
ദില്ലി: പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറുമായി കൂടിക്കാഴ്ച നടത്തി. റോഡ് പണിയുമായി ബന്ധപ്പെട്ട പ്രവർത്തികൾ രേഖപ്പെടുത്തുന്നതിനും വിവിധ വകുപ്പുകളെ ഏകോപിപ്പിക്കുന്നതിനും പോർട്ടൽ വികസിപ്പിക്കാൻ കേന്ദ്ര സഹായം തേടിയതായി മന്ത്രി പറഞ്ഞു. വെൽനസ് ടൂറിസം, പിഡബ്ല്യൂഡി ഫോർ യു ആപ്പ് അടക്കമുള്ള വിഷയങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയായി.
അതേസമയം മന്ത്രി മുഹമ്മദ് റിയാസ് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. ദേശീയപാതാ വികസനം, ദേശീയ പാതകളുടെ അറ്റകുറ്റപ്പണി നടത്താൻ സാധിക്കാത്ത സാഹചര്യം എന്നിവ കൂടിക്കാഴ്ചയിൽ ചർച്ചയായി. നിർമാണം ഏറ്റെടുത്ത കരാറുകളുടെ കാലാവധി അവസാനിക്കുമ്പോൾ അറ്റകുറ്റപ്പണിക്കായി പ്രത്യേക പരിപാലന കരാർ രൂപീകരിക്കണെമെന്നും ആവശ്യപ്പെട്ടു.
മഴക്കെടുതി മൂലം തകർന്ന പാലങ്ങളുടെ പുനർനിർമാണവും വിവിധ പദ്ധതികളുടെ രൂപരേഖയും കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രിക്ക് അദ്ദേഹം കൈമാറി.സംസ്ഥാനത്തെ ദേശീയപാതകളിൽ 240 കിലോമീറ്റർ മാത്രമാണ് പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ളത്. ഭൂരിഭാഗവും നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലാണ്.
അതായത് 1233 കിലോമീറ്റർ കേന്ദ്ര സർക്കാരിന്റെ കീഴിലുള്ളതാണ്. ദേശീയപാത ആറ് വരിയാക്കാൻ വേണ്ടി കൈമാറ്റം ചെയ്തതിന് ശേഷം റോഡുകളിൽ നിരവധി കുഴികൾ രൂപപ്പെട്ടു. കൈമാറുന്നതിന് മുമ്പ് പൊതുമരാമത്ത് വകുപ്പിന് നേരിട്ട് കുഴികൾ അടക്കാനുള്ള സംവിധാനമുണ്ടായിരുന്നു. എന്നാൽ ഇതിന് ശേഷം കുഴികൾ അടയ്ക്കണമെങ്കിൽ എൻഎച്ച്ഐയുടെ അനുവാദവും ഫണ്ടും വേണം. ഇത് സമയനഷ്ടം ഉണ്ടാക്കുന്നതായുംയോഗത്തിൽ അറിയിച്ചതായി മന്ത്രി പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam