ജസീക്ക ലാൽ വധം; ജീവപര്യന്തം ശിക്ഷയ്ക്കു വിധിച്ച കോൺ​ഗ്രസ് നേതാവിന്റെ മകനെ സർക്കാർ വിട്ടയച്ചു

By Web TeamFirst Published Jun 2, 2020, 6:07 PM IST
Highlights

ദില്ലി ഉപമുഖ്യമന്ത്രി സത്യേന്ദ്ര ജയിന്‍ അധ്യക്ഷനായ സെൻസറിംഗ് റിവ്യു ബോര്‍ഡ് മെയ് പതിമൂന്നിന് മനു ശർമയെ വിട്ടയക്കാന്‍ തീരുമാനമെടുത്തിരുന്നു. ഈ  തീരുമാനം ദില്ലി ലെഫ്റ്റനന്‍റെ് ഗവർണർ അനില്‍ ബൈജാലും അംഗീകരിച്ചതോടെയാണ് മനു ശർമ്മയ്ക്ക് ജയിലിൽ നിന്ന് പുറത്തേക്കുള്ള വഴി തെളിഞ്ഞത്. 1999 ഏപ്രില്‍ 30നാണ് ദില്ലിയിൽ ഒരു സ്വകാര്യ വിരുന്നിനിടെ മനു ശര്‍മ്മ മോഡലായ ജസീക്ക ലാലിനെ വെടിവെച്ചുകൊന്നത്.

ദില്ലി: കുപ്രസിദ്ധമായ ജസീക്ക ലാൽ വധക്കേസിൽ മുഖ്യപ്രതി മനുശർമ്മയെ വിട്ടയച്ചു. കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിച്ചുവരികയായിരുന്നു ഇയാൾ. തടവുപുള്ളികളുടെ മക്കളുടെ വിദ്യാഭ്യാസത്തിനടക്കം നല്‍കിയ സംഭാവനങ്ങൾ കൂടി പരിഗണിച്ചാണ് സെന്‍സറിംഗ് റിവ്യൂ ബോർഡ് മനു ശർമയെ ജയിൽ മോചിതനാക്കാൻ തീരുമാനിച്ചത്. ഹരിയാനയിലെ കോണ്‍ഗ്രസ് നേതാവ് വിനോദ് ശര്‍മ്മയുടെ മകനാണ് മനു ശര്‍മ്മ.

ദില്ലി ഉപമുഖ്യമന്ത്രി സത്യേന്ദ്ര ജയിന്‍ അധ്യക്ഷനായ സെൻസറിംഗ് റിവ്യു ബോര്‍ഡ് മെയ് പതിമൂന്നിന് മനു ശർമയെ വിട്ടയക്കാന്‍ തീരുമാനമെടുത്തിരുന്നു. ഈ  തീരുമാനം ദില്ലി ലെഫ്റ്റനന്‍റെ് ഗവർണർ അനില്‍ ബൈജാലും അംഗീകരിച്ചതോടെയാണ് മനു ശർമ്മയ്ക്ക് ജയിലിൽ നിന്ന് പുറത്തേക്കുള്ള വഴി തെളിഞ്ഞത്. 1999 ഏപ്രില്‍ 30നാണ് ദില്ലിയിൽ ഒരു സ്വകാര്യ വിരുന്നിനിടെ മനു ശര്‍മ്മ മോഡലായ ജസീക്ക ലാലിനെ വെടിവെച്ചുകൊന്നത്. മദ്യം വിളമ്പാനുള്ള ആവശ്യം ജസീക്ക ലാൽ നിരസിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്. 

മനു ശർമ്മ എന്ന സിദ്ധാര്‍ത്ഥ് വസിഷ്ഠിനെ രക്ഷിക്കാൻ വേണ്ടി അണിയറയിൽ ചരടുവലികൾ സജീവമാണെന്ന് നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. 2006ലാണ് മനു ശർമ്മയ്ക്ക് കോടതി ശിക്ഷ വിധിച്ചത്.  2010 -ൽ സുപ്രീം കോടതി ശിക്ഷ ശരിവെക്കുന്നതിനിടെ മനു ശർമ്മ പരോളിലിറങ്ങിയിരുന്നു. അതിനു ശേഷവും നിരന്തരം പരോളിൽ ഇറങ്ങിക്കൊണ്ടിരിക്കുക തന്നെയായിരുന്നു. സർക്കാർ പാനലിനെ സ്വാധീനിച്ച്  മനു ശർമയെ പുറത്തിറക്കാനുള്ള ശ്രമങ്ങളാണ് കുടുംബം നടത്തിയത്. ഇതാണ് ഇപ്പോൾ ഫലം കണ്ടിരിക്കുന്നത്. ഡിജിപി പ്രിസൺസ്, പ്രിൻസിപ്പൽ ഹോം സെക്രട്ടറി, പ്രിൻസിപ്പൽ ലോ സെക്രട്ടറി, ജോയിന്റ് കമ്മീഷണർ (ക്രൈം), സർക്കാരിന്റെ ചീഫ് പ്രൊബേഷൻ ഓഫീസർ, ജില്ലാ ജഡ്ജി തുടങ്ങിയവരാണ് ദില്ലി സർക്കാരിലെ ആഭ്യന്തര വകുപ്പ് മന്ത്രി അധ്യക്ഷനായുള്ള 'സെന്റെൻസ് റിവ്യൂ ബോർഡ്' (SRB) അംഗങ്ങൾ. 

ജസീക്ക ലാൽ വധം...

ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിൽ വളരെയേറെ കോളിളക്കം ഉണ്ടാക്കിയ കേസാണ് മനു ശർമ്മ ജസീക്ക ലാലിനെ 22 കാലിബർ റിവോൾവർ കൊണ്ട് പോയിന്റ് ബ്ലാങ്കിൽ വെടിവെച്ചു കൊന്ന സംഭവം. രാത്രി പന്ത്രണ്ടരയോടെ ബാറടച്ച ശേഷം സുഹൃത്തുക്കളോടൊപ്പം കയറിവന്ന മനു ശർമ്മ ആയിരം രൂപ ഓഫർ ചെയ്തത് നിരസിച്ച ജസീക്ക ലാൽ 'ബാർ അടച്ചു, ഇനി മദ്യം തരാനാവില്ല' എന്ന് മറുപടി നൽകിയപ്പോൾ, കുപിതനായ മനു ശർമ്മ തോക്ക് പുറത്തെടുത്ത് ആദ്യം സീലിങ്ങിലേക്ക് നിറയൊഴിച്ച് വീണ്ടും തന്റെ ആവശ്യം ആവർത്തിക്കുകയും, വഴങ്ങാതിരുന്നപ്പോൾ ജസീക്കയുടെ തലയിലേക്ക് അടുത്ത വെടി പൊട്ടിക്കുകയുമായിരുന്നു. 

പ്രതികളുടെ രാഷ്ട്രീയ സ്വാധീനം കേസിന്റെ വിചാരണയെ സ്വാധീനിച്ചിരുന്നു. വർഷങ്ങൾ നീണ്ട വിചാരണയ്ക്കിടെ സംഭവം നേരിട്ടുകണ്ട ബോളിവുഡ് നടൻ ശയാൻ മുൻഷി അടക്കമുള്ള സാക്ഷികൾ പലരും കൂറുമാറി. തങ്ങൾ സംഭവസ്ഥലത്തേ ഇല്ലായിരുന്നു എന്ന് ചില ദൃക്‌സാക്ഷികൾ മൊഴിമാറ്റി. ഉണ്ടായിരുന്നു എന്ന് ആദ്യം മൊഴികൊടുത്തവർ തന്നെ തങ്ങൾ ഒന്നും കണ്ടില്ല എന്നും, കണ്ടെന്ന് ആദ്യഘട്ടത്തിൽ മൊഴികൊടുത്തവർ പലരും പിന്നീട് തങ്ങൾക്കൊന്നും തന്നെ ഓർമയില്ല എന്നുമൊക്കെ മൊഴികൾ മാറ്റിപ്പറഞ്ഞു. ഒടുവിൽ, അഞ്ചുവർഷം നീണ്ട വിചാരണയ്ക്കുശേഷം 2006 ഫെബ്രുവരി 21 -ന് പ്രാഥമികവിധി വന്നപ്പോൾ മനു ശർമ്മയെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിടുകയാണുണ്ടായത്. പിന്നീട് ജനരോഷത്തെത്തുടർന്ന് ഹൈക്കോടതി വീണ്ടും കേസ് വിചാരണയ്‌ക്കെടുത്തു. പുനർവിചാരണയിൽ, അതേ തെളിവുകളുടെ ബലത്തിൽ 2006 ഡിസംബർ 20 -ന് മനു ശർമയെ ദില്ലി ഹൈക്കോടതി ജീവപര്യന്തം കഠിനതടവിനു ശിക്ഷിച്ചു. 

പ്രതികൾ വിധിയെ മേൽക്കോടതിയിൽ ചോദ്യം ചെയ്‌തെങ്കിലും, 2010 ഏപ്രിൽ 19 -ന് സുപ്രീം കോടതിയും ശിക്ഷാവിധി ശരിവെച്ചതോടെ മനു ശർമ്മയുടെ മുന്നിലെ വാതിലുകൾ തൽക്കാലത്തേക്കെങ്കിലും അടയുകയാണ് ഉണ്ടായത്. അന്ന് സമ്മർദ്ദത്തിന് അടിപ്പെടാതെ ജെസീക്കയുടെ സഹോദരി സബ്രീനയാണ് കേസ് അവസാനം വരെ നടത്തിക്കൊണ്ടു പോയത്. അവരുടെ ഈ നിയമ പോരാട്ടം 'നോ വൺ കിൽഡ് ജെസീക്ക' എന്ന ബോളിവുഡ് ചിത്രത്തിന്റെ പ്രമേയമായിരുന്നു. ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ട അന്നുതൊട്ട് ഇന്നുവരെയും ദില്ലി തിഹാർ ജയിലിൽ കഴിഞ്ഞുവരികയായിരുന്നു മനു ശർമ്മ. കഴിഞ്ഞ പതിനാറു വർഷത്തെ ശിക്ഷാ കാലയളവിൽ മനു ശർമയ്ക്ക് പത്തു തവണയെങ്കിലും പരോൾ കിട്ടിയിട്ടുണ്ട്. 2017 മുതൽ തിഹാർ പരിസരത്തെ തുറന്ന ജയിലിലാണ് ഇയാളെ പാർപ്പിച്ചിരുന്നത്. രാവിലെ പുറത്ത് പോയാൽ രാത്രി തിരിച്ചു വരണം എന്നതു മാത്രമാണ് അവിടുത്തെ നിയമം. കഴിഞ്ഞ രണ്ടു വർഷമായി ജയിലിൽ നിന്ന്  സൗത്ത് ദില്ലിയിലെ തന്റെ ഓഫീസിൽ പോയി ജോലിചെയ്യുകയായിരുന്നു മനു ശർമ്മ. 

ജയിലിനുള്ളിലെ പെരുമാറ്റം ചൂണ്ടിക്കാട്ടിയാണ് മനുവിന്  നിരന്തരം പരോളുകൾ ലഭിച്ചത്. ജയിൽപുള്ളികളുടെ മക്കളെ പഠിപ്പിക്കാൻ മനുവിന്റെ ട്രസ്റ്റ് കാണിച്ച സാമ്പത്തികതാത്പര്യം, ജയിലിലെ അച്ചടക്കമുള്ള ജീവിതം എന്നിവയാണ്  മനുവിന്റെ ശിക്ഷയിൽ ഇളവുനൽകാൻ വേണ്ടി ജയിൽ ബോർഡ് പറയുന്ന കാരണങ്ങൾ. പതിനാറുവർഷം കഠിനതടവിൽ കഴിഞ്ഞെങ്കിലും ഇന്നുവരെ ജയിലിനുള്ളിൽ ഒരു അടിപിടിക്കേസിൽ പോലും മനു ശർമ്മ ഉൾപ്പെട്ടിട്ടില്ലെന്നാണ് റിപ്പോർട്ട്. മാത്രമല്ല, മനു ശർമയുടെ പേരിലുള്ള സിദ്ധാർത്ഥ് വസിഷ്ഠ ചാരിറ്റബിൾ ട്രസ്റ്റ് അഞ്ഞൂറിലധികം കുട്ടികളുടെ വിദ്യാഭ്യാസ ചെലവുകൾ വഹിക്കുന്നുണ്ട് എന്നും ബോർഡ് നിരീക്ഷിച്ചു.

തിഹാർ ജയിലിലെ തടവുപുള്ളികളെക്കൊണ്ട് ലാഭകരമായ തൊഴിലുകളെടുപ്പിച്ച് അതിൽ നിന്ന് അവർക്ക് ശിക്ഷാ കാലത്ത് സമ്പാദ്യം ഉണ്ടാക്കാൻ ഉതകുന്ന രീതിയിലുള്ള പല പദ്ധതികളും  മനു ശർമ്മ വിഭാവനം ചെയ്തു എന്നതും അയാളെ മോചിപ്പിക്കാൻ കാരണമായി ബോർഡ് ചൂണ്ടിക്കാണിക്കുന്നുണ്ട്. മനുവിന്റെ നിർദേശങ്ങൾ പ്രവർത്തികമാക്കിയതിൽ നിന്ന് മൂന്നുകോടിയിലധികം രൂപയുടെ ലാഭവും തിഹാർ ജയിലിലെ വ്യാവസായിക യൂണിറ്റ് ഉണ്ടാക്കിയത്രേ. കൊല്ലപ്പെട്ട ജസീക്ക ലാലിന്റെ സഹോദരി സബ്രീന ലാൽ, മനുശർമ്മയെ മോചിപ്പിക്കുന്നതിൽ തനിക്ക് എതിർപ്പില്ലെന്ന് ചൂണ്ടിക്കാണിച്ച് അയച്ച കത്തും ബോർഡ് പരിഗണിച്ചിരുന്നു. കൊവിഡ് പ്രതിരോധത്തിന്റെ ഭാ​ഗമായി പരോളിൽ നിരവധി തടവുപുള്ളികളെ വിട്ടയച്ച കൂട്ടത്തിൽ താത്കാലിക മോചനം കിട്ടിയ മനു ശർമ്മ ഇപ്പോൾ സ്വന്തം വീട്ടിലാണുള്ളത്.

 

click me!