കത്തിനൊപ്പം അമ്മയുടെ വോട്ടര്‍ ഐഡി! പ്രഗ്യാ സിംഗ് താക്കൂറിന് വധഭീഷണി സന്ദേശമയച്ച ഡോക്ടര്‍ പിടിയില്‍

By Web TeamFirst Published Jan 21, 2020, 3:45 PM IST
Highlights

കുടുംബ കലഹത്തെ തുടര്‍ന്ന് അമ്മയെയും സഹോദരനെയും കരുവാക്കുകയായിരുന്നു പ്രതി. വധഭീഷണി കത്തിനൊപ്പം വെച്ചത് അമ്മയുടെ വോട്ടര്‍ ഐഡിയും സഹോദരന്‍റെ മാര്‍ക്ക് ലിസ്റ്റും. 

ഭോപ്പാല്‍: ബിജെപി നേതാവും എംപിയുമായ പ്രഗ്യാ സിംഗ് താക്കൂറിന് ലഭിച്ച വധഭീഷണിക്ക് പിന്നില്‍ നാടകീയ സംഭവങ്ങളെന്ന് പൊലീസ്. സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് അമ്മയെയും സഹോദരനെയും കുടുക്കാനായി നടത്തിയ നാടകമാണ് ഇതെന്ന് പിടിയിലായ ഹോമിയോ ഡോക്‌ടര്‍ എടിഎസിനോട് സമ്മതിച്ചതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്‌ട്രയിലെ നന്ദദില്‍ നിന്ന് ശനിയാഴ്‌ചയാണ് സയിദ് അബ്‌ദുള്‍ റഹ്‌മാനെ അറസ്റ്റ് ചെയ്തത്. സ്വകാര്യ ഹോമിയോ ക്ലിനിക്ക് നടത്തുകയായിരുന്നു ഇയാള്‍. 

തനിക്ക് വധഭീഷണി കത്ത് ലഭിച്ചതായി ചൂണ്ടിക്കാണിച്ച് കഴിഞ്ഞ ഡിസംബര്‍ 13നാണ് ഭോപ്പാല്‍ എംപിയായ പ്രഗ്യാ സിംഗ് താക്കൂര്‍ കമാല്‍ നഗര്‍ പൊലീസില്‍ പരാതി നല്‍കിയത്. കത്തിനൊപ്പം ജ്വലനശേഷിയുള്ള 20 ഗ്രാം പൊടിയുമുണ്ടായിരുന്നു. പരാതിക്ക് പിന്നാലെ എംപിക്ക് സുരക്ഷയൊരുക്കുകയും വധഭീഷണിക്കൊപ്പം ലഭിച്ച പൗഡര്‍ രാസപരിശോധനയ്ക്ക് അയക്കുകയും ചെയ്തു. ഒരു മാസത്തിലേറെ നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പൊലീസ് പിടികൂടിയത്. 

വധഭീഷണി കത്തിനൊപ്പം വെച്ചത് അമ്മയുടെ വോട്ടര്‍ ഐഡി, സഹോദരന്‍റെ മാര്‍ക്ക് ലിസ്റ്റ്!

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ. 'അന്വേഷണം വഴിതിരിച്ചുവിടാന്‍ പ്രതി ശ്രമിച്ചതിനാല്‍ പൊലീസിന് ഏറെ പ്രയാസപ്പെടേണ്ടിവന്നു. സഹോദരന്‍റെ മാര്‍ക്ക് ഷീറ്റും അമ്മയുടെ വോട്ടര്‍ ഐഡി കാര്‍ഡിന്‍റെ കോപ്പിയും സഹിതമാണ് പ്രതി ഭീഷണി കത്ത് പ്രഗ്യാ സിംഗ് താക്കൂറിന് അയച്ചത്. പ്രതികളുടെ നീക്കങ്ങള്‍ കൃത്യമായി നിരീക്ഷിച്ച ശേഷമാണ് അറസ്റ്റ്. ഭഷണി കത്തിനൊപ്പമുണ്ടായിരുന്ന പൗഡര്‍ പടക്കങ്ങളുടെ ആവരണത്തിലുള്ളതാണെന്നും' എന്നും എഡിജിപി രാജേഷ് കുമാര്‍ വ്യക്തമാക്കി. 

സഹോദരന്‍ ഹഫീസുര്‍ റഹ്‌മാനും മാതാവ് നസീഹ ബീഗവുമായി പ്രതി സ്വത്ത് തര്‍ക്കത്തിലായിരുന്നു എന്ന് പൊലീസ് പറയുന്നു. 'അപായപ്പെടുത്താന്‍ ശ്രമിച്ചതായി കാട്ടി 2014ല്‍ സയിദ് അബ്‌ദുള്‍ റഹ്‌മാനെതിരെ ഹഫീസുര്‍ റഹ്‌മാന്‍ പരാതി നല്‍കിയിരുന്നു. കേസില്‍ അബ്‌ദുള്‍ റഹ്‌മാന്‍ 18 ദിവസം ജയിലില്‍ കിടന്നു' എന്നും അദേഹം പറഞ്ഞു. മഹാരാഷ്‌ട്രയില്‍ നിന്ന് പിടികൂടിയ പ്രതിയെ ഭോപ്പാലിലെ കോടതിയില്‍ ഹാജരാക്കി. ഏഴ് ദിവസത്തെ പൊലീസ് കസ്റ്റഡിയിലാണ് ഇയാളിപ്പോള്‍. 

ഉറുദുവിൽ എഴുതിയ ഭീഷണി കത്ത് പ്രഗ്യാ സിംഗിന്റെ വീട്ടിലുള്ള ജോലിക്കാരാണ് കത്ത് ആദ്യം കണ്ടത്. പ്രഗ്യാ സിം​ഗ് താക്കൂർ, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തമന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവരുടെ ചിത്രം ഉൾപ്പെടുത്തിയുള്ളതായിരുന്നു കത്ത്. എന്നാൽ, താൻ ഇത്തരം ഭീഷണിയിൽ ഭയപ്പെടാൻ പോകുന്നില്ലെന്ന് പ്രഗ്യാ സിംഗ് താക്കൂര്‍ അന്ന് പ്രതികരിച്ചിരുന്നു. 

click me!