കറണ്ട്‌ കട്ടിനെ വിമര്‍ശിച്ച്‌ ഫേസ്‌ബുക്ക്‌ പോസ്‌റ്റിട്ടു; രാജ്യദ്രോഹക്കുറ്റത്തിന് അറസ്റ്റിലായി

By Web TeamFirst Published Jun 15, 2019, 12:40 PM IST
Highlights

അഭിപ്രായസ്വാതന്ത്ര്യം നിരോധിക്കുകയാണെന്നാരോപിച്ച്‌ ബിജെപി നേതൃത്വം നല്‍കുന്ന കേന്ദ്രസര്‍ക്കാരിനും സംസ്ഥാനസര്‍ക്കാരുകള്‍ക്കുമെതിരെ കോണ്‍ഗ്രസ്‌ വ്യാപക പ്രതിഷേധം തുടരുന്നതിനിടെയാണ്‌ പാര്‍ട്ടിക്ക്‌ തിരിച്ചടിയായി ഛത്തീസ്‌ഗഡില്‍ നിന്നുള്ള വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്‌.

ബിലാസ്‌പൂര്‍: നിരന്തരമുണ്ടാകുന്ന കറണ്ട്‌ കട്ടിനെ വിമര്‍ശിച്ച്‌ ഫേസ്‌ബുക്കില്‍ പോസ്‌റ്റിട്ട 53കാരനെതിരെ കോണ്‍ഗ്രസ്‌ സര്‍ക്കാര്‍ രാജ്യദ്രോഹക്കുറ്റം ചുമത്തി. വൈദ്യുതി തടസ്സം സൃഷ്ടിച്ച്‌ സര്‍ക്കാര്‍ ഇന്‍വര്‍ട്ടര്‍ കമ്പനികളെ സഹായിക്കുകയാണെന്ന്‌ ആരോപിച്ചതിനാണ്‌ നടപടി. ഛത്തീസ്‌ഗഡിലെ ഭൂപേഷ്‌ ബാഗല്‍ സര്‍ക്കാരാണ്‌ വിവാദത്തിലൂടെ വെട്ടിലായിരിക്കുന്നത്‌.

ഛത്തീസ്‌ഗഡ്‌ സ്‌റ്റേറ്റ്‌ പവര്‍ ഹോള്‍ഡിംഗ്‌ കമ്പനി ലിമിറ്റഡ്‌ നല്‍കിയ പരാതിയിലാണ്‌ പൊലീസ്‌ മംഗേലാല്‍ അഗര്‍വാളിനെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ്‌ ചെയ്‌തത്‌. കോടതിയില്‍ ഹാജരാക്കിയ അഗര്‍വാളിനെ അഞ്ച്‌ ദിവസത്തേക്ക്‌ റിമാന്‍ഡ്‌ ചെയ്യുകയും ചെയ്‌തു. അഭിപ്രായസ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്തുന്ന നടപടിയാണ്‌ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നതെന്ന്‌ ആരോപിച്ച്‌ പ്രതിഷേധവുമായി ബിജെപി രംഗത്തെത്തി. തുടര്‍ന്ന്‌ മുഖ്യമന്ത്രി നേരിട്ട്‌ വിഷയത്തിലിടപെടുകയും അഗര്‍വാളിനെതിരായ രാജ്യദ്രോഹക്കുറ്റം പിന്‍വലിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്‌തതായാണ്‌ വിവരം.

ജൂണ്‍ 12നാണ്‌ അഗര്‍വാളിനെതിരെ സിറ്റി കോട്ട്വാലി പൊലീസ്‌ സ്റ്റേഷനില്‍ പരാതി ഫയല്‍ ചെയ്‌തത്‌. ഭൂപേഷ്‌ ബാഗല്‍ നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസ്‌ സര്‍ക്കാരിന്റെ പ്രതിഛായ തകര്‍ക്കാന്‍ അഗര്‍വാള്‍ ഫേസ്‌ബുക്ക്‌ വഴി വിദ്വേഷപ്രചരണം നടത്തുന്നു എന്നായിരുന്നു പരാതിയിലെ ആരോപണം. ഛത്തീസ്‌ഗഡ്‌, മധ്യപ്രദേശ്‌ സര്‍ക്കാരുകള്‍ സംസ്ഥാനങ്ങളില്‍ പവര്‍ കട്ട്‌ സൃഷ്ടിച്ച്‌ ഇന്‍വെര്‍ട്ടര്‍ കമ്പനികളെ അനധികൃതമായി സഹായിക്കുകയാണെന്നാണ്‌ ഫേസ്‌ബുക്ക്‌ വീഡിയോയില്‍ അഗര്‍വാള്‍ ആരോപിച്ചത്‌. ഓരോ രണ്ട്‌ മണിക്കൂറിനിടയിലും 10 മുതല്‍ 15 മിനിറ്റ്‌ വരെ വൈദ്യുതി തടസ്സമുണ്ടാക്കാന്‍ കമ്പനികള്‍ ഛത്തീസ്‌ഗഡ്‌ സര്‍ക്കാരിന്‌ കോഴ നല്‍കിയിട്ടുണ്ടെന്നും ദില്ലിയില്‍ കമ്പനി മേധാവികളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും അഗര്‍വാള്‍ വീഡിയോയില്‍ പറഞ്ഞിരുന്നു.

അഭിപ്രായസ്വാതന്ത്ര്യം നിരോധിക്കുകയാണെന്നാരോപിച്ച്‌ ബിജെപി നേതൃത്വം നല്‍കുന്ന കേന്ദ്രസര്‍ക്കാരിനും സംസ്ഥാനസര്‍ക്കാരുകള്‍ക്കുമെതിരെ കോണ്‍ഗ്രസ്‌ വ്യാപക പ്രതിഷേധം തുടരുന്നതിനിടെയാണ്‌ പാര്‍ട്ടിക്ക്‌ തിരിച്ചടിയായി ഛത്തീസ്‌ഗഡില്‍ നിന്നുള്ള വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്‌. രാജ്യദ്രോഹ നിയമം അസാധുവാക്കുമെന്ന്‌ വാഗ്‌ദാനം നല്‍കുന്ന കോണ്‍ഗ്രസ്‌ തന്നെ നിയമം ദുരുപയോഗം ചെയ്യുന്ന അവസ്ഥയാണുള്ളതെന്ന്‌ ബിജെപി എംപി സന്തോഷ്‌ പാണ്ഡേ ആരോപിച്ചു.

click me!