
മംഗളൂരു: അമിതവേഗതയിൽ നിയന്ത്രണം തെറ്റിയെത്തിയ കാർ നടപ്പാതയിലേക്ക് ഇടിച്ചുകയറി കാൽനടയാത്രക്കാരെ ഇടിച്ചുതെറിപ്പിച്ചു. അപകടത്തിൽ ഒരു യുവതി കൊല്ലപ്പെടുകയും നാല് പേർക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം. മംഗളൂരുവിലെ മന്നഗുഡ്ഡ ജംഗ്‌ഷനു സമീപത്തെ ഫുട്‌പാത്തിലൂടെ ആളുകൾ നടക്കുമ്പോഴാണ് സംഭവം. കമലേഷ് ബൽദേവ് എന്നയാൾ ഓടിച്ച വെളുത്ത ഹ്യുണ്ടായ് ഇയോൺ കാറാണ് രണ്ട് സ്ത്രീകളെയും മൂന്ന് പെൺകുട്ടികളെയും ഇടിച്ചുതെറിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.
പിന്നിൽ നിന്ന് വന്ന കാർ ആദ്യം നാലുപേരെ ഇടിക്കുകയും പിന്നീട് ഒരു സ്ത്രീയുടെ മുകളിലൂടെ പാഞ്ഞുകയറുകയും ചെയ്യുകയായിരുന്നു. ഫുട്പാത്തിലെ ഒരു തൂൺ തകർക്കുകയും ഡിവൈഡറിൽ ഇടിക്കുന്നതിന് മുമ്പ് സ്ത്രീയെ ഏതാനും മീറ്ററുകളോളം വലിച്ചിഴയ്ക്കുകയും ചെയ്തു. ഞെട്ടിക്കുന്ന അപകടത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിലൂടെ പുറത്തുവന്നു.
ആറ് സെക്കൻഡിനുള്ളിൽ പ്രതി അഞ്ച് പേരെ ഇടിച്ചുതെറിപ്പിച്ചു. അപകടത്തിന് ശേഷം കാർ ഷോറൂമിന് മുന്നിൽ പാർക്ക് ചെയ്ത് ഇയാൾ തന്റെ വീട്ടിലേക്ക് പോയി. പിന്നീട് പിതാവിനൊപ്പം പൊലീസ് സ്റ്റേഷനിൽ ഹാജരായതായി പൊലീസ് പറഞ്ഞു. അപകടത്തിൽപ്പെട്ടവരെ പ്രദേശത്തുള്ളവരെത്തി ആശുപത്രിയിൽ എത്തിച്ചു. ഇരുപത്തിമൂന്നുകാരിയായ രൂപശ്രീ എന്ന യുവതിയാണ് മരിച്ചത്. ഡ്രൈവർക്കെതിരെ വിവിധ വകുപ്പുകൾ ചുമത്തി കേസെടുത്തെന്ന് പൊലീസ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam