ഭക്ഷണമില്ല, യമുനാ നദി നീന്തിക്കടന്ന് ഹരിയാനയില്‍ നിന്നും യുപിയിലെത്തി; 12 പേര്‍ പിടിയില്‍

By Web TeamFirst Published Apr 25, 2020, 4:21 PM IST
Highlights

തൊഴിലുടമ ഭക്ഷണം നല്‍കുന്നത് നിര്‍ത്തിയതോടെയാണ് നാട്ടിലേക്ക് മടങ്ങാന്‍ തീരുമാനിച്ചതെന്ന് തൊഴിലാളികള്‍ പറഞ്ഞു. പാനിപ്പത്തില്‍ നിന്നും 765 കിലോമീറ്റര്‍ ദൂരെയാണ് ഇവരുടെ നാട്. 

മീററ്റ്: ലോക്ക്ഡൗണിനെ തുടര്‍ന്ന് ഗാതാഗത മാര്‍ഗങ്ങള്‍ സ്തംഭിച്ചതോടെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കുടിങ്ങിയവര്‍ തിരികെ നാട്ടിലെത്താനായി സകല വഴികളും തേടുകയാണ്. ലോക്ക്ഡൗണ്‍ ലംഘനം നടത്തി ഹരിയാനയില്‍ നിന്നും അയല്‍ സംസ്ഥാനമായ ഉത്തര്‍പ്രദേശിലേക്ക് യമുനാ നദി നീന്തിക്കടന്നെത്തിയ 12 തൊഴിലാളികളെ പൊലീസ് പിടികൂടി ക്വാറന്‍റൈനിലാക്കി.

ഹരിയാനയിലെ പാനിപ്പത്തില്‍ പച്ചക്കറി ചന്തയില്‍ ജോലി ചെയ്യുന്ന തൊഴിലാളികളാണ് നദി നീന്തിക്കടന്ന് നാട്ടിലേക്ക് പോയത്. തൊഴിലുടമ ഭക്ഷണം നല്‍കുന്നത് നിര്‍ത്തിയതോടെയാണ് നാട്ടിലേക്ക് മടങ്ങാന്‍ തീരുമാനിച്ചതെന്ന് തൊഴിലാളികള്‍ പറഞ്ഞു. പാനിപ്പത്തില്‍ നിന്നും 765 കിലോമീറ്റര്‍ ദൂരെയാണ് ഇവരുടെ നാട്. നദി നീന്തിക്കടന്ന് ഉത്തര്‍പ്രദേശിലെ ഷാമിലിയിലെത്തിയപ്പോള്‍ പ്രദേശവാസികള്‍ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.

പൊലീസെത്തി തൊഴിലാളികളെ ക്വാറന്‍റൈനിലാക്കി. നൂറുകണക്കിന് തൊഴിലാളികളാണ് യമുനാനദി നീന്തിക്കടന്ന് ഉത്തര്‍പ്രദേശിലേക്ക് കടക്കാനായി എത്തുന്നത്. നിരവധി പേരെ പൊലീസ് തടഞ്ഞ് തിരിച്ച് വിട്ടു. ഏപ്രില്‍ ആദ്യവാരത്തില്‍ വായു നിറച്ച പൈപ്പുകളുടെ സഹായത്തോടെ ചിലര്‍ മറുകരയിലേക്ക് പൊകാന്‍ ശ്രമിച്ചിരുന്നു. വന്‍തുക വാങ്ങി ഗ്രാമവാസികളാണ് ഇവര്‍ക്ക് പൈപ്പ് സംഘടിപ്പിച്ച്  നല്‍കിയത്. എന്നാല്‍ വിവരമറിഞ്ഞ് പൊലീസെത്തി ഇത് തടയുകയായിരുന്നു.
 

click me!