
ദില്ലി: ആരോഗ്യപ്രശ്നങ്ങള്‍ അലട്ടുമ്പോഴും വീൽ ചെയറിൽ രാജ്യസഭയിലെത്തി മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്. ഡല്‍ഹി സര്‍വ്വീസസ് ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്യുന്നതിനാണ് മൻമോഹൻ സിംഗ് സഭയിൽ എത്തിയത്. ഈ സാഹചര്യത്തിലും സഭയിലെത്താനുള്ള മൻമോഹൻ സിംഗിന്‍റെ തീരുമാനമത്തെ പ്രതിപക്ഷം പ്രശംസിച്ചപ്പോള്‍ അങ്ങേയറ്റം ലജ്ജാകരമെന്നാണ് ബിജെപി വിശേഷിപ്പിച്ചത്. രാജ്യസഭയിലെത്തിയതിന് ആം ആദ്മി പാര്‍ട്ടി എംപി രാഘവ് ഛദ്ദ മൻമോഹൻ സിംഗിന് നന്ദി പറഞ്ഞു.
ജനാധിപത്യത്തോടും ഭരണഘടനയോടുമുള്ള അദ്ദേഹത്തിന്റെ അചഞ്ചലമായ പ്രതിബദ്ധത വലിയ പ്രചോദനമാണ്. അദ്ദേഹത്തിന്റെ വിലമതിക്കാനാകാത്ത പിന്തുണയ്ക്ക് നന്ദി അറിയിക്കുന്നുവെന്നും ആം ആദ്മി എംപി പറഞ്ഞു. അതേസമയം, 90 വയസിലെത്തിയ മുതിര്‍ന്ന കോൺഗ്രസ് നേതാവ് രാജ്യസഭയിലെത്തിയത് പ്രതിപക്ഷവും ബിജെപിയും തമ്മിലുള്ള വാക്പോരിനും കാരണമായി. കോണ്‍ഗ്രസിന്‍റെ ഈ ഭ്രാന്തിനെ രാജ്യം ഓര്‍ക്കും! ഈ ആരോഗ്യ നിലയില്‍ പോലും ഒരു മുൻ പ്രധാനമന്ത്രിയെ പാർലമെന്‍റിൽ ഏറെ വൈകി വീല്‍ ചെയറില്‍ ഇരുത്തി.
അതും തങ്ങളുടെ സത്യസന്ധതയില്ലാത്ത കൂട്ടുകെട്ട് നിലനിർത്താൻ വേണ്ടി മാത്രം. അങ്ങേയറ്റം ലജ്ജാകരമെന്ന് ബിജെപി പരിഹസിച്ചു. മൻമോഹൻ സിംഗിന്‍റെ രാജ്യസഭയിലെ സാന്നിധ്യത്തെക്കുറിച്ചുള്ള ബിജെപിയുടെ അഭിപ്രായത്തിനെതിരെ കോണ്‍ഗ്രസ് രംഗത്ത് വന്നു. ജനാധിപത്യത്തിലുള്ള അദ്ദേഹത്തിന്‍റെ വിശ്വാസമാണ് ഇത് കാണിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് സുപ്രിയ ശ്രീനേറ്റ് പറഞ്ഞു. മൻമോഹൻ സിംഗിനെ കൂടാതെ, ജാർഖണ്ഡ് മുക്തി മോർച്ചയുടെ (ജെഎംഎം) രോഗബാധിതനായ ഷിബു സോറനും സഭയിൽ സന്നിഹിതനായിരുന്നു.
അതേസമയം, ദില്ലി ഭരണ നിയന്ത്രണ ബില്‍ രാജ്യസഭയിലും പാസായിരുന്നു. പ്രതിപക്ഷ ആവശ്യത്തെ തുടർന്ന് ഇലക്ട്രോണിക് വോട്ടിങ് ഒഴിവാക്കി അംഗങ്ങൾക്ക് സ്ലിപ് നൽകിയാണ് വോട്ടെടുപ്പ് നടത്തിയത്. പ്രതിപക്ഷത്ത് നിന്നുയർന്ന ശക്തമായ വിമർശനങ്ങളെയും എതിർ വാദങ്ങളെയും ഭരണപക്ഷത്ത് നിന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിലാണ് ഭരണപക്ഷം നേരിട്ടത്. ബില്ലിൽ ചർച്ച നടക്കുന്നതിനിടെ പ്രസംഗിക്കാൻ എഴുന്നേറ്റ ബിജെപി എംപിയും മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസുമായ രഞ്ജൻ ഗൊഗോയിക്കെതിരെ വിമർശനം ഉന്നയിച്ച് ജയ ബച്ചനടക്കം നാല് വനിതാ എംപിമാർ ഇറങ്ങിപ്പോകുന്നതിനും സഭ സാക്ഷ്യം വഹിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam