
ചുരാചന്ദ്പ്പൂർ: മണിപ്പൂരിൽ അസം റൈഫിൾസിന് നേരെയുണ്ടായ ഭീകരാക്രമണത്തിന്‍റെ (Manipur terror attack) ഉത്തരവാദിത്തം ഏറ്റെടുത്ത് സംഘടനകള്‍. മണിപ്പൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി ഓഫ് മണിപ്പൂരും (PLA) മണിപ്പൂര്‍ നാഗാ ഫ്രണ്ടുമാണ് (MNPF) ഉത്തരവാദിത്തം ഏറ്റെടുത്തത്. സംയുക്ത പ്രസ്താവനയിലൂടെയായിരുന്നു ഇരുവരും ഉത്തരവാദിത്തം ഏറ്റെടുത്തത്. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് മണപ്പൂരിലെ ചുരാചന്ദ്പൂർ ജില്ലയിലെ സെഹ്കനാനില്‍ ആക്രമണമുണ്ടായത്. അസം റൈഫിൾസ് 46-ാം യൂണിറ്റ് കമാൻഡിംഗ് ഓഫീസറായ വിപ്ലബ് ത്രിപാഥി, അദ്ദേഹത്തിൻ്റെ ഭാര്യ, ഏട്ട് വയസുള്ള മകൻ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന മൂന്ന് ജവാന്മാർ, വാഹനത്തിൻ്റെ ഡ്രൈവർ എന്നിവർക്കാണ് ഭീകരാക്രമണത്തിൽ ജീവൻ നഷ്ടമായത്.
വാഹനവ്യൂഹം കടന്നു പോകുന്നതിനിടെ ഭീകരർ സ്ഥാപിച്ച് കുഴിബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. പിന്നാലെ ഒളിഞ്ഞിരുന്ന ഭീകരർ ജവാന്മാർക്ക് നേരെ വെടിവച്ചു. വൻ ആയുധശേഖരത്തോട് കൂടിയാണ് ഭീകരർ ആക്രമണം നടത്തിയതെന്നാണ് വിവരം. മ്യാൻമാർ അതിർത്തിയോട് ചേർന്നുള്ള ഒരു വിദൂരപ്രദേശമാണിത്. ഭീകരാക്രമണത്തെ അപലപിച്ച പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവരെ നീതിക്ക് മുന്നിൽ കൊണ്ടുവരുമെന്ന് വ്യക്തമാക്കി. ആക്രമണത്തെ മണിപ്പൂർ മുഖ്യമന്ത്രിയും അപലപിച്ചു. ആക്രമണത്തിന് പിന്നാലെ മേഖലയിൽ സുരക്ഷസേന തെരച്ചിൽ ശക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam