
ദില്ലി: മണിപ്പൂരിൽ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് കുക്കി നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തും. കുക്കിസംഘടനയായ ഇൻ്റിജീനിയസ് ട്രൈബൽ ലീഡേഴ്സ് ഫോറത്തിൻ്റെ നാലംഗ സംഘമാണ് അമിത്ഷായുമായി കൂടിക്കാഴ്ച നടത്തുക. കുക്കികളുടെ സുരക്ഷയ്ക്കായി എല്ലാ മലയോര ജില്ലകളിലെയും മെയ്തേയ് സംസ്ഥാന പൊലീസ് വിന്യാസം ഒഴിവാക്കുക, ഇംഫാലിലെ കുകി ജയില്‍ തടവുകാരെ സുരക്ഷ മുന്‍നിര്‍ത്തി മറ്റ് സംസ്ഥാനങ്ങളിലേക്ക് മാറ്റുക, പ്രത്യേക ഭരണകൂടം ഉൾപ്പെടെ ആവശ്യങ്ങളാണ് മുന്നോട്ട് വച്ചത്.
കുക്കിസംഘടന മുന്നോട്ട് വച്ച അഞ്ച് വിഷയങ്ങളും ചർച്ച ചെയ്യും. മണിപ്പൂരിൽ കലാപം അവസാനിപ്പിക്കാനുള്ള നിർണ്ണായക നീക്കമാണ് ഈ ചർച്ച. കുക്കികളുടെ സുരക്ഷയ്ക്കായി എല്ലാ മലയോര ജില്ലകളിലെയും മെയ്തേയ് സംസ്ഥാന പൊലീസ് വിന്യാസം ഒഴിവാക്കുക, ഇംഫാലിലെ കുകി ജയില്‍ തടവുകാരെ സുരക്ഷ മുന്‍നിര്‍ത്തി മറ്റ് സംസ്ഥാനങ്ങളിലേക്ക് മാറ്റുക, പ്രത്യേക ഭരണകൂടം ഉൾപ്പെടേ ആവശ്യങ്ങളാണ് മുന്നോട്ട് വച്ചത്.
അതേസമയം, മണിപ്പൂര്‍ കലാപത്തിലെ അന്വേഷണത്തിന് മൂന്നംഗ സമിതിയെ സുപ്രീംകോടതി നിയോഗിച്ചു. സിബിഐ അന്വേഷിക്കുന്ന കൂട്ടബലാത്സക്കേസുകളുടെ മേല്‍നോട്ടത്തിന് മുൻ മഹാരാഷ്ട്ര ഡിജിപി ദത്താത്രേയ പട്സാല്‍ക്കറിനെയും കോടതി നിയമിച്ചു. നിയമവാഴ്ചയിലുള്ള വിശ്വാസം വീണ്ടെടുക്കാനുള്ള ശ്രമമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. മണിപ്പൂർ കലാപത്തിലും അന്വേഷണത്തിലും അതിനിർണ്ണായക ഇടപെടല്‍ നടത്തിയിരിക്കുകയാണ് സുപ്രീംകോടതി. സ്വമേധയ എടുത്ത കേസ് ഉൾപ്പെടെ വിവിധ ഹർജികള്‍ പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചിന്‍റെ ഇടപെടല്‍.
മണിപ്പൂരിൽ കലാപം രൂക്ഷം: വീടുകൾക്ക് തീയിട്ടു, വെടിവെയ്പ്, സംഘർഷത്തിൽ പരിക്കേറ്റ പൊലീസുകാരൻ മരിച്ചു
മുൻ ഹൈക്കോടതി വനിതാ ജഡ്ജിമാർ അടങ്ങുന്ന ഉന്നതതല സമിതിയെയാണ് കലാപത്തെ കുറിച്ച് അന്വേഷിക്കാൻ നിയോഗിച്ചത്. മുൻ ജഡ്ജിമാരായ ഗീത മിത്തൽ, ശാലിനി പി ജോഷി, മലയാളിയായ ആശ മേനോൻ എന്നിവരടങ്ങുന്നതാണ് സമിതി. അന്വേഷണങ്ങൾക്ക് പുറമെ പുനരധിവാസം, ദുരിതാശ്വാസ പ്രവർത്തനം, നഷ്ടപരിഹാരം തുടങ്ങിയ കാര്യങ്ങളും സമിതിയുടെ പരിധിയിൽ വരും. ഇതുസംബന്ധിച്ച റിപ്പോർട്ട് സമിതി കോടതിക്ക് സമർപ്പിക്കും. സിബിഐ അന്വേഷണം തടയുന്നില്ലെന്ന വ്യക്തമാക്കിയ കോടതി നിലവിലുള്ള സംഘത്തിനൊപ്പം കോടതി നിയോഗിച്ച അഞ്ച് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി. വിവിധ സംസ്ഥാന പൊലീസുകളിൽ നിന്നായി ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥരാകും ഇവർ.