
മുംബൈ: ട്രക്ക് ഇടിച്ചുകയറ്റ് പെൺമക്കളെ കൊന്ന് പിതാവ് ജീവനൊടുക്കി. മഹാരാഷ്ട്രയിലെ പൂനെ ജില്ലയിലെ ഇന്ദുരിയിലാണ് സ്വന്തം ട്രക്ക് ഉപയോഗിച്ച് 40കാരനായ പിതാവ് 18 ഉം 14 ഉം വയസ്സുള്ള പെൺമക്കളെ ട്രക്ക് ഇടിച്ച് കൊലപ്പെടുത്തിയത്. ഭരത് ബാരറ്റെ എന്നയാളാണ് മക്കളെ കൊന്നതിന് ശേഷം ട്രക്കിന് മുന്നിൽ ചാടി ജീവനൊടുക്കിയത്.
18കാരിയായ മകൾ നന്ദിനിയും ആൺസുഹൃത്തും തമ്മിലുള്ള വാട്സ്ആപ്പ് ചാറ്റ് കണ്ടതാണ് കൊലപാതകത്തിന് കാരണം. ഇളയമകൾ വൈഷ്ണവി, നന്ദിനിയെ പിന്തുണച്ചതിനാൽ പിതാവ് വൈഷ്ണവിയെയും കൊല്ലുകയായിരുന്നു.
ശനിയാഴ്ച രാത്രിയാണ് നന്ദിനിയുടെ സുഹൃത്തുമായുളള ചാറ്റ് ബാരറ്റെയുടെ ശ്രദ്ധയിൽപ്പെട്ടത്. ഇത് കണ്ട് ദേഷ്യം വന്ന ബാരറ്റെ മകളെ പൊതിരെ തല്ലി. രാത്രി വൈകി പുറത്തുപോയി വന്ന ബാരറ്റെ മക്കളെ രണ്ടുപേരെയും കള്ളം പറഞ്ഞ് വിളിച്ചുകൊണ്ട് പോകുകയും റോഡിൽ വച്ച് ഇവരുടെ നേരെ ട്രക്ക് ഇടിച്ച് കൊല്ലുകയുമായിരുന്നു. പിന്നാലെ ഇയാൾ ഇതേ ട്രക്കിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തു.
ഉറങ്ങിക്കിടക്കുകയായിരുന്ന ഭാര്യയോട് വരാൻ ആവശ്യപ്പെട്ടെങ്കിലും ഇവർ മക്കളെ സഹായിക്കാനായി അയൽവീടുകളിലേക്ക് ഓടി ആളുകളുമായി എത്തിയപ്പോഴേക്കും ബാരറ്റെയും ഇളയമകളും മരിച്ചിരുന്നു. നന്ദിനി ആശുപത്രിയിൽ വച്ചാണ് മരിച്ചത്. മരിക്കുന്നതിന് മുമ്പ് ബാരറ്റെ ആത്മഹത്യക്കുറിപ്പ് എഴുതിയുരുന്നു. തുടർന്ന് ഭാര്യയുടെ ഒപ്പും വാങ്ങി. എന്താണ് പേപ്പറിൽ എഴുതിയതെന്ന് നോക്കാതെ ബാരറ്റെയുടെ ഭാര്യ ഒപ്പുവച്ചുവെന്നും ഇവർ പൊലീസിന് മൊഴി നൽകി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam