ഓൺലൈനിലൂടെ 'ഡിജിറ്റൽ അറസ്റ്റ്' കെണി, കുടുങ്ങിയത് നിരവധിപ്പേർ; അറിഞ്ഞാലുടൻ വിളിക്കണമെന്ന് അധികൃതരുടെ നിർദേശം

Published : May 15, 2024, 10:44 AM IST
ഓൺലൈനിലൂടെ 'ഡിജിറ്റൽ അറസ്റ്റ്' കെണി, കുടുങ്ങിയത് നിരവധിപ്പേർ; അറിഞ്ഞാലുടൻ വിളിക്കണമെന്ന് അധികൃതരുടെ നിർദേശം

Synopsis

വിവിധ സംസ്ഥാനങ്ങളിലെ പോലീസ് അധികാരികൾ, സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ), നാർക്കോട്ടിക് കൺട്രോൾ വകുപ്പ്, റിസർവ് ബാങ്ക്, എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി) എന്നിവയുടെയൊക്കെ പേരിൽ തട്ടിപ്പ് നടക്കുന്നുണ്ട്. 

ന്യൂഡൽഹി: 'ഡിജിറ്റൽ അറസ്റ്റ്' ഉൾപ്പെടെയുള്ള തട്ടിപ്പുകൾക്ക് നിരവധിപ്പേർ ഇരയാവുന്ന സാഹചര്യത്തിൽ അധികൃതർ പ്രത്യേക ജാഗ്രതാ നിർദേശം പുറത്തിറക്കി. പലരും ഇത്തരം കെണികളിൽ വീഴുകയും പണം നൽകുകയും ചെയ്യുന്നുമുണ്ട്. പൊലീസ് സ്റ്റേഷനുകളുടെയും മറ്റ് സർക്കാർ ഓഫീസുകളുടെയും മാതൃകയിലുള്ള സ്റ്റുഡിയോകൾ തയ്യാറാക്കി അവിടെയിരുന്ന് വീഡിയോ കോൾ വഴി ആളുകളെ വിളിച്ചാണ് തട്ടിപ്പിന് കളമൊരുക്കുന്നത് എന്നതിനാൽ പലരും ഇത് യഥാ‌ർത്ഥ നടപടികളാണെന്ന് വിശ്വസിക്കും. 

വിവിധ സംസ്ഥാനങ്ങളിലെ പോലീസ് അധികാരികൾ, സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ), നാർക്കോട്ടിക് കൺട്രോൾ വകുപ്പ്, റിസർവ് ബാങ്ക്, എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി) എന്നിവയുടെയൊക്കെ പേരിൽ തട്ടിപ്പ് നടക്കുന്നുണ്ട്. ഭീഷണിയും, ബ്ലാക്ക്‌മെയിൽ ചെയ്യലും തുടർന്ന് പണം തട്ടലുമാണ് രീതി. പണം നൽകാൻ തയ്യാറാവാത്തവരെ "ഡിജിറ്റൽ അറസ്റ്റ്" ചെയ്യുമെന്നും ഭീഷണിപ്പെടുത്തും. ദേശീയ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടലിൽ ഇത് സംബന്ധിച്ച ധാരാളം പരാതികളാണ് വരുന്നതെന്ന് അധികൃതർ പറയുന്നു. 

ഈ തട്ടിപ്പുകാർ ഒരാളെ ഫോണിൽ ബന്ധപ്പെടും. നിയമവിരുദ്ധമായ ചില സാധനങ്ങളോ, മയക്കുമരുന്നോ, വ്യാജ പാസ്‌പോർട്ടുകളോ അല്ലെങ്കിൽ മറ്റേതെങ്കിലും നിരോധിത വസ്‌തുക്കളോ എന്നിവ ഉൾപ്പെടുന്ന ഒരു പാർസർ നിങ്ങളുടെ പേരിൽ അയച്ചിട്ടുണ്ടെന്ന തരത്തിൽ വിവരം നൽകും. മറ്റുചിലപ്പോൾ നിങ്ങളുടെ പ്രിയപ്പെട്ടവരോ ബന്ധുക്കളോ ഏതെങ്കിലും കേസിലോ അപകടത്തിലോ ഉൾപ്പെട്ടെന്ന് ആയിരിക്കും വിളിച്ച് പറയുക. ഈ ആളുകൾ അവരുടെ കസ്റ്റഡിയിൽ ആണെന്നും അറിയിക്കും.

എന്തായാവും "കേസ്" ഒത്തുതീർപ്പ് ആക്കുന്നതിനായി പണം ആവശ്യപ്പെടുകയാണ് അടുത്ത പരിപാടി. ചിലപ്പോൾ ഇതിന് തയ്യാറാവാതെ വരികയോ സംശയിക്കുകയോ ഒക്കെ ചെയ്താൽ നിങ്ങളെ ഡിജിറ്റൽ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തു. പറ‌ഞ്ഞ പോലെ പണം നൽകുന്നതു വരെ ഈ തട്ടിപ്പ് സംഘം സ്കൈപ്പ് പോലുള്ള വീഡിയോ കോൺഫറൻസിംഗ് ആപ്ലിക്കേഷൻ വഴി ബന്ധപ്പെട്ടുകൊണ്ടേയിരിക്കും.  പോലീസ് സ്‌റ്റേഷനുകളുടെയും സർക്കാർ ഓഫീസുകളുടെയും മാതൃകയിലുള്ള സ്റ്റുഡിയോകളിൽ ഇരുന്നാണ് ഇത്തരം വീഡിയോ കോളുകൾ വിളിക്കുന്നത്. പൊലീസിന്റെയും മറ്റ് സേനകളുടെയും യൂണിഫോമും ധരിക്കും. ഇതോടെ പലരും വിശ്വസിച്ചുപോവും. 

രാജ്യത്തുടനീളം നിരവധി പേർക്ക് ഇത്തരം കുറ്റവാളികൾ കാരണം വലിയ തുക നഷ്ടമായിട്ടുണ്ട്. ഇതൊരു സംഘടിത ഓൺലൈൻ സാമ്പത്തിക കുറ്റകൃത്യമാണെന്ന് അധികൃതർ കഴിഞ്ഞ ദിവസം പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു. പലപ്പോഴും വിദേശത്തുള്ള സംഘങ്ങളാണ് ഇതിന് പിന്നിൽ. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിൽ രാജ്യത്തെ സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന, ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്ററിന്റെ കീഴിൽ (I4C) ഇതിനെതിരായ നടപടികൾ സ്വീകരിക്കുന്നുണ്ട്. 

മൈക്രോസോഫ്റ്റുമായി സഹകരിച്ച് ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ആയിരത്തിലധികം സ്കൈപ്പ് ഐഡികൾ I4C ബ്ലോക്ക് ചെയ്തു. തട്ടിപ്പുകാർ ഉപയോഗിക്കുന്ന സിം കാർഡുകൾ, മൊബൈൽ ഉപകരണങ്ങൾ മറ്റ് അക്കൗണ്ടുകൾ എന്നിവ ബ്ലോക്ക് ചെയ്യാനും നടപടികൾ സ്വീകരിക്കുന്നുണ്ട്. ഇത്തരത്തിലുള്ള കോളുകളോ ഭീഷണികളോ ലഭിച്ചാൽ, സഹായത്തിനായി ഉടൻ സൈബർ ക്രൈം ഹെൽപ്പ് ലൈൻ നമ്പറായ 1930-ലോ www.cybercrime.gov.in-ലോ സംഭവം റിപ്പോർട്ട് ചെയ്യണമെന്നാണ് നിർദേശം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ബലാത്സംഗത്തെ പ്രോത്സാഹിപ്പിക്കുന്ന വിവാദ പ്രസ്താവന; കോൺ​ഗ്രസ് എംഎൽഎക്കെതിരെ പ്രതിഷേധം ശക്തം
നീതി കിട്ടിയില്ല, അവൾ മരണത്തിന് കീഴടങ്ങി; മണിപ്പൂർ കലാപത്തിനിടെ കൂട്ടബലാത്സം​ഗത്തിനിരയായ 20കാരി മരിച്ചു