പെഗാസസ് വിവാദം: ജെഡിയു നിലപാടില്‍ ഞെട്ടി ബിജെപി; പ്രതിപക്ഷം ഇന്ന് യോഗം ചേരും

By Web TeamFirst Published Aug 3, 2021, 1:24 AM IST
Highlights

പെഗാസസ് ഫോൺ ചോർത്തലിൽ ചർച്ച ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്നലെയും കടുത്ത പ്രതിഷേധമാണ് ഉയര്‍ത്തിയത്. പതിനാല് പാർട്ടികൾ സംയുക്തമായി മുദ്രാവാക്യം മുഴക്കിയിരുന്നു. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പ്രതിപക്ഷ നേതാക്കളുമായി നടത്താനിരുന്ന ചർച്ചയും റദ്ദാക്കിയിരുന്നു.

ദില്ലി: പെഗാസസ് ഫോൺ ചോർത്തലിൽ ചർച്ച ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങളില്‍ തുടർച്ചയായ പത്താം ദിനവും പാർലമെന്‍റ്  തടസപ്പെട്ടതിന് പിന്നാലെ മോക്ക് പാർലമെന്‍റ്  നടത്തി വിഷയം ചർച്ച ചെയ്യുന്ന കാര്യം ആലോചിക്കാൻ ഇന്ന് പ്രതിപക്ഷ യോഗം ചേരും. പെഗാസസ് ഫോൺ ചോർത്തലിൽ ചർച്ച ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്നലെയും കടുത്ത പ്രതിഷേധമാണ് ഉയര്‍ത്തിയത്. പതിനാല് പാർട്ടികൾ സംയുക്തമായി മുദ്രാവാക്യം മുഴക്കിയിരുന്നു.

പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പ്രതിപക്ഷ നേതാക്കളുമായി നടത്താനിരുന്ന ചർച്ചയും റദ്ദാക്കിയിരുന്നു. അമിത് ഷാ വിശദീകരണം നല്‍കണം എന്ന ആവശ്യം സ്വീകാര്യമല്ലെന്ന് സർക്കാർ പ്രതിപക്ഷത്തെ അറിയിച്ചു. കൊവിഡ് സാഹചര്യം ആദ്യം ചർച്ച ചെയ്യാം എന്ന നിർദ്ദേശം പ്രതിപക്ഷം തള്ളി. ഇതോടെയാണ് പുറത്ത് മോക്ക് പാർലമെന്‍റ് നടത്തി ചർച്ച നടത്തുമെന്ന് പ്രതിപക്ഷം വ്യക്തമാക്കിയത്. ഇതിനിടെ പ്രതിപക്ഷ പ്രതിഷേധത്തിനിടയിലും നിലപാടില്‍ ഉറച്ച് നിന്ന കേന്ദ്രത്തിന് എന്‍ഡിഎക്കുള്ളില്‍ ഭിന്നസ്വരം ഉയര്‍ന്നത് തിരിച്ചടിയായിട്ടുണ്ട്.

പെഗാസസ് ഫോൺ ചോ‍ർത്തൽ വിവാദം ച‍ർച്ച ചെയ്യണമെന്ന പ്രതിപക്ഷ ആവശ്യത്തോട് കേന്ദ്ര സ‍ർക്കാരും ബിജെപിയും മുഖം തിരിക്കുമ്പോൾ ഭിന്നനിലപാടുമായി എൻ‍ഡിഎ ഘടകക്ഷിയായ ജെഡിയു ആണ് രംഗത്ത് വന്നത്. പെഗാസസ് ഫോൺ വിവാദത്തിൽ അന്വേഷണം വേണമെന്ന് ജെഡിയു അധ്യക്ഷനും ബിഹാ‍ർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാ‍ർ ആവശ്യപ്പെട്ടു.

പെഗാസസ് വിഷയത്തിൽ ഇതാദ്യമായാണ് ഒരു എൻഡിഎ ഘടകകക്ഷി അന്വേഷണം ആവശ്യപ്പെടുന്നത്. പാ‍ർലമെന്‍റ് സ്തംഭിപ്പിച്ച് കൊണ്ട് പെഗാസസിൽ അന്വേഷണം ആവശ്യപ്പെടുന്ന പ്രതിപക്ഷത്തിന് നിതീഷിന്‍റെ ആവശ്യം വലിയ ആയുധമാകുമെന്നുറപ്പ്. പെഗാസസ് വിവാദത്തിൽ പ്രതിപക്ഷം ഉയ‍‍ർത്തുന്ന ഗുരുതര ആരോപണങ്ങൾക്ക് മറുപടി പറയാൻ പോലും ഇതേവരെ കേന്ദ്രസർക്കാർ തയ്യാറായിട്ടില്ല.
 

click me!