കര്‍ത്താര്‍പൂര്‍ ഇടനാഴി ഉദ്ഘാടനം: പാകിസ്ഥാന്‍റെ ക്ഷണം നിരസിച്ച് മന്‍മോഹന്‍ സിംഗ്

By Web TeamFirst Published Sep 30, 2019, 5:38 PM IST
Highlights
  • ഗുരു നാനാക്കിന്‍റെ സമാധിസ്ഥലമായ കർത്താപൂർ ഗുരുദ്വാര ഇപ്പോൾ പാകിസ്ഥാനിലാണ്
  • കഴിഞ്ഞ നവംബറിലാണ് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ കര്‍ത്താര്‍പൂര്‍ ഇടനാഴിക്ക് തറക്കല്ലിട്ടത്
  •  ഉദ്ഘാടന ചടങ്ങിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയെ പാകിസ്ഥാന്‍ ക്ഷണിച്ചിട്ടില്ല

ദില്ലി: കര്‍ത്താര്‍പൂര്‍ ഇടനാഴി ഉദ്ഘാടനത്തിനുള്ള പാകിസ്ഥാന്‍റെ ക്ഷണം മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് സ്വീകരിക്കില്ല. വിദേശകാര്യ മന്ത്രാലയവുമായി ആലോചിച്ചേ തീരുമാനമുള്ളെന്നാണ് മൻമോഹൻ സിംഗുമായി അടുത്ത വൃത്തങ്ങൾ നല്‍കുന്ന വിവരങ്ങള്‍. സിഖ് വിഭാഗക്കാരുടെ നേതാവെന്ന നിലയിലാണ് മുന്‍ പ്രധാനമന്ത്രിയെ ക്ഷണിച്ചതെന്ന് പാകിസ്ഥാന്‍ വിദേശ കാര്യമന്ത്രി ഷാ മഹമൂദ് ഖുറേഷി വ്യക്തമാക്കിയിരുന്നു.

അടുത്ത മാസം ഒമ്പതിന് നടക്കുന്ന ഉദ്ഘാടന ചടങ്ങിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയെ പാകിസ്ഥാന്‍ ക്ഷണിച്ചിട്ടില്ല. അതിനിടെ അതിര്‍ത്തിയിലെ സംഘര്‍ഷങ്ങളില്‍ ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷ്ണര്‍ ഗൗരവ് അലുവാലിയയെ വിളിച്ചുവരുത്തി പാകിസ്ഥാന്‍ അതൃപ്തി അറിയിച്ചു.

കഴിഞ്ഞ ശനി, ഞായര്‍ ദിവസങ്ങളില്‍ പാകിസ്ഥാന്‍റെ പ്രകോപനത്തിന് കരസേന തിരിച്ചടി നല്‍കിയിരുന്നു. അതിര്‍ത്തിക്കപ്പുറത്ത് 13 വയസുകാരനടക്കം രണ്ടു പേര്‍ കൊല്ലപ്പെട്ടെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ സേനയുടേത് പ്രകോപനമില്ലാതെയുള്ള പ്രതികരണമെന്നാണ് പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചത്. കര്‍ത്താപൂര്‍ ഇടനാഴി നിര്‍മിക്കുന്നതിന്‍റെ മുന്നോടിയായി കഴിഞ്ഞ നവംബറിലാണ് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ തറക്കല്ലിട്ടത്.

ഗുരു നാനാക്കിന്‍റെ സമാധിസ്ഥലമായ കർത്താപൂർ ഗുരുദ്വാര ഇപ്പോൾ പാകിസ്ഥാനിലാണ്. സിഖ് മതവിശ്വാസികളുടെ വിശുദ്ധകേന്ദ്രമായ ഇവിടേയ്ക്ക് ഇന്ത്യയിൽ നിന്ന് ഒരു സ്ഥിരം പാത വേണമെന്ന ആവശ്യം വർഷങ്ങളായി ഉയരുന്നതാണ്. എന്നാൽ, നയതന്ത്രതർക്കങ്ങളിൽ കുരുങ്ങി അത് നടപ്പായിരുന്നില്ല. ഒടുവിൽ ചർച്ചയ്ക്ക് വാതിൽ തുറന്ന് പാക് പ്രധാനമന്ത്രി ഇന്ന് കർത്താപൂര്‍ ഗുരുദ്വാരയിലേയ്ക്കുള്ള ഇടനാഴിയുടെ നിര്‍മിക്കാന്‍ തീരുമാനിക്കുകയായിരുന്നു. 

click me!