത്താൻ പൊലീസ് അന്വേഷണം തുടങ്ങി. യുവാവും യുവതിയും തമ്മിലുള്ള ബന്ധം എന്താണെന്നും പൊലീസിന് വ്യക്തതയില്ല. യുവതിയുടെ വീട്ടുകാരെ വിവരം അറിയിച്ചിട്ടുണ്ട്. മൃതദേഹം പിന്നീട് പോസ്റ്റ്മോർട്ടം പരിശോധനകൾക്കായി അയച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam