
മുംബൈ: മഹാരാഷ്ട്ര രാഷ്ട്രീയ അട്ടിമറിയിൽ ശരദ് പവാറിന് പിന്തുണ അറിയിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ശരദ് പവാറുമായി സ്റ്റാലിൻ ഫോണിൽ സംസാരിച്ചു. മഹാരാഷ്ട്രയിലെ അപ്രതീക്ഷിത രാഷ്ട്രീയ അട്ടിമറിയിലൂടെ എൻ സി പി പിളർത്തി അജിത് പവാറും സംഘവും എൻ ഡി എ ക്യാംപിലെത്തിയതിന്‍റെ ഞെട്ടലിലാണ് പ്രതിപക്ഷം.
അജിത് പവാർ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് പ്രതിപക്ഷത്തെ നേതാക്കളും രംഗത്തെത്തി. അതിനിടയിലാണ് ശിവസേന നേതാവ് സഞ്ജയ് റാവത്ത് എൻ സി പി അധ്യക്ഷൻ ശരദ് പവാറുമായി സംസാരിച്ചതിന്‍റെ വിവരങ്ങൾ പങ്കുവച്ച് രംഗത്തെത്തിയത്. ശരത് പവാറുമായി സംസാരിച്ചതായി സഞ്ജയ് റാവത്ത് വ്യക്തമാക്കി. താൻ സ്ട്രോങ്ങ് ആണെന്നും ജനങ്ങളുടെ പിന്തുണ നമുക്കുണ്ടെന്നുമാണ് ശരദ് പവാർ പറഞ്ഞതെന്ന് അദ്ദേഹം വിവരിച്ചു. ഉദ്ധവ് താക്കറയുമായി ചേർന്ന് വീണ്ടും എല്ലാം പുനർ നിർമ്മിക്കുമെന്നും ശരദ് പവാർ പറഞ്ഞതായി റാവത്ത് വ്യക്തമാക്കി.
പാർട്ടിയെ പിളർത്താനുള്ള നീക്കത്തിന് നേതൃത്വം വഹിച്ച അജിത് പവാറിനെതിരെ നിയമനടപടി സ്വീകരിക്കാനുള്ള തീരുമാനത്തിലാണ് എൻസിപി. ലോക്നാഥ് ഷിൻഡേ മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രിയായ അജിതിനെയും കൂറുമാറിയ എംഎൽഎമാരെയും അയോഗ്യരാക്കാനാൻ സ്പീക്കർക്ക് എൻസിപി അധ്യക്ഷൻ ശരദ് പവാർ കത്ത് നൽകി. മൂന്നിൽ രണ്ട് എംഎൽഎമാരുടെ ഭൂരിപക്ഷമുണ്ടെങ്കിലും മറ്റൊരു പാർട്ടിയിൽ ലയിക്കാതെ അജിത് പവാറിന് അയോഗ്യത പ്രശ്നം മറികടക്കാനാകില്ലെന്നാണ് നിയമ വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam