
ചെന്നൈ: അകന്നുകഴിയുകയായിരുന്ന ഭാര്യയെ വനിതാ ഹോസ്റ്റലിൽ എത്തി ഭർത്താവ് അതിക്രൂരമായി കൊലപ്പെടുത്തി. കോയമ്പത്തൂരിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ശ്രീപ്രിയയെ (28) ഭർത്താവ് ബാലമുരുകനാണ് (32) വെട്ടിക്കൊന്നത്. തിരുനെൽവേലി സ്വദേശിയാണ് ശ്രീപ്രിയ.
വസ്ത്രത്തിനുള്ളിൽ അരിവാൾ ഒളിപ്പിച്ചാണ് ബാലമുരുകൻ ശ്രീപ്രിയയെ കാണാൻ ഹോസ്റ്റലിൽ എത്തിയത്. സംസാരിക്കുന്നതിനിടയിൽ ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടായി. തുടർന്ന് ബാലമുരുകൻ അരിവാൾ പുറത്തെടുത്ത് ഹോസ്റ്റലിൽ വെച്ച് തന്നെ ഭാര്യയെ വെട്ടിക്കൊല്ലുകയായിരുന്നു. തുടർന്ന് ശ്രീപ്രിയയുടെ മൃതദേഹത്തിനരികെ നിന്ന് സെൽഫി എടുത്തു. അത് തന്‍റെ വാട്ട്‌സ്ആപ്പ് സ്റ്റാറ്റസായി അപ്‌ലോഡ് ചെയ്തു. 'വഞ്ചനയ്ക്കുള്ള പ്രതിഫലം മരണം' എന്നും കുറിച്ചു.
ആക്രമണം നടന്നയുടനെ ഹോസ്റ്റലിലെ താമസക്കാർ ഭയന്ന് പുറത്തേക്ക് ഓടി. എന്നാൽ ക്രൂരകൃത്യത്തിന് ശേഷവും ബാലമുരുകൻ അവിടെ തുടർന്നു. പൊലീസ് എത്തുമ്പോൾ പ്രതി ഹോസ്റ്റലിന് അകത്തു തന്നെയുണ്ടായിരുന്നു. അവിടെ വച്ചുതന്നെ അറസ്റ്റ് ചെയ്തു. കൊലയ്ക്ക് ഉപയോഗിച്ച ആയുധവും കണ്ടെടുത്തു. ശ്രീപ്രിയയ്ക്ക് മറ്റൊരു പുരുഷനുമായി ബന്ധമുണ്ടെന്ന് ഇയാൾ സംശയിച്ചിരുന്നതായി പൊലീസ് പറഞ്ഞു.
കൊലപാതകത്തിന് പിന്നാലെ തമിഴ്‌നാട്ടിലെസ്ത്രീ സുരക്ഷയെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും ഉയർന്നു. ക്രമസമാധാനനില ഉറപ്പാക്കുന്നതിലും സ്ത്രീകളെ സംരക്ഷിക്കുന്നതിലും ഭരണകക്ഷിയായ ഡിഎംകെ പരാജയപ്പെട്ടുവെന്ന് പ്രതിപക്ഷം ആരോപിച്ചു. ക്രൂരമായ കുറ്റകൃത്യങ്ങളും ലൈംഗിക കുറ്റകൃത്യങ്ങളും അടുത്ത കാലത്ത് വർദ്ധിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ ഇതെല്ലാം ഒറ്റപ്പെട്ട സംഭവങ്ങളാണെന്ന് ഡിഎംകെ സർക്കാരും പൊലീസും വാദിക്കുന്നു. ഇത്തരം എല്ലാ കേസുകളിലും വേഗത്തിലുള്ള നീതിയും പരമാവധി ശിക്ഷയും ഉറപ്പാക്കുമെന്നും സർക്കാർ ഉറപ്പുനൽകി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam