
മുംബൈ: ഇലക്ട്രിക് വാഹന നിർമാതാക്കളായ ഒലയിൽ (Ola) നിന്ന് തൃപ്തികരമായ മറുപടി ലഭിക്കാത്തതിൽ യുവാവിന്റെ വേറിട്ട പ്രതിഷേധം. ഒല ഇലക്ട്രിക് സ്‌കൂട്ടർ വാങ്ങി ഏതാനും ദിവസങ്ങൾക്കുള്ളിൽ പ്രവർത്തന രഹിതമായതോടെയാണ് യുവാവ് കമ്പനിയെ സമീപിച്ചത്. എന്നാൽ ഒലയിൽ നിന്ന് തൃപ്തികരമായ മറുപടി ലഭിച്ചില്ല. തുടർന്ന് സ്കൂട്ടറിൽ കഴുതയെ കെട്ടിവലിച്ച് നഗര പ്രദക്ഷിണം നടത്തിയാണ് യുവാവ് തന്റെ പ്രതിഷേധം അറിയിച്ചത്. മഹാരാഷ്ട്ര ബീഡ് ജില്ലയിൽ നിന്നുള്ള സച്ചിൻ ഗിറ്റെ എന്നയാളാണ് പ്രതിഷേധം നടത്തിയത്.
കമ്പനിയെ വിശ്വസിക്കരുതെന്ന പോസ്റ്ററുകളും ബാനറുകളും ഉപയോഗിച്ചായിരുന്നു പ്രതിഷേധം. പ്രാദേശിക വാർത്താ ചാനലായ ലെറ്റ്സ് അപ്പ് ആണ് ദൃശ്യങ്ങൾ പുറത്തുവിട്ടത്. എബിപി ന്യൂസും വാർത്ത റിപ്പോർട്ട് ചെയ്തു. സച്ചിൻ ഗിറ്റെ സ്കൂട്ടർ വാങ്ങി ആറ് ദിവസത്തിന് ശേഷം വാഹനം പ്രവർത്തിച്ചില്ലെന്ന് ഇയാൾ ആരോപിച്ചു. കമ്പനിയുമായി ബന്ധപ്പെട്ടപ്പോൾ മെക്കാനിക്കിനെ അയച്ചു സ്കൂട്ടർ പരിശോധിച്ചു. എന്നാൽ പ്രശ്നം പരിഹരിക്കാൻ ആരുമെത്തിയില്ലെന്നും യുവാവ് ആരോപിച്ചു. തുടർന്ന് കമ്പനിയുടെ കസ്റ്റമർ കെയറുമായി നിരന്തരം ബന്ധപ്പെട്ടെങ്കിലും അനുകൂലമായി പ്രതികരണം ഉണ്ടായില്ല. തുടർന്നാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. തട്ടിപ്പ് കമ്പനിയായ ഓലയെ സൂക്ഷിക്കുക, ഓല കമ്പനിയുടെ ഇരുചക്ര വാഹനങ്ങൾ വാങ്ങരുത് എന്നെഴുതിയ ബാനറുകൾ പ്രദർശിപ്പിച്ചായിരുന്നു പര്യടനം.
സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായി. സച്ചിൻ ഗിറ്റെ ഉപഭോക്തൃ ഫോറത്തെ സമീപിച്ചു. കമ്പനിയിൽ നിന്ന് ഉപഭോക്താക്കൾക്ക് സാമ്പത്തിക പരിരക്ഷയില്ലെന്നും സർക്കാർ ഒലയെക്കുറിച്ച് അന്വേഷിച്ച് ഉചിതമായ നടപടിയെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വാഹനങ്ങൾക്ക് തീപിടിച്ചെന്ന റിപ്പോർട്ടുകളെത്തുടർന്ന്, ഒല 1,441 യൂണിറ്റ് ഇലക്ട്രിക് ഇരുചക്രവാഹനങ്ങൾ വിപണിയിൽ നിന്ന് പിൻവലിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam