സ്ത്രീകളെ നഗ്നരാക്കി നടത്തിയ ദൃശ്യം: രോഷമുയരുന്നു, മണിപ്പൂരിൽ സ്ഥിതി വഷളാകുമെന്ന് ഭീതി, ജാഗ്രത

Published : Jul 20, 2023, 06:47 AM IST
സ്ത്രീകളെ നഗ്നരാക്കി നടത്തിയ ദൃശ്യം: രോഷമുയരുന്നു, മണിപ്പൂരിൽ സ്ഥിതി വഷളാകുമെന്ന് ഭീതി, ജാഗ്രത

Synopsis

രണ്ട് സ്‍ത്രീകളെ അക്രമികള്‍ ചേര്‍ന്ന് നഗ്നരാക്കി നടത്തിക്കൊണ്ട് വരുന്നതും അവരെ ലൈംഗികമായി പീഡിപ്പിക്കുന്നതുമാണ് വീഡിയോയില്‍ ഉള്ളത്

ദില്ലി: മണിപ്പൂരിൽ വീണ്ടും സ്ഥിതിഗതികൾ വഷളാകുമെന്ന് ഭീതി ഉയർന്നു. മെയ് നാലിന് രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തി ലൈംഗികമായി പീഡിപ്പിച്ച ദൃശ്യങ്ങൾ പുറത്ത് വന്നതോടെയാണ് ഇത്. സംസ്ഥാനത്ത് അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. സംഭവത്തിൽ വ്യാപക വിമർശനം ഉയർന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മൗനം ചോദ്യം ചെയ്ത് കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, സിപിഎം, ആം ആദ്മി പാർട്ടികൾ അടക്കം പല നേതാക്കളും രംഗത്ത് വന്നു. സംഭവത്തിൽ കൂട്ട ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ കൊലപാതകം ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്ത് പൊലീസ് കേസെടുത്തിട്ടുണ്ട്. എന്നാൽ പ്രതികളെ ആരെയും പിടികൂടാൻ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.

വിമർശനം ശക്തമായതോടെ കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി സ്മൃതി ഇറാനി, മണിപ്പൂർ മുഖ്യമന്ത്രിയായി സംസാരിച്ചു. നടന്നത് മനുഷ്യത്വരഹിതമായ നടപടിയെന്ന് വിമർശിച്ച അവർ, സംഭവത്തെ അപലപിച്ചു. മണിപ്പൂർ മുഖ്യമന്ത്രി ബീരേൻസിങ്ങുമായി താൻ സംസാരിച്ചുവെന്നും 
കുറ്റക്കാരെ കണ്ടെത്തി ശിക്ഷിക്കുമെന്നും അന്വേഷണം തുടങ്ങിയതായും മുഖ്യമന്ത്രി പറഞ്ഞതായും അവർ ട്വീറ്റ് ചെയ്തു.

രണ്ട് സ്‍ത്രീകളെ അക്രമികള്‍ ചേര്‍ന്ന് നഗ്നരാക്കി നടത്തിക്കൊണ്ട് വരുന്നതും അവരെ ലൈംഗികമായി പീഡിപ്പിക്കുന്നതുമാണ് വീഡിയോയില്‍ ഉള്ളത്. സ്ത്രീകളെ ഒരു പാടത്തേക്ക് നടത്തിക്കൊണ്ട് പോകുന്നത് ദൃശ്യങ്ങളിലുണ്ട്. മെയ്‍തെയ് വിഭാഗത്തില്‍പെട്ടവരുടെ കൂട്ടമാണ് ഇത് ചെയ്തതെന്ന് ഇന്റിജീനസ് ട്രൈബല്‍ ലീഡേഴ്‌സ് ഫോറം ആരോപിച്ചു.  ഇവരെ അക്രമികള്‍ കൂട്ടബലാത്സംഗം ചെയ്തുവെന്നും ഐടിഎല്‍എഫ് നേതാക്കാള്‍ പറഞ്ഞു. 

