
മുംബൈ: ഗോവ-മുംബൈ വിമാനം (Goa-Mumbai flight) പുറപ്പെട്ടതിന് ശേഷം വാതില്‍ക്കലെത്തി യുവാവ് ബഹളമുണ്ടാക്കിയത് പരിഭ്രാന്തി പരത്തി. ലാന്‍ഡിങ് (Landing) സമയത്തുപോലും വാതിലില്‍ നിന്ന് മാറാന്‍ തയ്യാറാകാത്തതിനാല്‍ ലാന്‍ഡിങ് വൈകി. വിമാനം ടേക്ക് ഓഫ് (Take off) ചെയ്തതിന് പിന്നാലെ ബാഗുമായി വിമാനത്തിന്റെ വാതിലിന്റെ ഗ്യാലിക്ക് സമീപം എത്തിയ ഇയാള്‍ പൈലറ്റിനെ കാണണമെന്ന് പറഞ്ഞാണ് ബഹളമുണ്ടാക്കിയത്. ദില്ലി സ്വദേശിയും 26 കാരനുമായ വ്യവസായി സല്‍മാന്‍ ഖാന്‍ എന്നയാളാണ് പ്രശ്‌നമുണ്ടാക്കിയത്. സംഭവത്തെ തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്തു. ലാന്‍ഡിംഗ് സമയത്ത് പോലും ഇയാള്‍ സീറ്റില്‍ ഇരുന്നില്ല. ഇയാള്‍ പ്രശ്‌നമുണ്ടാക്കിയത് കാരണം വിമാനം ലാന്‍ഡ് ചെയ്യുന്നത് വൈകി. ലാന്‍ഡ് ചെയ്യാനായി പൈലറ്റ് തയ്യാറായെങ്കിലും ഇയാള്‍ വാതിലില്‍ നിന്ന് മാറാന്‍ തയ്യാറാകാത്തതിനാല്‍ ലാന്‍ഡിംഗ് വൈകിപ്പിച്ച് 'ഗോ-എറൗണ്ട്' ചെയ്തു. തുടര്‍ന്ന് മറ്റ് യാത്രക്കാര്‍ ഇയാളെ നിര്‍ബന്ധിച്ച് സീറ്റിലിരുത്തുകയായിരുന്നു. അതിന് ശേഷമാണ് വിമാനം ലാന്‍ഡ് ചെയ്തത്.
ദബോലിം വിമാനത്താവളത്തില്‍ നിന്ന് മുംബൈ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് രാവിലെ ഏഴിന് പുറപ്പെട്ട ഇന്‍ഡിഗോ വിമാനത്തിലാണ് സംഭവം. വിമാനം പുറപ്പെട്ടതിന് പിന്നാലെ ഇയാള്‍ ബാഗുമെടുത്ത് വാതില്‍ക്കലെത്തി. ഫ്‌ളൈറ്റ് അറ്റന്‍ഡന്റ് ഇയാളോട് സീറ്റിലേക്ക് മടങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും ടോയ്ലറ്റില്‍ പോകണമെന്ന് പറഞ്ഞു. ടോയ്ലറ്റിലേക്ക് ബാഗുകള്‍ കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്നും ബാഗ് സീറ്റില്‍ വെക്കാനും അറ്റന്‍ഡര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ബാഗ് വെച്ച് ഇയാള്‍ ടോയ്‌ലറ്റില്‍ പോയി. തിരികെ വന്നെങ്കിലും സ്വന്തം സീറ്റിലേക്ക് തിരിച്ചുപോകാന്‍ കൂട്ടാക്കിയില്ല. സീറ്റ് മാറ്റണമെന്നും പൈലറ്റിനെ കാണണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു.
വിമാനത്തില്‍ സീറ്റ് മുഴുവന്‍ ആളുകളാണെന്നും മറ്റൊരു സീറ്റ് ലഭിക്കില്ലെന്നും അറ്റന്‍ഡര്‍ അറിയിച്ചെങ്കിലും ഇയാള്‍ വഴങ്ങിയില്ല. തുടര്‍ന്ന് എയര്‍ഹോസ്റ്റസ് പൈലറ്റിനെ വിവരം അറിയിച്ചു. സിഐഎസ്എഫ് ഇയാളെ കസ്റ്റഡിയിലെടുത്ത് എയര്‍പോര്‍ട്ട് പൊലീസിന് കൈമാറി. ഐപിസി 336, മഹാരാഷ്ട്ര പൊലീസ് ആക്ടിലെ 110, 22, 29 എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഖാനെതിരെ കേസെടുത്തിരിക്കുന്നത്.
കൊടുങ്കാറ്റിലും പതറാതെ എയര്‍ ഇന്ത്യ വിമാനം; സുരക്ഷിത ലാന്‍ഡിംഗില്‍ പൈലറ്റുമാര്‍ക്ക് അഭിനന്ദന പ്രവാഹം
പ്രതികൂല കാലാവസ്ഥ വിമാനങ്ങളുടെ ലാന്‍ഡിംഗില്‍ സൃഷ്ടിക്കുന്ന വെല്ലുവിളികള്‍ ചെറുതല്ല. എന്നാല്‍ യൂറോപ്പില്‍ വീശിയടിച്ച യൂനിസ് കൊടുങ്കാറ്റിനിടെ (Storm Eunice) യാത്രക്കാരുമായി ലണ്ടനിലെ ഹീത്രു (Heathrow airport) വിമാനത്താവളത്തിലിറങ്ങിയ എയര്‍ ഇന്ത്യ(Air India) വിമാനം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നു. പ്രതികല സാഹചര്യത്തില്‍ എയര്‍ഇന്ത്യ പൈലറ്റിന്‍റെ മനോധൈര്യവും യാത്രക്കാരോടുളള കരുതലുമാണ് ചര്‍ച്ചയാവുന്നത്.
വിമാനത്തിന് സുരക്ഷിതമായി ഇറങ്ങാന്‍ സാധിക്കുമോയെന്ന ആശങ്ക കൃത്യമായി പങ്കുവയ്ക്കുന്നതാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്ന വീഡിയോ. വടക്ക് പടിഞ്ഞാറന്‍ യൂറോപ്പിനെ വളരെ സാരമായി ബാധിച്ചിരിക്കുകയാണ് യൂനിസ് കൊടുങ്കാറ്റ്. മേഖലയിലേക്കുള്ള നൂറ് കണക്കിന് വിമാന സര്‍വ്വീസുകളാണ് കനത്ത കാറ്റിനേത്തുടര്‍ന്ന് റദ്ദാക്കിയത്. ഇതിനിടയ്ക്കാണ് എയര്‍ ഇന്ത്യയുടെ സുരക്ഷിത ലാന്‍ഡിംഗ് ചര്‍ച്ചയാവുന്നത്. എയര്‍ ഇന്ത്യ വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്യുന്ന ദൃശ്യങ്ങള്‍ ആയിരക്കണക്കിന് പേരാണ് ലൈവായി കണ്ടത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam