
ചണ്ഡിഗഡ്: വാടക നൽകാൻ കഴിയാത്തതിന് വീട്ട് ഉടമസ്ഥൻ ശകാരിച്ച അതിഥി തൊഴിലാളി ആത്മഹത്യ ചെയ്തു. ഹരിയാനയിലെ ഗുരുഗ്രാമിലാണ് സംഭവം. ആത്മഹത്യാ പ്രേരണയ്ക്ക് ഉടമസ്ഥനെതിരെ പൊലീസ് കേസ് എടുത്തു. ഗുരുഗ്രാമിലെ സെക്ടർ 11 പ്ലംബിംഗ് ജോലികൾ ചെയ്തിരുന്ന ഒഡീഷ സ്വദേശിയാണ് ആത്മഹത്യ ചെയ്തത്.
ലോക്ക്ഡൗണിനെ തുടർന്ന് ജോലിയില്ലാതായ ഇയാൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. മൂന്നു മാസത്തോളമായി വാടക നൽകാത്തതിനെ തുടർന്ന് ഉടമസ്ഥൻ ഇദ്ദേഹത്തെ ശകാരിക്കുക പതിവായിരുന്നുവെന്ന് അയൽക്കാർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. രണ്ട് ദിവസത്തിനുള്ളിൽ വാടക നൽകിയില്ലെങ്കിൽ ഇറക്കിവിടുമെന്ന ഭീഷണപ്പെടുത്തിയതായും അയൽക്കാർ പറഞ്ഞു.
ഇതേതുടർന്ന് വലിയ മാനസിക സംഘർഷത്തിലായിരുന്ന തൊഴിലാളിയെ ഇന്നലെ രാത്രിയോടെയാണ് മുറിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പത്തുവർഷം മുൻപ് ദില്ലിയിൽ ജോലിക്കെത്തിയ ഇദ്ദേഹം ഒറ്റയ്ക്കാണ് ഗുരുഗ്രാമിൽ കഴിഞ്ഞിരുന്നത്. ഒഡീഷയിലെ ഇദ്ദേഹത്തെ ബന്ധുക്കളെ വിവരം അറിയിച്ചെങ്കിലും ഇവിടേക്ക് എത്താനാകാത്ത സ്ഥിതിയായതിനാൽ മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചതായും പൊലീസ് അറിയിച്ചു.
അതിഥി തൊഴിലാളികളിൽ നിന്ന് വാടക പിരിക്കുന്നതിരെ ഹരിയാനയിൽ നിയന്ത്രണങ്ങൾ നിലനിൽക്കെയാണ് ഒരു തൊഴിലാളിക്ക് വാടക നൽകാത്തിന്റെ പേരിൽ ആത്മഹത്യ ചെയ്യേണ്ടി വരുന്നത്. കാൽനടയായി നാട്ടിലേക്ക് മടങ്ങുന്നവരുടെ ദുരിത കഥയ്ക്കൊപ്പം നാട്ടിലേക്ക് മടങ്ങാനാകത്തവരും പ്രതിസന്ധി നേരിടുന്നു എന്നു തെളിക്കുന്നതാണ് ഈ സംഭവങ്ങൾ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam