ചുരാചന്ദ്പൂരിൽ സ്ഥിതി സങ്കീർണ്ണം; മണിപ്പൂരിലെ കുക്കി വിഭാഗത്തിലുള്ളവരുടെ കൂട്ടസംസ്കാരം തടഞ്ഞ് കോടതി

Published : Aug 03, 2023, 01:17 PM ISTUpdated : Aug 03, 2023, 01:18 PM IST
ചുരാചന്ദ്പൂരിൽ സ്ഥിതി സങ്കീർണ്ണം; മണിപ്പൂരിലെ കുക്കി വിഭാഗത്തിലുള്ളവരുടെ കൂട്ടസംസ്കാരം തടഞ്ഞ് കോടതി

Synopsis

സംസ്കാരചടങ്ങുകൾ ഒരാഴ്ചത്തേക്ക് കോടതി തടഞ്ഞതോടെയാണ് തീരുമാനം. ഇതിനിടെ ഇംഫാൽ വെസ്റ്റിലുണ്ടായ വെടിവെപ്പിൽ രണ്ട് പേർക്ക് പരിക്കേറ്റു

ചുരാചന്ദ്പൂര്‍: മണിപ്പൂർ ഹൈക്കോടതി ഉത്തരവിനെ തുടർന്ന് കലാപത്തിൽ കൊല്ലപ്പെട്ടവരുടെ കൂട്ടസംസ്കാരം മാറ്റിവെച്ച് കുക്കി സംഘടനകൾ. സംസ്കാരചടങ്ങുകൾ ഒരാഴ്ചത്തേക്ക് കോടതി തടഞ്ഞതോടെയാണ് തീരുമാനം. ഇതിനിടെ ഇംഫാൽ വെസ്റ്റിലുണ്ടായ വെടിവെപ്പിൽ രണ്ട് പേർക്ക് പരിക്കേറ്റു. 160 ലേറെപ്പേര്‍ കൊല്ലപ്പെട്ട മണിപ്പൂര്‍ കലാപത്തില്‍ 129 പേര്‍ കുക്കി വിഭാഗത്തില്‍ നിന്നുള്ളവരാണ്.

കലാപം തുടങ്ങി 90ാം ദിവസവും മണിപ്പൂരിൽ സംഘർഷത്തിന് അയവില്ലാത്ത സ്ഥിതിയാണ് മേഖലയിലുള്ളത്. മേയ് 3 മുതൽ കൊല്ലപ്പെട്ട 35 കുക്കി വംശജരുടെ കൂട്ട ശവസംസ്‌കാരം ഇന്ന് നടത്താനിരുന്നതായിരുന്നു. മെയ്തെയ് ഭൂരിപക്ഷ പ്രദേശമായ ചുരാചന്ദ്പുരിലെ ബൊൽജാങിലെ പീസ് ഗ്രൌണ്ടിലാണ് ചടങ്ങുകൾ നടത്തിനിരുന്നത്. രാവിലെ ഏഴ് മണിയോടെ പ്രാർത്ഥനാ ചടങ്ങുകളും തുടങ്ങി. എന്നാൽ സംസ്കാരം മെയ്തെയ് സംഘടനകൾ ചടങ്ങ് തടയുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതോടെ ഇവിടെ സുരക്ഷ കൂട്ടിയിരുന്നു. ഇതിനിടെയാണ് മറ്റൊരു മെയ്തെയ് സംഘടന മണിപ്പൂർ ഹൈക്കോടതിയെ സമീപിച്ചത്.

ഈ ഹർജിയിൽ പുലർച്ച ആറ് മണിക്ക് വാദം കേട്ട കോടതി ചടങ്ങുകൾ ഒരാഴ്ച്ചത്തേക്ക് തടഞ്ഞു. തൽസ്ഥിതി തുടരാൻ ഉത്തരവിട്ടു. കേന്ദ്ര സംസ്ഥാന സർക്കാരുകൾ യോജിച്ച് പ്രശ്നം പരിഹരിക്കണമെന്നും കോടതി ഉത്തരവിട്ടുണ്ട്. കോടതി നിർദ്ദേശത്തെ തുടർന്ന് സംസ്കാരം മാറ്റിവെച്ചെന്ന് കുക്കി സംഘടന അറിയിച്ചു. പുലർച്ചെ 5 മണിയോടെയാണ് ഇംഫാൽ വെസ്റ്റിലെ സെൻജാം ചിരാംഗിൽ വെടിവെപ്പുണ്ടായത്. ഇരുവിഭാഗങ്ങളും തമ്മിലാണ് വെടിവെപ്പുണ്ടായത്. സംഭവത്തിൽ ഒരു പൊലീസുകാരന് ഗുരുതമായി പരിക്കേറ്റിട്ടുണ്ട്. മെയ് മാസം 3ാം തിയതിയാണ് മണിപ്പൂരില്‍ കലാപം ആരംഭിച്ചത്. മുഖ്യമന്ത്രി ബിരേന്‍ സിംഗിനെ പുറത്താക്കി, രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തും വരെ സംസ്കാരം നടത്തില്ലെന്നായിരുന്നു നേരത്തെ കുക്കി സംഘടനകള്‍ പ്രതികരിച്ചിരുന്നത്.

ഒടുവിലാണ് കലാപം മൂന്ന് മാസം പൂര്‍ത്തിയാവുന്ന ദിവസം കൂട്ടസംസ്കാരം നടത്താന്‍ തീരുമാനിക്കുകയായിരുന്നു. ഇതാണ് കോടതി ഇടപെടലിനേ തുടര്‍ന്ന് മാറ്റിവച്ചത്. സംസ്കാരം നടത്താനിരുന്ന മേഖലയില്‍ തല്‍സ്ഥിതി തുടരണമെന്ന് മണിപ്പൂര്‍ ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ് എം വി മുരളിധരനാണ് ഉത്തരവിട്ടത്. മേഖലയില്‍ ക്രമസമാധാന പാലനം പൊലീസ് സംവിധാനങ്ങള്‍ ഉറപ്പാക്കണമെന്ന് ജസ്റ്റിസ് എ ഗുണേശ്വര്‍ ശര്‍മയും വിശദമാക്കി. ഒരാഴ്ചയ്ക്കുള്ളില്‍ സംസ്കാര സ്ഥലത്തിനുള്ള ആവശ്യവുമായി അധികാരികളെ സമീപിക്കാനും കുക്കി സോ വിഭാഗത്തിലെ ആളുകളോട് കോടതി ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കൊച്ചിയിൽ, എൻഡിഎ നിയമസഭാ തെരഞ്ഞെടുപ്പ് പരിപാടികൾക്ക് ഔദ്യോഗിക തുടക്കമിടും
പശ്ചിമേഷ്യൻ സംഘർഷം: ഇടപെടലുമായി ഇന്ത്യ, വിദേശകാര്യ മന്ത്രി ജയ്ശങ്കർ ഇറാനുമായി സംസാരിച്ചു, ബന്ധം തുടരും