
മുംബൈ: ക്രിക്കറ്റ് കളിക്കുന്നതിനിടെ കുഴഞ്ഞ് വീണ് യുവാവിന് ദാരുണാന്ത്യം. മുംബൈയിലെ താനെയിൽ മിരാ റോഡിനടുത്ത് നടന്ന പ്രാദേശിക ക്രിക്കറ്റ് ടൂർണമെന്‍റ് മത്സരത്തിനിടയിലാണ് സംഭവം. 42 കാരനായ രാം ഗണേഷ് തേവാർ എന്നയാളാണ് ക്രിക്കറ്റ് മാച്ചിനിടെ കുഴഞ്ഞ് വീണ് മരിച്ചത്. മാച്ചിനിടെ ബൌളർ എറിഞ്ഞ പന്ത് സിക്സ് അടിച്ചതിന് പിന്നാലെയാണ് രാം ഗണേഷ് കുഴഞ്ഞ് വീണ് മരിച്ചത്. ഇതിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയിൽ, പിങ്ക് ജഴ്‌സി ധരിച്ച യുവാവ് ബോൾ സിക്‌സ് അടിക്കുന്നതും ഏതാനും നിമിഷങ്ങൾക്കുള്ളിൽ ക്രീസിൽ കുഴഞ്ഞ് വീഴുന്നതും കാണാം. യുവാവ് വീഴുന്നത് കണ്ട് മൈതാനത്തുണ്ടായിരുന്ന സഹതാരങ്ങൾ ഓടിയെത്തി ഇയാളെ എഴുന്നേൽപ്പിക്കാൻ ശ്രമിച്ചെങ്കിലും രാം ഗണേഷിന് അനക്കമുണ്ടായിരുന്നില്ല. ഉടനെ തന്നെ ഇയാളെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു.
യഥാർത്ഥ മരണകാരണം പോസ്റ്റുമോർട്ടത്തിന് ശേഷം മാത്രമേ അറിയാനാവൂ എന്ന് താനെ പൊലീസ് വ്യക്തമാക്കി. ഹൃദായാഘാതമാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മുംബൈയിൽ അടുത്തിടെ സൂര്യാഘാതമേറ്റ് നിരവധി അപകടങ്ങളുണ്ടായിരുന്നു. അതിനാൽ മരണ കാരണം പോസ്റ്റുമോർട്ടത്തിന് ശേഷം മാത്രമേ സ്ഥിരീകരിക്കാനാവുവെന്ന് പൊലീസ് വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam