മത്തായിയുടെ മൃതദേഹം ഇന്ന് വീണ്ടും പോസ്റ്റ്‍മോർട്ടം ചെയ്യും

By Web TeamFirst Published Sep 4, 2020, 7:06 AM IST
Highlights

മൃതദേഹം സംസ്കരിക്കാത്തത് കൂടുതൽ തെളിവുകൾ കിട്ടാൻ സഹായിക്കുമെന്നാണ് സിബിഐ കരുതുന്നത്. നെടുങ്കണ്ടം രാജ്കുമാറിന്റെ കസ്റ്റഡി മരണത്തിൽ റീ പോസ്റ്റ്മോർട്ടം നടത്തിയ മൂന്നംഗ പൊലീസ് സർജൻമാരുടെ സംഘമാണ് മത്തായിയുടെ മൃതദേഹവും റീപോസ്റ്റ്മോർട്ടം ചെയ്യുക. 

പത്തനംതിട്ട: പത്തനംതിട്ട ചിറ്റാറിൽ വനം വകുപ്പ് കസ്റ്റഡിയിലിരിക്കെ മരിച്ച മത്തായിയുടെ മൃതദേഹം ഇന്ന് വീണ്ടും പോസ്റ്റ്മോർട്ടം ചെയ്യും. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രത്യേകം ക്രമീകരിക്കുന്ന ടേബിളിൽ സിബിഐയുടെ മേൽനോട്ടത്തിലാണ് പോസ്റ്റ്മോർട്ടം. നെടുങ്കണ്ടം രാജ്കുമാറിന്റെ കസ്റ്റഡി മരണത്തിൽ റീ പോസ്റ്റ്മോർട്ടം നടത്തിയ മൂന്നംഗ പൊലീസ് സർജൻമാരുടെ സംഘമാണ് മത്തായിയുടെ മൃതദേഹവും റീപോസ്റ്റ്മോർട്ടം ചെയ്യുക. 

സിബിഐയുടെ ആവശ്യപ്രകാരമാണ് ഈ സംഘത്തെ തന്നെ സർക്കാർ നിയോഗിച്ചത്. പുതിയ ഇൻക്വസ്റ്റും തയ്യാറാക്കും. പോസ്റ്റ്‍മോർട്ടം സമയത്തും ഇൻക്വസ്റ്റ് നടത്തുമ്പോഴും മജിസ്ട്രേറ്റിന്റെ സാന്നിധ്യം ഉണ്ടാകും. മൃതദേഹം സംസ്കരിക്കാത്തത് കൂടുതൽ തെളിവുകൾ കിട്ടാൻ സഹായിക്കുമെന്നാണ് സിബിഐ കരുതുന്നത്.

പോസ്റ്റ്മോർട്ടം നടപടികൾ ക്യാമറയിൽ ചിത്രീകരിക്കും. മത്തായിയുടെ ആദ്യ പോസ്റ്റ് റിപ്പോർട്ട് പ്രകാരം മരണകാരണം ശ്വസകോശത്തിൽ വെള്ളം കയറിയാതാണ്. ശരീരത്തിൽ മർദനത്തിന്റെ പാടുകളോ മുറിവുകളോ ഉണ്ടായിരുന്നില്ല. ഇതിനെ തുടർന്നാണ് മത്തായിയുടെ ഭാര്യ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകിയത്. മുൻപ് കേസ് അന്വേഷിച്ചിരുന്ന ക്രൈംബ്രാഞ്ച് ആരേയും പ്രതിപ്പട്ടികയിൽ ചേർത്തിരുന്നില്ല.

click me!