'കൊളോണിയൽ അടിമത്വത്തിൽ നിന്ന് ചിലർ മുക്തരായിട്ടില്ല', ബിബിസി വിവാദത്തിൽ വിമർശനവുമായി കേന്ദ്രം 

By Web TeamFirst Published Jan 22, 2023, 12:46 PM IST
Highlights

ചിലർ ഇപ്പോഴും കൊളോണിയൽ അടിമത്വത്തിൽ നിന്ന് മുക്തരായിട്ടില്ലെന്നും രാജ്യത്തിന്റെ അഖണ്ഡതയേക്കാളും, സുപ്രീം കോടതിയേക്കാളും മുകളിലാണ് ബിബിസിയെന്ന് ചിലർ കരുതുന്നുവെന്നും കേന്ദ്രമന്ത്രി കിരൺ റിജിജ്ജു കുറ്റപ്പെടുത്തി.

ദില്ലി : പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ ബിബിസി ഡോക്യുമെന്ററി വിവാദത്തിൽ പ്രതികരണവുമായി കേന്ദ്രം. ചിലർ ഇപ്പോഴും കൊളോണിയൽ അടിമത്വത്തിൽ നിന്ന് മുക്തരായിട്ടില്ലെന്നും രാജ്യത്തിന്റെ അഖണ്ഡതയേക്കാളും, സുപ്രീം കോടതിയേക്കാളും മുകളിലാണ് ബിബിസിയെന്ന് ചിലർ കരുതുന്നുവെന്നും കേന്ദ്രമന്ത്രി കിരൺ റിജജു കുറ്റപ്പെടുത്തി. ഇത്തരക്കാർ രാജ്യത്തെ ദുർബലപ്പെടുതുന്നതല്ലാതെ മറ്റൊന്നും ചെയ്യുന്നില്ല. അവരിൽ നിന്നും മറ്റൊന്നും പ്രതീക്ഷിക്കാനാകില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.  

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ബിബിസിയുടെ വിവാദ ഡോക്യുമെന്‍ററിയുടെ ലിങ്ക് നീക്കം ചെയ്യാന്‍ യൂട്യൂബിനും ട്വിറ്ററിനും കേന്ദ്രം ഇന്നലെ നിര്‍ദേശം നൽകിയിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തില്‍ ബിബിസിയുടെ ഡോക്യുമെന്‍ററി ഷെയര്‍ ചെയ്തുള്ള ട്വീറ്റുകള്‍ നീക്കം ചെയ്യപ്പെട്ടു. പ്രതിപക്ഷ നേതാക്കളും പൗരാവകാശ പ്രവർത്തകരും വ്യാപകമായി ഇന്ത്യ ദ മോദി ക്വസ്റ്റ്യൻ എന്ന ഡോക്യുമെന്ററിയുടെ ലിങ്ക് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതിന് പിന്നാലെയാണ് കേന്ദ്ര സർക്കാരിൻറെ നടപടി. രണ്ട് ദിവസമായി ബിബിസി ഡോക്യുമെന്ററി ഹാഷ്ടാഗ് ഇന്ത്യയിൽ ട്വിറ്ററിൽ  ട്രെൻഡിംഗിൽ ആദ്യത്തേതായിരുന്നു. ഇതോടെയാണ് ഇന്ത്യയിൽ ഇതുവരെ  സംപ്രേഷണം ചെയ്യാത്ത ഡോക്യുമെന്ററിയുടെ ലിങ്കുകൾ ട്വിറ്ററിനോടും യൂട്യൂബിനോടും നീക്കം ചെയ്യാൻ കേന്ദ്രം നിർദേശിച്ചത്.

'ഇപ്പോഴില്ലെങ്കിൽ നമ്മൾ ഇന്ത്യക്കൊപ്പമല്ല'; ബിബിസിക്കെതിരെ 302 പ്രമുഖർ ഒപ്പിട്ട കത്ത്

ജനാധിപത്യ സർക്കാറിനെയും പാർലമെന്റിനെയും അവഹേളിക്കുന്നതാണ് ബിബിസിയുടെ നടപടിയെന്നാണ്  കേന്ദ്രസർക്കാർ നിലപാട്. ഇക്കാര്യം വൈകാതെ ബ്രിട്ടനെ ഔദ്യോഗികമായി അറിയിക്കും. ഇന്ത്യ ജി 20 അധ്യക്ഷത വഹിക്കവേ പുറത്തിറങ്ങിയ ഡോക്യുമെന്ററി പ്രധാനമന്ത്രി നരേന്ദ്രമോദിയെ അവഹേളിക്കാൻ ഉന്നമിട്ടുള്ളതാണെന്നും കേന്ദ്രസർക്കാർ കരുതുന്നു. ഇന്ത്യ ജി 20 അധ്യക്ഷ സ്ഥാനത്തേക്ക്  തെരഞ്ഞെടുപ്പടുക്കവേ ബിബിസി ഡോക്യമെന്ററി ആഗോള തലത്തിൽ തന്നെ മോദി സർക്കാറിന്റെ പ്രതിച്ഛായക്ക് മങ്ങലേൽപിക്കുമെന്നാണ് ബിജെപിയുടെ വിലയിരുത്തൽ. മുൻ റോ മേധാവിയും വിമരിച്ച ജഡ്ജിമാരും ഉൾപ്പടെ 302 പേ‌ർ ഡോക്യുമെന്ററിയെ ശക്തമായി വിമർശിച്ച്  സംയുക്ത പ്രസ്താവന ഇറക്കി. കൊളോണിയൽ മനോനിലയിൽനിന്നും പിറവിയെടുത്ത ഡോക്യുമെന്ററി ഇന്ത്യൻ ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്ന് പ്രസ്താവനയിലുണ്ട്. 

ബിബിസി ഡോക്യുമെന്‍ററി വിവാദം; ബ്രിട്ടനെ കടുത്ത എതിർപ്പറിയിക്കാൻ ഇന്ത്യ, പിന്നോട്ടില്ലെന്ന് ബിബിസി


 

click me!