
ചണ്ഡിഗഡ്: ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷമുണ്ടായ ഹരിയാനയിലെ നൂഹിൽ വീണ്ടും മൊബൈൽ, ഇന്റർനെറ്റ് സേവനം റദ്ദാക്കി. തിങ്കളാഴ്ച വരെയാണ് നിയന്ത്രണം. നൂഹിൽ വീണ്ടും ഘോഷയാത്ര സംഘടിപ്പിക്കുമെന്ന് വിഎച്ച്പി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ അഭ്യൂഹങ്ങൾ പ്രചരിക്കാതിരിക്കാനാണ് നടപടി. ജൂലൈ 31 ന് സംഘർഷമുണ്ടായതിനെ തുടർന്ന് രണ്ടാഴ്ച നൂഹിൽ ഇന്റർനെറ്റ് റദ്ദാക്കിയിരുന്നു. വിഎച്ച്പി സംഘടിപ്പിച്ച ഘോഷയാത്രക്ക് നേരെയുണ്ടായ കല്ലേറിനെ തുടർന്നാണ് നേരത്തെ സംഘർഷമുണ്ടായത്. സംഘർഷത്തിൽ 6 പേർ കൊല്ലപ്പെട്ടിരുന്നു.
ഹരിയാനയിലെ നൂഹിൽ നടന്ന വർഗീയ കലാപത്തിൽ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി രംഗത്തെത്തിയിരുന്നു. അക്രമത്തിന് പിന്നിലെ മുസ്ലീം വിഭാഗത്തെ ബഹിഷ്ക്കരിക്കാനുള്ള ആഹ്വാനങ്ങൾ അംഗീകരിക്കാനാകില്ലെന്നും സമുദായങ്ങൾക്കിടെ യോജിപ്പും സൗഹാർദ്ദവും വേണമെന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടു.
നൂഹിലെ വർഗീയ കലാപത്തിൽ രജിസ്റ്റർ ചെയ്ത കേസുകളുടെ അന്വേഷണത്തിന് ഡി ജി പി യുടെ നേതൃത്വത്തിൽ സമിതി വേണമെന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടു. വിദ്വേഷ പ്രസംഗങ്ങളെ അംഗീകരിക്കുന്നില്ലെന്ന് കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചു. അതേസമയം പൊലീസിന്‍റെ സാന്നിധ്യത്തിലായിരുന്നു ഹിന്ദു മഹാ പഞ്ചായത്തിലെ ബഹിഷ്കരണ ആഹ്വാനമെന്ന് ഹർജിക്കാർ കോടതിയെ അറിയിച്ചു. ഹിന്ദു മഹാ പഞ്ചായത്തിലെ ആഹ്വാനത്തിനെതിരെയായിരുന്നു ഹർജി.
നൂഹിൽ പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷം ഗുരുഗ്രാമിലേക്കും വ്യാപിക്കുകയായിരുന്നു. രണ്ട് ഹോം ഗാർഡുകളും മതപണ്ഡിതനുമടക്കം ആറ് പേരാണ് സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടത്. സംഘർഷങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ 202 പേരെ അറസ്റ്റ് ചെയ്തതായും 80 പേരെ കരുതൽ തടങ്കലിൽ പാർപ്പിച്ചതായും ഹരിയാന ആഭ്യന്തര മന്ത്രി അനിൽ വിജ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam