
ബിലാസ്പുർ (ഛത്തീസ്ഗഢ്): ബീഫ് വിറ്റെന്നാരോപിച്ച് ആൾക്കൂട്ടം രണ്ട് പേരെ ക്രൂരമായി മര്‍ദിച്ച് വിവസ്ത്രരാക്കി റോഡിലൂടെ നടത്തിച്ചു. ഛത്തിസ്ഗഢിലെ ബിലാസ്പുറിലാണ് സംഭവം. സംഭവത്തിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ പ്രചരിച്ചു. ബീഫ് വിൽപ്പനക്കായി കടത്തിയെന്നാരോപിച്ച് ഇരുവരെയും ബെല്‍റ്റ് കൊണ്ട് അടിക്കുന്നതും വിവസ്ത്രരാക്കി നടത്തിക്കുന്ന വീഡിയോയുമാണ് പ്രചരിച്ചത്. സംഭവത്തിൽ പൊലീസ് മർദ്ദനമേറ്റവരെ കസ്റ്റഡിയിലെടുത്തു.
രണ്ടു പേരെ കസ്റ്റഡിയിലെടുത്തതായും ഇരുവരുടെയും പക്കല്‍ നിന്നും 33 കിലോഗ്രാം ബീഫ് പിടിച്ചെടുത്തതായും പൊലീയ് അറിയിച്ചു. നരസിങ് ദാസ്, റാംനിവാസ് മെഹര്‍ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇരുവരെയും കോടതിയില്‍ ഹാജരാക്കി. പ്രതികളെ മര്‍ദ്ദിച്ചവര്‍ക്കെതിരെയുള്ള എന്ത് നടപടി സ്വീകരിച്ചുവെന്നതിന് പൊലീസ് വിശദീകരണം നൽകിയില്ല. ഇരുചക്രവാഹനത്തില്‍ ബീഫ് ചാക്കില്‍ കെട്ടി പോകുകയായിരുന്നു ഇവരെന്നും പൊലീസ് പറഞ്ഞു.
50ഓളം വരുന്ന ആള്‍ക്കൂട്ടമാണ് ഇരുവരെയും പൊലീസ് സ്റ്റേഷനിലെത്തിച്ചതെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ചാക്കിലെ മാംസം മൃഗഡോക്ടര്‍ പരിശോധിച്ച് പശുവിറച്ചിയാണെന്ന് പറഞ്ഞതോടെയാണ് കേസെടുത്തത്. പ്രതികളെ മര്‍ദ്ദിക്കുന്ന വീഡിയോ ശ്രദ്ധയില്‍പ്പെട്ടു. ഇവരെ മെഡിക്കല്‍ പരിശോധനക്ക് വിധേയമാക്കും. പരാതി നല്‍കിയാല്‍ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചത് അന്വേഷിക്കുമെന്നും പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
'വാങ്ങരുത്, കഴിക്കരുത്'; ബീഫിന്റെ പേരിൽ കാഡ്ബറിക്കെതിരെ പ്രതിഷേധം
കഴിഞ്ഞ ദിവസം പശുവിറച്ചിയാണെന്ന് സംശയിച്ച് പിടികൂടുന്ന മാംസം ഒരു മണിക്കൂറിനുള്ളിൽ സ്ഥിരീകരിക്കാവുന്ന റാപ്പിഡ് ടെസ്റ്റ് സംവിധാനം ഗുജറാത്ത് വികസിപ്പിച്ചിരുന്നു. അഹമ്മദാബാദിലും ഗാന്ധിനഗറിലും പരീക്ഷണാടിസ്ഥാനത്തില്‍ ലാബ് പ്രവര്‍ത്തിച്ചു തുടങ്ങി.
ടൈംസ് ഓഫ് ഇന്ത്യയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. സാധാരണ രീതിയില്‍ മാംസം പശുവിന്‍റേതാണോ അല്ലയോ എന്നു സ്ഥിരീകരിക്കുന്ന സീറോളജിക്കൽ അനാലിസിസ്, ഡിഎൻഎ വിശകലനം തുടങ്ങിയ പരമ്പരാഗത രീതികളേക്കാള്‍ കൃത്യവും വേഗവും പുതിയ സംവിധാനത്തിന് ഉണ്ടെന്നാണ് സര്‍ക്കാര്‍ അവകാശവാദം.
ഇപ്പോൾ, നിലവില്‍ മറ്റൊരു സംസ്ഥാനവും ഈ രീതി ഉപയോഗിക്കുന്നില്ലെന്ന് നാഷണൽ ഫോറൻസിക് സയൻസ് യൂണിവേഴ്‌സിറ്റിയിലെ (എൻഎഫ്‌എസ്‌യു) സീനിയർ ഫാക്കൽറ്റിയായ നികുഞ്ജ് ബ്രഹ്മഭട്ട് പറഞ്ഞു. പരമ്പരാഗത പരിശോധനയിൽ, സാമ്പിൾ വളരെ നേരം സാധാരണ താപനിലയില്‍ നില്‍ക്കുകയോ തുറന്നുവെക്കുകയോ ചെയ്താല്‍ പരിശോധനാ ഫലത്തെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam