
ദില്ലി: വിവാദമായതോടെ ഈസ്റ്റര്‍ ദിനത്തിലെ ഔദ്യോഗിക അവധി റദ്ദാക്കികൊണ്ടുള്ള ഉത്തരവ് മണിപ്പൂര്‍ സര്‍ക്കാര്‍ പിന്‍വലിച്ചു. ഈസ്റ്റര്‍ ദിനം പ്രവര്‍ത്തി ദിവസമാക്കികൊണ്ട് കഴിഞ്ഞദിവസമിറക്കിയ ഉത്തരവാണ് പിന്‍വലിച്ചത്. പുതിയ ഉത്തരവനുസരിച്ച് മണിപ്പൂരില്‍ ദുഖവെള്ളിയും ഈസ്റ്ററും അവധി ദിവസമായിരിക്കും. ഇതിനിടയില്‍ ശനിയാഴ്ച (മാര്‍ച്ച് 30) മാത്രം പ്രവര്‍ത്തി ദിനമായിരിക്കുമെന്ന് വ്യക്തമാക്കിയാണ് പുതിയ ഉത്തരവിറക്കിയത്. ഈസ്റ്റർ ദിനത്തെ അവധി റദ്ദാക്കിയത് നേരത്തെ വലിയ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. തുടര്‍ന്ന് ഇക്കാര്യത്തില്‍ കേന്ദ്രം ഇടപെടുകയായിരുന്നുവെന്നാണ് വിവരം.
ദു:ഖവെള്ളിയാഴ്ചയും ഈസ്റ്റര്‍ ഞായറാഴ്ചയും അവധിയായിരിക്കുമെന്ന് വ്യക്തമാക്കി മണിപ്പൂര്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയെന്നും വിഷയങ്ങള്‍ ഒന്നുമില്ലാത്ത കോണ്‍ഗ്രസ് അസത്യം മെനയുകയാണെന്നും ബിജെപി നേതാവ് പ്രകാശ് ജാവദേക്കർ ആരോപിച്ചു. റഷ്യയിലെ തീവ്രവാദ ആക്രമണത്തെയും ഹമാസിന്‍റെ ആക്രമണത്തെയും കോണ്‍ഗ്രസും കമ്യൂണിസ്റ്റും ഇനി എപ്പോഴാണ് അപലപിക്കുകയെന്ന് പറയണമെന്നും ജാവദേക്കര്‍ എക്സ് പ്ലാറ്റ്ഫോമില്‍ കുറിച്ചു.
മണിപ്പൂരില്‍ ഈസ്റ്ററിനും ദു:ഖവെള്ളിക്കും അവധി നിഷേധിച്ചതിനെതിരെ നേരത്തെ കേന്ദ്ര മന്ത്രിയും തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ രാജീവ് ചന്ദ്രശേഖര്‍, തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, കെസി വേണുഗോപാല്‍ തുടങ്ങിയവര്‍ രംഗത്തെത്തിയിരുന്നു. വിവാദ തീരുമാനം പിൻവലിക്കണമെന്ന് മണിപ്പൂർ സർക്കാരിനോട് ആവശ്യപ്പെട്ടുവെന്നാണ് രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കിയിരുന്നത്.
ഇന്നലെയാണ് ഈസ്റ്റര്‍ ദിനത്തിലെ ഔദ്യോഗിക അവധി പിൻവലിച്ച് മണിപ്പൂര്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഈസ്റ്റര്‍ ദിനം പ്രവര്‍ത്തി ദിനമായിരിക്കുമെന്നാണ് സര്‍ക്കാര്‍ പുറത്തുവിട്ട ഉത്തരവിൽ വ്യക്തമാക്കിയിരുന്നത്. ഈ ഉത്തരവാണ് വിവാദമായത്. സാമ്പത്തിക വര്‍ഷത്തിന്‍റെ അവസാന ദിനമെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. മാര്‍ച്ച് 31 നാണ് ഈ വര്‍ഷത്തെ ഈസ്റ്റര്‍. മാര്‍ച്ച് 30 ശനിയാഴ്ചയും 31 ഞായറാഴ്ചയുമാണ്. ഈ രണ്ട് ദിവസങ്ങളും പ്രവര്‍ത്തി ദിവസമായിരിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു.
ക്രൈസ്തവ വിശ്വാസികളെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട ദിവസമാണ് ഈസ്റ്റര്‍ ദിനം. കുരിശിലേറ്റപ്പെട്ട യേശുക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റതിന്റെ ഓര്‍മ്മ പുതുക്കുന്ന ദിവസമാണിത്. അതിനാൽ തന്നെ സർക്കാർ നടപടിക്കെതിരെ ശക്തമായ പ്രതിഷേധവുമായി മണിപ്പൂരിലെ കുക്കി സംഘടനകൾ രംഗത്ത് വന്നിട്ടുണ്ട്. എന്നാൽ ഉത്തരവ് പിൻവലിക്കാൻ സംസ്ഥാനം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ തയ്യാറായിട്ടില്ല. നിലവില്‍ മാര്‍ച്ച് 29നും മാര്‍ച്ച് 31നുമാണ് മണിപ്പൂരില്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
മണിപ്പൂരില്‍ ഈസ്റ്ററിന് അവധി നിഷേധിച്ചത് അന്യായമെന്ന് ശശി തരൂര്‍
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam