4 വർഷമായി സഹപ്രവർത്തകയുമായി ബന്ധം, തടസമായതോടെ ഭാര്യയെയും മക്കളെയും കൊന്നു, വനംവകുപ്പ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

Published : Nov 21, 2025, 03:15 PM IST
murder

Synopsis

ഗുജറാത്തിലെ ഭാവ്‌നഗറിൽ വനംവകുപ്പ് ഉദ്യോഗസ്ഥൻ ഭാര്യയെയും രണ്ട് മക്കളെയും കൊലപ്പെടുത്തി. വിവാഹേതര ബന്ധത്തിന് ഭാര്യ തടസ്സമായതിനെ തുടർന്നായിരുന്നു കൊലപാതകം. മൃതദേഹങ്ങൾ കുഴിച്ചിട്ട ശേഷം വ്യാജ പരാതി നൽകിയ പ്രതിയെ പോലീസ് അന്വേഷണത്തിൽ പിടികൂടുകയായിരുന്നു.

അഹമ്മദാബാദ് :  ഗുജറാത്തിലെ ഭാവ്‌നഗറിൽ ഭാര്യയെയും രണ്ട് മക്കളെയും കൊലപ്പെടുത്തിയ കേസിൽ വനംവകുപ്പ് ഉദ്യോഗസ്ഥൻ അറസ്റ്റിലായി. ശൈലേഷ് ഖംഭ്‌ള (40) ആണ് അറസ്റ്റിലായത്. ഭാര്യ നയന ഖംഭ്‌ള (42), മകൻ ഭവ്യ, പ്രിഥ്വ (13) എന്നിവരാണ് കൊല്ലപ്പെട്ടത്. നാല് വർഷമായി സഹപ്രവർത്തകയുമായി ഉദ്യോഗസ്ഥന് ബന്ധമുണ്ടായിരുന്നെന്നും, ഈ ബന്ധത്തിന് ഭാര്യ തടസ്സമായതാണ് കൊലപാതകത്തിന് കാരണമെന്നുമാണ് പോലീസ് കണ്ടെത്തൽ. 

തനിക്ക് സഹപ്രവർത്തകയുമായി നാല് വർഷമായി ബന്ധമുണ്ടായിരുന്നുവെന്ന് ശൈലേഷ് സമ്മതിച്ചുവെന്ന് പൊലീസ് പറയുന്നു. സൂറത്തിൽ മാതാപിതാക്കൾക്കൊപ്പം കഴിഞ്ഞിരുന്ന ഭാര്യ നയന, ഭാവ്‌നഗറിൽ തനിക്കൊപ്പം സ്ഥിരമായി താമസിക്കാൻ നിർബന്ധം പിടിച്ചതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്. ഇത് സഹപ്രവർത്തകയുമായുള്ള  ബന്ധത്തിന് തടസ്സമാകുമെന്ന് മനസ്സിലാക്കിയ ശൈലേഷ്, കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നു. 

കൊല നടത്തിയത് ആസൂത്രിതമായി

നവംബർ 5-ന് രാത്രി ഇരുവരും തമ്മിൽ വഴക്കുണ്ടായതിനെ തുടർന്ന്, നയനയെ സ്വീകരണമുറിയിലെ സോഫയിൽ വെച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. ഇതിനുശേഷം, ഉറങ്ങുകയായിരുന്ന മക്കളെയും തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

കൊലപാതക ശേഷം, മൃതദേഹങ്ങൾ ഭാവ്‌നഗറിലെ തൻ്റെ ഔദ്യോഗിക വസതിക്ക് സമീപം മുൻകൂട്ടി കുഴിച്ചുവെച്ച ആറടി താഴ്ചയുള്ള കുഴിയിൽ ഇട്ട് മൂടി. കൊലപാതകം ആസൂത്രിതമായിരുന്നുവെന്ന് തെളിയിക്കുന്ന വിവരങ്ങൾ അന്വേഷണത്തിൽ പുറത്തുവന്നു. നവംബർ 2-ന് തന്നെ ഔദ്യോഗിക ജീവനക്കാരെ ഉപയോഗിച്ച് ഇയാൾ കുഴി എടുപ്പിച്ചത് കൊലപാതകത്തിനുള്ള തയ്യാറെടുപ്പായിരുന്നു. 

നവംബർ 7-ന്, ഭാര്യയെയും മക്കളെയും കാണാനില്ലെന്ന് പറഞ്ഞ് ശൈലേഷ് തന്നെ പോലീസിൽ വ്യാജ പരാതി നൽകി അന്വേഷകരെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ, സിസിടിവി ദൃശ്യങ്ങളും നയനയുടെ ഫോൺ ലൊക്കേഷനും പരിശോധിച്ച് നടത്തിയ വിശദമായ അന്വേഷണത്തിൽ, വനം വകുപ്പ് ക്വാർട്ടേഴ്സിനടുത്തുള്ള കുഴിയിൽ നിന്ന് മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു. ഇതോടെയാണ് ശൈലേഷ് കുറ്റം സമ്മതിച്ചത്.  

 

 

 

 

PREV
Read more Articles on
click me!

Recommended Stories

പങ്കാളികളെ കൊന്ന കേസിൽ ജീവപര്യന്തം തടവ്, ശിക്ഷാ കാലത്ത് പ്രണയത്തിലായി തടവുകാർ, പരോളിൽ ഇറങ്ങി മുങ്ങി വിവാഹം, വീണ്ടും പിടിയിൽ
വിവാഹത്തിൽ പങ്കെടുക്കാൻ ദില്ലിയിൽ നിന്നും കൊച്ചിയിലെത്തി പക്ഷേ, സ്യൂട്ട് കേസ് കാണാനില്ല; കൈയൊഴിഞ്ഞ് ഇന്‍ഡിഗോയും