ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷി ആയേക്കും ; എന്നാൽ, മോദി വീണ്ടും പ്രധാനമന്ത്രിയാകില്ല : ശരത് പവാർ

By Web TeamFirst Published Mar 13, 2019, 9:14 AM IST
Highlights

മഹാരാഷ്ട്രയിലെ 48 സീറ്റുകളില്‍ 45 സീറ്റുകള്‍ നേടുമെന്നാണ് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞത്. എന്നാല്‍ മഹാരാഷ്ട്രയിലെ മുഴുവന്‍ സീറ്റുകളിലും എന്‍സിപി വിജയിക്കുമെന്ന് ശരത് പവാർ പറഞ്ഞു.


മുംബൈ: നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രി പദത്തിലെത്തില്ലെന്ന് എന്‍സിപി നേതാവ് ശരത് പവാര്‍. ഒരു പക്ഷേ ലോക്സഭാ തെഞ്ഞെടുപ്പിൽ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷി ആയേക്കുമെന്നും പവാര്‍ അഭിപ്രായപ്പെട്ടു. ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷി ആകുമെങ്കിലും സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അംഗബലം ബിജെപിക്കുണ്ടാവില്ല. മറ്റ് രാഷ്ട്രീയ പാർട്ടികളുടെ പിന്തുണയില്ലാതെ ബിജെപിക്ക് സർക്കാർ രൂപീകരിക്കാൻ സാധിക്കില്ലെന്നും ശരത് പവാർ പറഞ്ഞതായി എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.

ബിജെപി ചിലപ്പോള്‍ ലോകസഭയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായേക്കാം. എന്നാല്‍ സര്‍ക്കാര്‍ രൂപീകരണത്തിന് ബിജെപി മറ്റ് പാര്‍ട്ടികളുടെ പിന്തുണ നേടുകയാണെങ്കില്‍ മറ്റൊരു പ്രധാനമന്ത്രിയേ ബിജെപിക്ക് കണ്ടെത്തേണ്ടിവരുമെന്നും ശരത് പവാര്‍ പറഞ്ഞു. 

2014 ലെ ലോക്‌സഭ തെരഞ്ഞടുപ്പില്‍ 283 സീറ്റുകളാണ് ബിജെപിക്ക് ലഭിച്ചത്. ഒറ്റക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഭൂരിപക്ഷമുണ്ടായിട്ടും സഖ്യസര്‍ക്കാരാണ് ബിജെപി രൂപികരിച്ചത്. മഹാരാഷ്ട്രയിലെ 48 സീറ്റുകളില്‍ 45 സീറ്റുകള്‍ നേടുമെന്നാണ് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞത്. എന്നാല്‍ മഹാരാഷ്ട്രയിലെ മുഴുവന്‍ സീറ്റുകളിലും എന്‍സിപി വിജയിക്കുമെന്ന് ശരത് പവാർ പറഞ്ഞു.

ലോകസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് ശരദ് പവാര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.  മുതിര്‍ന്ന പാര്‍ട്ടി അംഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു അദ്ദേഹം തീരുമാനം വ്യക്തമാക്കിയത്.പുതിയ തലമുറയ്ക്ക് അവസരങ്ങള്‍ നല്‍കണമെന്നാണ് പാര്‍ട്ടിയില്‍ ഉയര്‍ന്നുവന്ന അഭിപ്രായമെന്നും അനന്തരവന്റെ മകനായ പാര്‍ഥ് പവാറിനെ മാവലില്‍ സ്ഥാനാര്‍ഥിയാക്കണമെന്ന് നിരവധി നേതാക്കള്‍ ആവശ്യപ്പെട്ടതായും ശരദ് പവാര്‍ പറഞ്ഞു

click me!