
ഗുരുഗ്രാം: ലൈംഗിക ഉത്തേജന മരുന്നുകൾ അമിതമായി ഉപയോഗിച്ചതിനെത്തുടർന്ന് 29 വയസ്സുകാരൻ മരിച്ചതായി റിപ്പോർട്ട്. നാഗ്പൂർ സ്വദേശിയായ രോഹിത് ലാലിൻ്റെ മരണവുമായി ബന്ധപ്പെട്ടാണ് ആരോപണം. ഗുരുഗ്രാം സെക്ടർ 53-ലെ പിജി ഫ്ലാറ്റിലെ താമസക്കാരനായിരുന്നു ഇദ്ദേഹം. ദില്ലിയിൽ ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യയിലെ ഉദ്യോഗസ്ഥനായിരുന്നു. കഴിഞ്ഞ ദിവസം രാവിലെയാണ് ഫ്ലാറ്റിനകത്ത് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.
രാവിലെ സഹപ്രവർത്തകൻ വിളിച്ചിട്ടും ഇദ്ദേഹം ഫോൺ എടുത്തില്ല. തുടർന്ന് പോലീസ് ഇദ്ദേഹത്തിൻ്റെ താമസസ്ഥലത്തെത്തി. ഇവർ മുറിയുടെ വാതിൽ പൊളിച്ചു അകത്തുകടന്നപ്പോഴാണ് രോഹിത്തിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മുറിയിൽ നിന്ന് വിവിധ മരുന്നുകളുടെയും ഹെൽത്ത് സപ്ലിമെന്റുകളുടെയും കവറുകൾ പോലീസ് കണ്ടെടുത്തിട്ടുണ്ട്. പ്രാഥമിക നിഗമനം അനുസരിച്ച്, ലൈംഗിക ഉത്തേജന മരുന്നുകളുടെ അമിത ഉപയോഗം മൂലം ഉണ്ടായ ഹൃദയാഘാതമാണ് മരണകാരണം.
പ്രതിശ്രുത വധുവിനെ കാണാൻ പോകുന്നതിന് മുന്നോടിയായാണ് രോഹിത് മരുന്ന് കഴിച്ചതെന്നും പോലീസ് സംശയിക്കുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ആന്തരിക അവയവങ്ങളുടെ പരിശോധനാ ഫലം വന്നാൽ മാത്രമേ മരണത്തിന്റെ യഥാർത്ഥ കാരണം ഔദ്യോഗികമായി സ്ഥിരീകരിക്കാൻ സാധിക്കൂവെന്ന് സെക്ടർ 53 എസ്എച്ച്ഒ സതേന്ദർ റാവൽ അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam