ലോക്ക് ഡൗൺ ലംഘിച്ച വ്യക്തിയെ പൊലീസ് കസ്റ്റഡിയിലെടുത്തു; പരാതിക്കാരൻ മകൻ!

By Web TeamFirst Published Apr 3, 2020, 3:13 PM IST
Highlights

ലോക്ക്ഡൗൺ ഉത്തരവുകൾ അവഗണിച്ച് എല്ലാ ദിവസവും രാവിലെ വീട്ടിൽ നിന്ന് ഇറങ്ങുന്ന പിതാവിനെ പിന്തിരിപ്പിക്കാനുള്ള മകന്റെ ശ്രമങ്ങളൊന്നും വിജയിച്ചില്ല. 

ദില്ലി: ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ പാലിക്കാതെ പുറത്തിറങ്ങി നടന്ന പിതാവിനെതിരെ മകൻ പൊലീസിൽ പരാതി നൽകി. പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. ദില്ലിയിലാണ് 59 വയസ്സുള്ള വ്യക്തിയെ കസ്റ്റഡിയിലെടുത്തത്. ലോക്ക്ഡൗൺ ഉത്തരവുകൾ അവഗണിച്ച് എല്ലാ ദിവസവും രാവിലെ വീട്ടിൽ നിന്ന് ഇറങ്ങുന്ന പിതാവിനെ പിന്തിരിപ്പിക്കാനുള്ള മകന്റെ ശ്രമങ്ങളൊന്നും വിജയിച്ചില്ല. ഇതിനെ തുടർന്നാണ് ഇയാൾ പൊലീസിൽ പരാതിപ്പെട്ടത്. എഫ്ഐആർ തയ്യാറാക്കിയതായി പൊലീസ് അറിയിച്ചു. കൊറോണ വൈറസിന്റെ വ്യാപനം പ്രതിരോധിക്കുന്നതിനായി രാജ്യമൊട്ടാകെ പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക് ഡൗൺ അവസാനിക്കുന്നത് ഏപ്രിൽ14 നാണ്.

ജനങ്ങൾ തമ്മിലുള്ള സമ്പർക്കം കുറച്ച് സാമൂഹിക അകലം പാലിക്കുന്നതിലൂടെ കൊറോണ വൈറസ് വ്യാപനം തടയുക എന്നതാണ് ലോക്ക്ഡൗണിന്റെ ലക്ഷ്യം. ദില്ലിയിൽ മാത്രം 290 കൊവിഡ് 19 കേസുകളാണുള്ളത്. അനുനിമിഷം കൊറോണ വൈറസ് വ്യാപിച്ചു കൊണ്ടിരിക്കുന്ന സാഹചര്യമാണുള്ളത്. അമ്പതിനായിരത്തിലധികം പേരാണ് ലോകമൊട്ടാകെ കൊവിഡ് 19 ബാധിച്ച് മരിച്ചത്. സമീപകാലത്ത് നടന്ന ഏറ്റവും വലിയ ആ​ഗോള ദുരന്തമായിട്ടാണ് കൊവിഡ് 19 ബാധയെ കണക്കാക്കുന്നത്. 

click me!