
ദില്ലി: മണിപ്പൂരിൽ വീണ്ടും കലാപം രൂക്ഷമായി തുടരുന്നതിനിടെ ഇന്ന് സുപ്രീം കോടതി വിഷയം പരിഗണിക്കും. നേരത്തെ മണിപ്പൂർ വിഷയം പരിഗണിക്കവെ ചീഫ് സെക്രട്ടറിയോടും ഡി ജി പിയോടും ഹാജരാകാൻ സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് ഇരുവരും ഇന്ന് സുപ്രീം കോടതിയിൽ ഹാജരാകും. ഇതിനായി ഇരുവരും ഇന്നലെ തന്നെ ദില്ലിയിൽ എത്തിയിരുന്നു. ഇന്നലെ ദില്ലിയിലെത്തിയ മണിപ്പൂർ ചീഫ് സെക്രട്ടറിയും ഡി ജി പിയും ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരെ കണ്ടിരുന്നു. സുപ്രീം കോടതിയിൽ ഹാജരാകുന്നതിന് മുന്നോടിയായിട്ടാണ് കൂടിക്കാഴ്ച്ച നടത്തിയതെന്നാണ് ആഭ്യന്തര മന്ത്രാലയത്തിൽ നിന്നും പുറത്തുവരുന്ന റിപ്പോർട്ടുകൾ.
അതേസമയം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് കുക്കി നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തും. ഇൻ്റിജീനിയസ് ട്രൈബൽ ലീഡേഴ്സ് ഫോറത്തിൻ്റെ (ഐ റ്റി എൽ എഫ്) നാലംഗ സംഘവുമായാണ് ഷാ കൂടിക്കാഴ്ച്ച നടത്തുന്നത്. മെയ് 29 നും ജൂൺ 1 നും ഇടയിൽ മണിപ്പൂർ സന്ദർശന വേളയിൽ ITLF നേതാക്കൾ ഷായെ കണ്ടിരുന്നു.
അതിനിടെ അപ്രതീക്ഷിതമായി ബി ജെ പി സർക്കാരിനുള്ള പിന്തുണ കുക്കി പീപ്പിൾസ് അലയൻസ് ഇന്നലെ പിൻവലിച്ചിരുന്നു. എൻ ഡി എ സഖ്യത്തിൽ നിന്നും പിൻവാങ്ങുന്നതായി പാർട്ടി വാർത്താക്കുറിപ്പിലൂടെ അറിയിച്ചിരുന്നു. രണ്ട് എം എൽ എ മാരാണ് പാർട്ടിക്ക് ഉള്ളത്. അതുകൊണ്ടുതന്നെ കുക്കി പീപ്പിൾസ് അലയൻസിന്‍റെ പിന്തുണ പിൻവലിക്കൽ നിലവിൽ സർക്കാരിന് ഭീഷണിയല്ല.
അതേസമയം മണിപ്പൂരിൽ വീണ്ടും കലാപം രൂക്ഷമാകുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന സംഘർഷത്തിൽ നിരവധി പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകളൾ. ആറ് പേർ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കുന്നത്. മരണ സംഖ്യ ഉയരുമോയെന്ന ആശങ്കയുണ്ട്. അക്രമികള്‍ നിരവധി വീടുകൾക്ക് തീയിട്ടിരുന്നു. ബിഷ്ണുപൂരിൽ സൈന്യത്തിന് നേരെയും ആക്രമണം നടന്നു. ഇംഫാൽ മുതൽ ബിഷ്ണുപൂർ വരെയുള്ള മേഖലകളിൽ വ്യാപക അക്രമങ്ങളാണ് നടന്നത്.
ക്വാക്ടയിൽ മെയ്തേയി വിഭാഗത്തിലെ മൂന്ന് പേർ കൊല്ലപ്പെട്ടതോടെയാണ് ഇന്നലെ സ്ഥിതി രൂക്ഷമായത്. തുടർന്ന് കുക്കി മേഖലകളിലുണ്ടായ സംഘർഷത്തിൽ മൂന്നു പേർ കൂടി കൊല്ലപ്പെട്ടു. ഇംഫാലിൽ 22 വീടുകൾക്ക് തീയിട്ടു. 18 പേർക്ക് ഇന്നലെ നടന്ന സംഘർഷത്തിൽ പരിക്കേറ്റു. ഇതിൽ ഒരു പൊലീസുകാരനും ഉൾപ്പെടുന്നു. ഇംഫാലിൽ ഇന്നും പ്രതിഷേധം നടന്നു. ലാംഗോലിൽ കുകികളുടെ ആളൊഴിഞ്ഞ വീടുകൾക്ക് നേരെ വ്യാപക ആക്രമുണ്ടായി. ചുരചന്ദ്പ്പൂർ, ബീഷ്ണുപൂർ എന്നിവിടങ്ങളിൽ ഇന്നലെയും വെടിവെപ്പ് നടന്നതായി റിപ്പോർട്ടുകളുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam