സ്ത്രീധനം ചോദിച്ച് പീഡനം, പിന്നാലെ വാട്സ് ആപ്പ് കോളിലൂടെ മുത്തലാഖ്; പരാതിയുമായി യുവതി

By Web TeamFirst Published Aug 22, 2020, 10:55 AM IST
Highlights

തന്നോടൊപ്പം താമസിക്കാൻ ആ​ഗ്രഹിക്കുന്നുവെങ്കിൽ മാതാപിതാക്കളിൽ നിന്നും 25 ലക്ഷം രൂപ വാങ്ങി കൊണ്ടു വരണമെന്ന് ഭർത്താവ് ആവശ്യപ്പെട്ടതായി യുവതി പരാതിയിൽ പറയുന്നു. 

ഭോപ്പാൽ: വാട്സ് ആപ്പ് കോളിലൂടെ ഭർത്താവ് മുത്തലാഖ് ചൊല്ലി വിവാഹമോചനം നേടിയെന്ന് ആരോപിച്ച് ഭോപ്പാൽ സ്വദേശിനിയായ യുവതി. ജൂലൈ 31 നാണ് 42 കാരിയായ യുവതി പരാതി നൽകിയിരിക്കുന്നത്. കൂടാതെ സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവ് തന്നെ നിരന്തരം പീഡിപ്പിച്ചിരുന്നതായും യുവതി പരാതിയിൽ പറയുന്നു.   

പരാതി ശ്രദ്ധയിൽ പെട്ടതായും യുവതിക്ക് നീതി ഉറപ്പാക്കുമെന്നും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‍രാജ് സിം​ഗ് ചൗഹാൻ പറഞ്ഞു. വിവാഹമോചനത്തിന് വേണ്ടി ഭർത്താവ് മൊബൈലിൽ മുത്തലാഖ് സന്ദേശം അയച്ച സംഭവത്തിൽ ഭോപ്പാല്‍ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മധ്യപ്രദേശ് പൊലീസ് അവർക്ക് വേണ്ട എല്ലാ സഹായവും നീതിയും നൽകുമെന്ന് ഞാൻ ഉറപ്പു നൽകുന്നു. ശിവ്‍രാജ് സിം​ഗ് ചൗഹാൻ ട്വീറ്റ് ചെയ്തു. 

തന്നോടൊപ്പം താമസിക്കാൻ ആ​ഗ്രഹിക്കുന്നുവെങ്കിൽ മാതാപിതാക്കളിൽ നിന്നും 25 ലക്ഷം രൂപ വാങ്ങി കൊണ്ടു വരണമെന്ന് ഭർത്താവ് ആവശ്യപ്പെട്ടതായി യുവതി പരാതിയിൽ പറയുന്നു. അല്ലാത്ത പക്ഷം വീട്ടിൽ നിന്ന് ഇറങ്ങിപ്പോകാൻ നിർബന്ധിച്ചതായും യുവതിയുടെ പരാതിയിലുണ്ട്. തുടർന്ന് യുവതി ഭോപ്പാലിലെ അമ്മയുടെ വീട്ടിലേക്ക് മടങ്ങിപ്പോയി. കുട്ടികളെ കൂടെ കൊണ്ടുപോകാൻ ഭർത്താവ് സമ്മതിച്ചില്ലെന്നും യുവതി കൂട്ടിച്ചേർക്കുന്നു. 

പിന്നീട് ജൂലൈ 31ന് യുവതിയുടെ സഹോദരനെ വിളിച്ച് യുവ‌തി പ്രശ്നക്കാരിയാണെന്നും അതിനാൽ വിവാഹമോചനം വേണമെന്ന് ആവശ്യപ്പെട്ട് മുത്തലാഖ് ചൊല്ലുകയുമായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. 2001 ലാണ് ഇയാൾ യുവതിയെ വിവാഹം കഴിച്ചത്. ഇവർക്ക് രണ്ട് കുട്ടികളുണ്ട്. ബം​ഗളൂരുവില ഒരു ഹോട്ടലിലാണ് ഇയാൾ ജോലി ചെയ്യുന്നത്. 2013ലാണ് ഇവരു ടെ കുടുംബം ബം​ഗളൂരുവിലേക്ക് താമസം മാറ്റിയത്. 

click me!