ജമ്മുകശ്മീരിന്‍റെ പ്രത്യേക പദവി പുനസ്ഥാപിക്കാന്‍ പാകിസ്ഥാനോടാണോ ചോദിക്കേണ്ടതെന്ന് മെഹബൂബ മുഫ്തി

By Web TeamFirst Published Apr 13, 2021, 6:00 PM IST
Highlights

ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കിയത് ഇന്ത്യന്‍ ഭരണഘടനയാണെന്നും അല്ലാതെ പാകിസ്ഥാന്‍റെ ഭരണഘടനയോ ചൈനയുടെ ഭരണഘടനയോ അല്ല എന്നും മെഹബൂബ മുഫ്തി

ശ്രീനഗര്‍: ജമ്മുകശ്മീരിന്‍റെ പ്രത്യേക പദവി പുനസ്ഥാപിക്കാന്‍ പാകിസ്ഥാനോട് ആവശ്യപ്പെടണോയെന്ന് പിഡിപി നോതാവ് മെഹബൂബ മുഫ്തി. കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി കടന്നാക്രമിച്ചാണ് മെഹബൂബ മുഫ്തിയുടെ പ്രതികരണം. ആര്‍ട്ടിക്കിള്‍ 370 പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെടുമ്പോഴെല്ലാം കേന്ദ്രസര്‍ക്കാര്‍ ക്ഷുഭിതരാവുകയാണെന്ന് പിഡിപി നേതാവ് മെഹബൂബ മുഫ്തി. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയത് ഇന്ത്യന്‍ ഭരണഘടനയാണെന്നും അല്ലാതെ പാകിസ്ഥാന്‍റെ ഭരണഘടനയോ ചൈനയുടെ ഭരണഘടനയോ അല്ല എന്നും അവര്‍ പറഞ്ഞു.

ആര്‍ട്ടിക്കിള്‍ 370, 35 എ എന്നിവ പുനസ്ഥാപിക്കണമെന്ന് അവര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. 2019 ഓഗസ്റ്റ് 5 ലെ തീരുമാനം ജമ്മുകശ്മീരിലെ ജനങ്ങള്‍ക്കോ പിഡിപിക്കോ സ്വീകാര്യമല്ലെന്നും അവര്‍ പറഞ്ഞു. പിഡിപിയിലേക്ക് അംഗത്വ വിതരണം ആരംഭിച്ച് നടന്ന പരിപാടിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍. തങ്ങളുടെ പ്രത്യേക പദവിയും സ്വത്വബോധവും തട്ടിയെടുത്ത ശേഷം ഇപ്പോള്‍ നിശബ്ദരായി ഇരിക്കാനാണ് കേന്ദ്രം പറയുന്നത്. എങ്ങനെയാണ് തങ്ങള്‍ക്ക് മൗനം പാലിക്കാനാവുകയെന്നും അവര്‍ ചോദിച്ചു.

കേന്ദ്രസര്‍ക്കാര്‍ നല്‍കിയത് വലിയൊരു മുറിവാണ്. അതില്‍ ശബ്ദമുയര്‍ത്തി കരയാന്‍ പോലും പാടില്ലെന്നാണ് ഇപ്പോള്‍ പറയുന്നതെന്നും അവര്‍ ആരോപിച്ചു. ജമ്മുകശ്മീര്‍ ഇന്ത്യയുമായി ചേര്‍ന്നിരിക്കുന്നതിനുള്ള ധാരണയാണ് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിലൂടെ കേന്ദ്ര സര്‍ക്കാര്‍ ചെയ്തിട്ടുള്ളത്. ജമ്മുകശ്മീരിലെ ആളുകളാണ് ഇന്ത്യയുടെ കരം ഗ്രഹിച്ചിട്ടുള്ളതെന്നും അവര്‍ പറഞ്ഞു. കശ്മീരിലെ യുവജനം ആധുടമെടുക്കുന്നതിലേക്ക് തിരിയരുതെന്നും ജനാധിപത്യരീതി പിന്തുടരണമെന്നും മെഹബൂബ മുഫ്തി പറഞ്ഞു.  അസമിലെ നയം ജമ്മു കശ്മീരിലും തുടരണമെന്നും കേന്ദ്രത്തോട്  മെഹബൂബ മുഫ്തി ആവശ്യപ്പെട്ടു. 

click me!