
വാഷിംഗ്ടൺ: ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾക്ക് നേരെ ആക്രമണം വർധിക്കുകയാണെന്ന ആരോപണത്തിന് മറുപടിയുമായി ധനമന്ത്രി നിർമലാ സീതാരാമൻ. പീറ്റേഴ്‌സൺ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർനാഷണൽ ഇക്കണോമിക്‌സിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ പ്രതിരോധശേഷിയും വളർച്ചയും ചർച്ചയിൽ സംസാരിക്കുകയായിരുന്നു ധനമന്ത്രി. ഇന്ത്യയിൽ സന്ദർശിച്ചിട്ടില്ലാത്ത ആളുകൾ ഉണ്ടാക്കുന്ന ധാരണകൾ വിശ്വസിക്കുന്നതിന് പകരം രാജ്യത്ത് വന്നുനോക്കാനും ധനമന്ത്രി നിക്ഷേപകരോട് അഭ്യർത്ഥിച്ചു.
ഇന്ത്യയിലേക്ക് വരുന്ന നിക്ഷേപകർക്ക് യാഥാർഥ്യം അറിയാമെന്ന് കരുതുന്നു. നിക്ഷേപം സ്വീകരിക്കാൻ താൽപ്പര്യമുള്ള ഒരാളെന്ന നിലയിൽ, ഇന്ത്യയിൽ എന്താണ് സംഭവിക്കുന്നതെന്ന് വന്ന് നോക്കൂ എന്ന് മാത്രമേ ഞാൻ പറയൂ. രാജ്യം സന്ദർശിക്കാത്തവർ ഉണ്ടാക്കുന്ന റിപ്പോർട്ടുകൾ വായിച്ച് ധാരണകൾ ഉണ്ടാക്കുന്നതിനേക്കാൾ നല്ലത് ഇന്ത്യയിൽ വന്ന് കാര്യങ്ങൾ മനസ്സിലാക്കുകയാണെന്നും അവർ പറഞ്ഞു. പിഐഐഇ പ്രസിഡന്റ് ആദം എസ് പോസന്റെ ചോദ്യത്തിന് മറുപടിയായിട്ടാണ് ധനമന്ത്രി ഇക്കാര്യം പറഞ്ഞത്. പ്രതിപക്ഷ പാർട്ടിയിലെ എംപിമാർക്ക് പദവി നഷ്‌ടപ്പെടുന്നതിനെക്കുറിച്ചും ഇന്ത്യയിലെ മുസ്ലിം ന്യൂനപക്ഷങ്ങൾ അക്രമത്തിന് വിധേയരാകുന്നതിനെക്കുറിച്ചും പാശ്ചാത്യ പത്രങ്ങളിൽ വന്ന റിപ്പോർട്ടുകളെ കുറിച്ചാണ് പോസെൻ ചോദ്യമുന്നയിച്ചത്.
"ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മുസ്ലീം ജനസംഖ്യയുള്ള രാജ്യമാണ്. ന്യൂനപക്ഷ ജനസംഖ്യ വളരുകയാണ്. ഭരണകൂടത്തിന്റെ പിന്തുണയോടെ അവരുടെ ജീവിതം ദുഷ്കരമോ ബുദ്ധിമുട്ടുള്ളതോ ആണെങ്കിൽ ഇത് സംഭവിക്കുമോ. അങ്ങനെയെങ്കിൽ മുസ്ലീം ജനസംഖ്യ 1947-ൽ ഉണ്ടായിരുന്നതിനേക്കാൾ വളരുമോയെന്നും ധനമന്ത്രി ചോദിച്ചു.
പാക്കിസ്ഥാനിൽ ന്യൂനപക്ഷങ്ങളുടെ അവസ്ഥ വഷളായിക്കൊണ്ടിരിക്കുകയാണ്. അവരുടെ എണ്ണം ദിനംപ്രതി കുറയുന്നു. ചെറിയ ആരോപണങ്ങൾക്ക് പാക്കിസ്ഥാനിലെ ന്യൂനപക്ഷങ്ങൾക്കെതിരെ കടുത്ത കുറ്റം ചുമത്തുകയും വധശിക്ഷ പോലുള്ള ശിക്ഷകൾ വിധിക്കുകയും ചെയ്യുന്നു. മതനിന്ദ നിയമങ്ങൾ വ്യക്തിപരമായ പ്രതികാരത്തിനായി ഉപയോഗിക്കുന്നു. ഇന്ത്യ രണ്ടായി വിഭജിക്കപ്പെട്ടപ്പോൾ പാകിസ്ഥാൻ സ്വയം ഇസ്ലാമിക രാജ്യമായി പ്രഖ്യാപിച്ചു. ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടുമെന്ന് പറഞ്ഞു. എന്നാൽ എല്ലാ ന്യൂനപക്ഷങ്ങളും എണ്ണത്തിൽ കുറഞ്ഞുവരികയാണ്. ചില മുസ്ലീം വിഭാഗങ്ങളെപ്പോലും ഇല്ലാതാക്കിയെന്നും ഇന്ത്യയിലെ മുസ്‌ലിംകൾ പാക്കിസ്ഥാനിലേതിനേക്കാൾ മെച്ചമായി ജീവിക്കുന്നുണ്ടെന്നും അവർ പറഞ്ഞു. ഇന്ത്യയിൽ എല്ലാ വിഭാഗം മുസ്ലീങ്ങളും അവരുടെ ബിസിനസ്സ് ചെയ്യുന്നതും അവരുടെ കുട്ടികൾ പഠിക്കുന്നതും നിങ്ങൾക്ക് കാണാം. സർക്കാർ ഫെലോഷിപ്പുകൾ നൽകുന്നുവെന്നും അവർ വ്യക്തമാക്കി.
ഇന്ത്യയിൽ മുസ്ലീങ്ങൾ ഇരകളാക്കപ്പെടുന്നു എന്ന ആരോപണത്തെ മന്ത്രി അപലപിച്ചു. ഇന്ത്യയിൽ ഉടനീളം, മുസ്ലീങ്ങൾക്കെതിരെ അക്രമം നടക്കുന്നുവെന്ന പ്രസ്താവന തെറ്റാണ്. ജനസംഖ്യ കുറഞ്ഞോ? ഏതെങ്കിലും ഒരു പ്രത്യേക സമൂഹത്തിൽ മരണങ്ങൾ ആനുപാതികമായി ഉയർന്നിട്ടുണ്ടോ? അതുകൊണ്ടുതന്നെ, ഈ റിപ്പോർട്ടുകൾ എഴുതുന്വരെ ഇന്ത്യയിലേക്ക് ഞാൻ ക്ഷണിക്കുന്നു. അവർ ഇന്ത്യയിൽ വന്ന് അവരുടെ വാദം തെളിയിക്കട്ടെയെന്നും അവർ വെല്ലുവിളിച്ചു.