'പശുവിനെ തടവിയാല്‍ ശ്വസന പ്രശ്നങ്ങള്‍ ഒഴിവാകും, അടുത്ത് നിന്നാല്‍ ക്ഷയരോഗം മാറും'; ഉത്തരാഖണ്ഡ് മുഖ്യമന്ത്രി

By Web TeamFirst Published Jul 26, 2019, 7:06 PM IST
Highlights

ഗരുഡ് ഗംഗയിലെ വെള്ളം കുടിച്ചാല്‍ ഗര്‍ഭിണികള്‍ക്ക് സിസേറിയന്‍ ഒഴിവാക്കാന്‍ സാധിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷനും നൈനിറ്റാള്‍ എംപിയുമായ അജയ് ഭട്ട് പറഞ്ഞതിന് പിന്നാലെയാണ് ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുടെ പ്രസ്താവന.

ഡെറാഡൂണ്‍: ഓക്സിജന്‍ ശ്വസിക്കുകയും നിശ്വസിക്കുകയും ചെയ്യുന്ന ഏക മൃഗമാണ് പശുവെന്നും പശുവിനെ തടവുന്നത് ശ്വാസ സംബന്ധമായ പ്രശ്നങ്ങള്‍ മാറാന്‍ സഹായിക്കുമെന്നും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത്. പശുവിന്‍ പാലിന്‍റെയും ഗോമൂത്രത്തിന്‍റെയും ഗുണഫലങ്ങള്‍ വിശദമാക്കുന്ന ത്രിവേന്ദ്ര സിങിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെയാണ് പ്രചരിച്ചത്. പശുവിന്‍റെ അടുത്ത് താമസിച്ചാല്‍ ക്ഷയരോഗം പോലും മാറുമെന്നും റാവത്ത് പറഞ്ഞതായി ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്തു. 

ഗരുഡ് ഗംഗയിലെ വെള്ളം കുടിച്ചാല്‍ ഗര്‍ഭിണികള്‍ക്ക് സിസേറിയന്‍ ഒഴിവാക്കാന്‍ സാധിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷനും നൈനിറ്റാള്‍ എംപിയുമായ അജയ് ഭട്ട് പറഞ്ഞതിന് പിന്നാലെയാണ് ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുടെ പ്രസ്താവന. എന്നാല്‍ ഉത്തരാഖണ്ഡില്‍ നിലനില്‍ക്കുന്ന ഒരു വിശ്വാസമാണ് മുഖ്യമന്ത്രി പങ്കുവെച്ചതെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വിശദീകരിച്ചത്. പാലിനും ഗോമൂത്രത്തിനും ഔഷധഗുണങ്ങള്‍ ഉണ്ടെന്നും പശു ഓക്സിജന്‍ പ്രദാനം ചെയ്യുന്നുണ്ടെന്നതാണ് മലയോര ജനതയുടെ വിശ്വാസമെന്നും ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. 

click me!