
ബെംഗളൂരു: വാഹന പരിശോധനയ്ക്കായി കാർ നിർത്താൻ ആവശ്യപ്പെട്ട ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനെ വാഹനമിടിപ്പിച്ച് ബോണറ്റിൽ കയറ്റി യുവാവ്. കേബിൾ ഓപ്പറേറ്റർ മിഥുൻ ജഗ്ദലെ എന്നയാളാണ് പൊലീസിനെ വാഹനമിടിപ്പിച്ചത്. ബോണറ്റിലേക്ക് എടുത്തെറിയപ്പെട്ട പൊലീസുമായി 100 മീറ്ററോളം കാറോടിക്കുന്ന ദൃശ്യം പുറത്തുവന്നു.
കർണാടകയിലെ ശിവമോഗയിൽ സഹ്യാദ്രി കോളേജിന് മുന്നിൽ കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം നടന്നതെന്ന് ശിവമോഗ എസ്പി പറഞ്ഞു. പതിവ് പരിശോധനകൾ നടത്തുന്നതിനിടയിൽ, ഭദ്രാവതിയിൽ നിന്ന് അമിത വേഗതയിൽ വന്ന കാർ ട്രാഫിക് പൊലീസിന്‍റെ ശ്രദ്ധയിൽപ്പെട്ടു. വണ്ടിയോടിച്ചിരുന്ന മിഥുൻ കാർ നിർത്താൻ തയ്യാറായില്ല. തുടർന്ന് പൊലീസുകാരൻ കാറിന് മുന്നിലേക്ക് കയറി നിന്നു.
കാർ റോഡ് സൈഡിലേക്ക് നിർത്താൻ പൊലീസ് ആംഗ്യം കാണിക്കുന്നത് വീഡിയോയിൽ കാണാം. കാർ മുന്നോട്ടെടുക്കുന്നതിന് അനുസരിച്ച് പൊലീസുകാരനും നടക്കുന്നുണ്ട്. എന്നിട്ടും കാർ നിർത്താതെ മുന്നോട്ടെടുത്തപ്പോൾ പൊലീസുകാരനെ ഇടിച്ചു. കാറിനടിയിൽ പെടാതിരിക്കാൻ പൊലീസുകാരൻ ബോണറ്റിൽ അള്ളിപ്പിടിച്ചു. 100 മീറ്ററോളം ഇങ്ങനെ മുന്നോട്ടുപോയ ശേഷം മിഥുൻ കാറുമായി കടന്നുകളഞ്ഞു. തലനാരിഴയ്ക്കാണ് പൊലീസുകാരൻ രക്ഷപ്പെട്ടത്. മിഥുനെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു.
വീഡിയോയ്ക്ക് താഴെ പല തരത്തിലുള്ള പ്രതികരണങ്ങൾ വന്നു. പൊലീസുകാരനൊന്ന് നോക്കിയാൽ ആളുകൾ പാന്‍റ്സിൽ മൂത്രമൊഴിച്ചു പോവുന്ന കാലമുണ്ടായിരുന്നുവെന്ന് ഒരാൾ പ്രതികരിച്ചു. പൊലീസിന് ഇത്രയും ശക്തിയില്ലാതായോ എന്നാണ് മറ്റൊരു പ്രതികരണം. ഇത്രയും ക്രിമിനലായ ഒരാൾ പിഴ ഒടുക്കിയതു കൊണ്ട് നേരെയാവില്ലെന്നും കനത്ത ശിക്ഷ നൽകണമെന്നും കമന്‍റുകളുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam