വീണ്ടും ദാരുണാന്ത്യം; വീട്ടിലേക്ക് 1000 കിലോമീറ്റര്‍, സൈക്കിള്‍ യാത്രക്കിടെ കാറിടിച്ച് അതിഥി തൊഴിലാളി മരിച്ചു

By Web TeamFirst Published May 11, 2020, 1:35 PM IST
Highlights

കാര്‍ നിയന്ത്രണം വിട്ട് ഡിവൈഡ‍റിലിടിച്ച് സഘീറിനെയും ഇടിച്ച് തെറുപ്പിക്കുകയായിരുന്നു...

ദില്ലി: ദില്ലിയില്‍ നിന്ന് ബിഹാറിലെ ചമ്പാരനിലെ സഘീര്‍ അന്‍സാരിയുടെ  വീട്ടിലേക്കെത്താന്‍ 1000 കിലോമീറ്ററിലേറെ ദൂരമുണ്ട്. ലോക്ക്ഡ‍ൗണിനെത്തുടര്‍ന്നുണ്ടായ ദുരിതത്തില്‍ എത്രയും പെട്ടന്ന് വീടെത്തുകയെന്ന ഒറ്റ ചിന്തയില്‍ സൈക്കിളെടുത്തിറങ്ങിയതായിരുന്നു അതിഥി തൊഴിലാളിയായ സഘീര്‍ അടങ്ങുന്ന എട്ടംഘ സംഘം. 

മെയ് അഞ്ചിനാണ് യാത്ര തുടങ്ങിയത്. അഞ്ച് ദിവസംകൊണ്ട് പകുതി ദൂരം ചവിട്ടി തീര്‍ത്ത ഇവര്‍ ശനിയാഴ്ച രാവിലെ 10 മണിയോടെ ആഹാരം കഴിക്കാനായി ലക്നൗവിലെ റോഡരികില്‍ തങ്ങിയതാണ്. എന്നാല്‍ അത് സഘീറിന്‍റെ ജീവനെടുക്കാനുള്ള ഇടവേളയാവുകായിരുന്നു. ലക്നൗ രജിസ്ട്രേഷനിലുള്ള കാര്‍ നിയന്ത്രണം വിട്ട് ഡിവൈഡ‍റിലിടിച്ച് സഘീറിനെയും ഇടിച്ച് തെറുപ്പിക്കുകയായിരുന്നു. റോഡ് ഡിവൈഡറിലിരുന്നാണ് സഘീറും സുഹൃത്തുക്കളും ആഹാരം കഴിച്ചിരുന്നത്. കാര്‍ തൊട്ടടുത്തുണ്ടായിരുന്ന മരത്തില്‍ ഇടിച്ചതിനാല്‍ മറ്റുള്ളവര്‍ രക്ഷപ്പെട്ടു. 

സഘീറിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അവിടെ വച്ച് സഘീര്‍ മരിച്ചു. കാര്‍ ഡ്രൈവര്‍ പണം വാഗ്ദാനം ചെയ്തെങ്കിലും പിന്നീട് നിഷേധിച്ചു. തുടര്‍ന്ന് ചില സംഘടനകളും രാഷ്ട്രീയപ്രവര്‍ത്തകരും ചേര്‍ന്ന് പണം പിരിച്ചെടുത്താണ് ആംബുലന്‍സില്‍ സഘീറിന്‍റെ മൃതദേഹം നാട്ടിലേക്ക് അയച്ചത്. കാര്‍ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. അശ്രദ്ധയോടെ വാഹനം ഓടിച്ച് ഒരാളുടെ ജീവനെടുത്തതിന് ഇയാള്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. 
 

click me!