ഈ സംഭവം നടക്കുന്നതിന് മുമ്പ് ഇവിടെ കുക്കി - മെയ്തെയ് വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. മണിപ്പൂര്‍ തലസ്ഥാനമായ ഇംഫാലില്‍ നിന്ന് 35 കിലോമീറ്റര്‍ അകലെ കാങ്‍കോപിയിലാണ് സംഭവം നടന്നതെന്ന് ഇന്റിജീനസ് ട്രൈബല്‍ ലീഡേഴ്‍സ് ഫോറം അറിയിച്ചു. എന്നാല്‍ സംഭവം നടന്നത് മറ്റൊരു ജില്ലയിലാണെന്നും കാങ്‍കോപിയില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതാണെന്നും മണിപ്പൂര്‍ പൊലീസിന്റെ വാദം.

പ്രധാനമന്ത്രിയുടെ നിശബ്ദതയും നിഷ്ക്രിയത്വവുമാണ് മണിപ്പൂരിനെ അരാജകത്വത്തിലേക്ക് നയിച്ചതെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. ഇന്ത്യ എന്ന ആശയം ആക്രമിക്കപ്പെടുമ്പോൾ ' ഇന്ത്യ'ക്ക് നിശബ്ദമായിരിക്കാൻ ആവില്ല. മണിപ്പൂരിലെ ജനങ്ങളോടൊപ്പമാണ് തങ്ങളെന്നും സമാധാനമാണ് ഏക വഴിയെന്നും രാഹുൽ പറഞ്ഞു. ഹൃദയ ഭേദകമായ ദൃശ്യങ്ങളാണ് മണിപ്പൂരിൽ നിന്ന് വരുന്നതെന്ന് പ്രിയങ്ക ഗാന്ധി ആരോപിച്ചു.  കേന്ദ്രസർക്കാരും പ്രധാനമന്ത്രിയും അക്രമത്തിന് നേരെ കണ്ണടച്ചു നിൽക്കുന്നു. ഈ ദൃശ്യങ്ങളൊന്നും ഇവരെ അസ്വസ്ഥരാക്കുന്നില്ലേ എന്നും പ്രിയങ്ക ഗാന്ധി ചോദിച്ചു. 

വെറുപ്പ് മണിപ്പൂരിൽ ജയിച്ചുവെന്ന് തിപ്ര മോത പാർട്ടി നേതാവ് പ്രത്യുദ് ദേബ് ബർമ്മൻ പറഞ്ഞു. രണ്ടു സമുദായങ്ങൾ തമ്മിലുള്ള ബന്ധം ഇല്ലാതായെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇരട്ട എഞ്ചിൻ ഭീകരതയോട് മോദി  മൗനം പാലിക്കുകയാണെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും മണിപ്പൂരിലെ സ്ത്രീകൾക്ക് നീതി ഉറപ്പിക്കാൻ കഴിഞ്ഞില്ലെങ്കിൽ ബിജെപിയുടെ നാരി ശക്തി അവകാശവാദം പൊള്ളയാണെന്ന് തെളിയുമെന്ന് തൃണമൂൽ കോൺഗ്രസും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നിഷ്ക്രിയത്വം രാജ്യത്തെ ജനങ്ങൾക്ക് വേദനാജനകമെന്ന് എഎപിയും പ്രതികരിച്ചു.

ഉമ്മൻ ചാണ്ടി അന്തരിച്ചു | Asianet News Live
 

PREV
Read more Articles on
click me!

Recommended Stories

ഫ്രാൻസ് മുതൽ ഓസ്ട്രേലിയ വരെ നടപ്പാക്കിയ നിയമം; എന്താണ് ലോക്സഭയിൽ അവതരിപ്പിച്ച റൈറ്റ് ടു ഡിസ്കണക്റ്റ് ബിൽ?
കുഴല്‍ കിണർ പൈപ്പില്‍ ഗ്രീസ് പുരട്ടിവെച്ചു, 2000 രൂപയുടെ പേരിൽ ഈ ക്രൂരത! പൊലീസ് ഇടപെടൽ, കേസെടുത്തു