
ഭോപ്പാൽ: മധ്യപ്രദേശിൽ പ്രളയത്തിൽ കാണാതായ മലയാളി സൈനിക ഉദ്യോഗസ്ഥന്‍റെ മൃതദേഹം കണ്ടെത്തി. എറണാകുളം മാമംഗലം സ്വദേശി നിർമ്മൽ ശിവരാജനാണ് മരിച്ചത്. കാര്‍ യാത്രക്കിടെ പ്രളയത്തിൽ പെട്ടുണ്ടായ അപകടത്തിലാണ് നിര്‍മ്മല്‍ മരിച്ചത്. കാർ കണ്ടെത്തിയതിന് സമീപ പ്രദേശത്താണ് മൃതദേഹം കണ്ടെത്തിയത്.
മൂന്ന് ദിവസം മുമ്പ് തിങ്കളാഴ്ച്ചയാണ് ക്യാപ്റ്റൻ നിര്‍മ്മലിനെ കാണാതായത്. മധ്യപ്രദേശിലെ ജപൽപൂരിൽ ലെഫ്റ്റനന്‍റ് ആയി ജോലി ചെയ്യുന്ന ഭാര്യ ഗോപി ചന്ദ്രയെ കണ്ട ശേഷം ജോലി സ്ഥലമായ പച് മാര്‍ഹിയിക്കുള്ള യാത്രക്കിടെ കാണാതാവുകയായിരുന്നു. നർമ്മദാപുരത്തെ ബച്ച്വാര ഗ്രാമത്തിലാണ് നിമ്മലിന്‍റെ ഫോണിന്‍റെ അവസാന ടവർ ലൊക്കേഷൻ. ഇതിന്‍റെ അടിസ്ഥാനത്തിൽ പ്രദേശത്ത് നടത്തിയ തെരച്ചില്‍ നിര്‍മ്മല്‍ സഞ്ചരിച്ച കാര്‍ കണ്ടെത്തിയിരുന്നു.
മൂന്ന് ദിവസത്തെ തെരച്ചിലിനൊടുവില്‍ പാറ്റ്നിയെന്ന സ്ഥലത്ത് നിന്നും ഇന്ന് രാവിലെയാണ് നിര്‍മ്മലിന്‍റെ കാര്‍ കണ്ടെത്തിയത്. തകർന്ന നിലയിലാണ് കാർ കണ്ടെത്തിയത്. ഇതിന് പിന്നാലെ നടത്തിയ തെരച്ചിലില്‍ കാര്‍ കണ്ടെത്തിയ സ്ഥലത്തിന് സമീപത്ത് നിന്ന് തന്നെ നിര്‍മ്മലിന്‍റെ മൃതദേഹവും കണ്ടെത്തുകയായിരുന്നു. ശക്തമായ മഴയുണ്ടായിരുന്ന സ്ഥലത്ത് വലിയ വെള്ളപൊക്കമുണ്ടായിരുന്നു. വെള്ളപൊക്കത്തിൽ കാർ അപകടത്തില്‍ പെട്ടെന്നാണ് നിഗമനം. അടുത്ത മാസം മൂന്നിന് നിർമ്മലിൻ്റെ അടുത്തേക്ക് അച്ഛനും അമ്മയും സഹോദരിയും പോകാനുള്ള തയ്യാറെടുപ്പിനിടെയായിരുന്നു അപകടം.
Also Read: കശ്മീരിൽ ബസ് പുഴയിലേക്ക് മറിഞ്ഞു; 8 ഐടിബിപി ജവാന്മാർ മരിച്ചു, 37 പേർക്ക് പരിക്ക്
യാത്രക്കിടെ നിര്‍മ്മല്‍ വെള്ളത്തില്‍ ഒഴുകിപോയെന്നാണ് കരുതുന്നത്. 2014 ല്‍ ആണ് നിര്‍മ്മല്‍ സൈന്യത്തില്‍ ജോലിക്ക് കയറിയത്. കാര്‍ഗില്‍ യുദ്ധകാലത്ത് വിദ്യാര്‍ത്ഥിയായിരുന്ന നിര്‍മ്മലിന്‍റെ അന്ന് മുതലുള്ള ആഗ്രഹമായിരുന്നു സൈനിക സേവനം. നിര്‍മ്മലിന്‍റെ മൃതദേഹം നാളെ ഉച്ചയോടെ കൊച്ചിയിലെത്തിക്കും. വൈകിട്ട് ഇലഞ്ഞിയിലെ തറവാട്ടു വളപ്പില്‍ സംസ്ക്കരിക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam