
ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തിയ സുപ്രീംകോടതി ജഡ്‍ജി, ജസ്റ്റിസ് അരുണ്‍ മിശ്രയെ വിമര്‍ശിച്ച് മുന്‍ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്‍ജു. ''സുപ്രീം കോടതി ജഡ്ജ് എങ്ങനെയായിരിക്കണം ? അരുണ്‍ മിശ്രയപ്പോലെയിരിക്കണം'' എന്നാണ് കട്‍ജു ട്വീറ്റ് ചെയ്തത്. സുപ്രീംകോടതി സംഘടിപ്പിച്ച അന്താരാഷ്ട്ര ജുഡീഷ്യൽ കോൺഫറൻസിലാണ് അരുണ്‍ മിശ്ര മോദിയെ സ്തുതിച്ച് രംഗത്തെത്തിയത്.
''അന്താരാഷ്ട്ര തലത്തിൽ പ്രസിദ്ധനായ ദീർഘദർശി''യെന്ന് മോദിയെ വാഴ്‍ത്തിയ അരുൺ മിശ്ര, മോദി, ലോകനിലവാരത്തിൽ ചിന്തിക്കുകയും അത് സ്വന്തം നാട്ടിൽ നടപ്പാക്കുകയും ചെയ്യുന്ന ജീനിയസ്സാണെന്നും പുകഴ്‍ത്തിയിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദി അധികാരത്തിൽ വന്ന ശേഷം നിയമമന്ത്രി രവിശങ്കർ പ്രസാദിന്‍റെ സഹകരണത്തോടെ 1500 കാലഹരണപ്പെട്ട നിയമങ്ങളെങ്കിലും എടുത്തു കളഞ്ഞെന്നും, മോദിയുടെ കാലത്ത് ഇന്ത്യ, ലോകരാജ്യങ്ങൾക്കിടയിൽ ഉത്തരവാദിത്തമുള്ള അംഗമായി മാറിയെന്നും ജസ്റ്റിസ് അരുൺ മിശ്ര പറഞ്ഞു. ഇതിനായി ''അധീശത്വത്തിൽ'' (stewardship) എന്ന വാക്കാണ് അരുൺ മിശ്ര ഉപയോഗിച്ചത്
''ജുഡീഷ്യറിയും മാറുന്ന കാലവും'' എന്ന വിഷയത്തെക്കുറിച്ച് സംസാരിക്കവേ, ജുഡീഷ്യറിക്ക് വെല്ലുവിളികൾ ഉയരുന്നതിൽ അദ്ഭുതമില്ലെന്നും, മാറുന്ന കാലത്ത്, ജുഡീഷ്യറിക്ക് അതിൽ നിർണായക പങ്ക് വഹിക്കാനുണ്ടെന്നും അരുൺ മിശ്ര ചൂണ്ടിക്കാട്ടി.
''സ്വാഭിമാനത്തോടെ മനുഷ്യർ നിലനിൽക്കുന്നതിനാണ് നമ്മുടെ ആദ്യ പരിഗണന വേണ്ടത്. ലോകനിലവാരത്തിൽ ചിന്തിക്കുകയും, അത് ഇവിടെ നടപ്പാക്കുകയും ചെയ്യുന്ന (who thinks globally and acts locally) ബഹുമുഖപ്രതിഭയായ നരേന്ദ്രമോദിക്ക് എന്‍റെ നന്ദി. അദ്ദേഹത്തിന്‍റെ പ്രസംഗം പ്രചോദിപ്പിക്കുന്നതാണ്. ഈ കോൺഫറൻസിന്‍റെ അജണ്ട സെറ്റ് ചെയ്യാൻ അദ്ദേഹത്തിന്‍റെ പ്രസംഗത്തിന് കഴിഞ്ഞു'', എന്നും ജസ്റ്റിസ് മിശ്ര വ്യക്തമാക്കിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam