
ദില്ലി: ഹാഥ്റാസില്‍ ക്രൂരപീഡനത്തിന് ഇരയായി ദളിത് പെണ്‍കുട്ടി കൊല്ലപ്പെട്ടതിന് പിന്നാലെ വിവാദ പരാമര്‍ശങ്ങളുമായി സുപ്രീംകോടതി മുൻ ജഡ്ജി മാര്‍ക്കേണ്ടയ കട്ജു. ഉത്തര്‍പ്രദേശിലെ ദളിത് പെണ്‍കുട്ടിയുടെ കൊലപാതകം വിവാദമാക്കുന്നതിന് പിന്നില്‍ രാഷ്ട്രീയ താല്‍പര്യമുണ്ടെന്നാണ് കട്ജു ആരോപിക്കുന്നത്. സാമൂഹ്യമാധ്യമങ്ങളിലെ ഔദ്യോഗിക പേജുകളിലായിരുന്നു വിവാദ പരാമര്‍ശം.
ഹാഥ്റാസിലെ പീഡനത്തെയും കൊലപാതകത്തേയും ശക്തമായി അപലപിക്കുന്നു. എന്നാല്‍ ഇത്തരം സംഭവങ്ങള്‍ രാജ്യത്ത് ആദ്യമായല്ല നടക്കുന്നത്. ഇരുപത് വര്‍ഷമായി ഇത്തരം സംഭവങ്ങളില്‍ നടക്കുന്നുണ്ട്. പീഡനം എല്ലാ ദിവസവും നടക്കുന്ന സംഭവമാണ്. അതിനെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വരാത്തത് മൂലമാണ് ആരും അറിയാതെ പോവുന്നത്. എന്നാല്‍ ഇപ്പോഴത്തെ സംഭവ വികാസങ്ങളുടെ പിന്നിലെ രാഷ്ട്രീയമെന്താണെന്നാണ് കട്ജു ചോദിക്കുന്നത്.
നേരത്തെ പ്രതികള്‍ക്ക് കടുത്ത ശിക്ഷ ലഭിക്കണമെന്നും കേസില്‍ മറ്റ് ചില കാര്യങ്ങളും കണക്കിലെടുക്കേണ്ടതുണ്ടെന്നും കട്ജു പറഞ്ഞിരുന്നു. പുരുഷന്മാരിലെ ഒരു സ്വാഭാവിക ആവശ്യകതയാണ് ലൈംഗികതയെന്നും തൊഴിലില്ലായ്മയുമായി ബന്ധിപ്പെടുത്തി ഹാഥ്റാസിലെ പീഡനത്തേക്കുറിച്ച് കട്ജു നടത്തിയ പരാമര്‍ശം വന്‍വിവാദമായിരുന്നു.
ഇന്ത്യയുടേത് പോലൊരു യാഥാസ്ഥിതിക സമൂഹത്തില്‍ വിവാഹത്തിലൂടെ മാത്രമാണ് ലൈംഗിക ആവശ്യകത പൂര്‍ത്തിയാക്കാനാവുന്നത്. എന്നാല്‍ രാജ്യത്ത് തൊഴിലില്ലായ്മ കൂടുകയാണ്. തൊഴില്‍ രഹിതരായ പുരുഷന്മാര്‍ക്ക് വിവാഹിതരാവുക ദുഷ്കരമാണ്. അതിനാല്‍ തന്നെ സ്വാഭാവികമായ പുരുഷന്മാരുടെ ഈ ആവശ്യം ലഭിക്കാത്ത നിരവധി യുവാക്കളാണ് രാജ്യത്തുള്ളത്. അതിനാല്‍ രാജ്യത്ത് ഇനിയും ബലാത്സംഗം ഉണ്ടാവുമെന്നായിരുന്നു കട്ജുവിന്‍റെ പരാമര്‍ശം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam