
ഇംഫാല്‍: മണിപ്പൂരിൽ പൊലീസുകാരനെ വെടിവച്ചുകൊന്നു. മൊറേയിലാണ് സംഭവം. ചിങ് തം ആനന്ദ് എന്ന പൊലീസ് ഓഫീസറാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് പിന്നിൽ കുക്കി സായുധ സംഘമാണെന്നാണ് പ്രാഥമിക വിവരം.
ഇന്ന് രാവിലെ 9.30 ന് മ്യാന്‍മര്‍ അതിര്‍ത്തിയോട് ചേര്‍ന്ന മൊറേയിലാണ് സംഭവമുണ്ടായത്. മോറെ സബ് ഡിവിഷണൽ പൊലീസ് ഓഫീസറാണ് (എസ് ഡി പി ഒ) ചിങ് തം ആനന്ദ്. അതിർത്തി പട്ടണത്തിൽ പുതുതായി നിർമ്മിച്ച ഹെലിപാഡ് പരിശോധിക്കുന്നതിനിടെയാണ് സംഭവം. പൊലീസ് ഓഫീസറുടെ വയറ്റിലൂടെ വെടിയുണ്ട തുളച്ച് കയറുകയായിരുന്നു.
പരിക്കേറ്റ എസ് ഡി പി ഒയെ മോറെയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. അക്രമികളെ പിടികൂടാനുള്ള തെരച്ചില്‍ പൊലീസ് ആരംഭിച്ചിട്ടുണ്ട്.
എസ്ഡിപിഒ ആനന്ദിന്‍റെ കൊലപാതകത്തില്‍ മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് അനുശോചിച്ചു. അഗാധമായ ദുഃഖമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങളെ സേവിക്കാനും സംരക്ഷിക്കാനുമുള്ള അദ്ദേഹത്തിന്റെ സമർപ്പണം എന്നും ഓർമ്മിക്കപ്പെടും. കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും മണിപ്പൂര്‍ മുഖ്യമന്ത്രി പറഞ്ഞു. അതിര്‍ത്തി പട്ടണങ്ങളില്‍ നിന്ന് പൊലീസിനെ പിന്‍വലിക്കണമെന്ന് വിവിധ സംഘടനകള്‍ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് വെടിവയ്പ്പെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam